ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് നേഴ്‌സുമാര്‍ക്ക് ഭീഷണി

Story dated:07/12/2012,01 52 pm

കൊച്ചി: സമരത്തിലുള്ള നേഴ്‌സുമാരെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതായി പരാതി. നേരത്തെ നഴ്‌സുമാരുടെ കുളിമുറിയില്‍ നിന്നും ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നാണ് ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസ് ഭീഷണിപ്പെടുത്തിയതെന്ന് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ (ഐഎന്‍എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

 നേഴ്‌സുമാരെ തടയാന്‍ ക്യാമറ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ഫ്ളക്‌സ്‌ ബോര്‍ഡുകളിലൂടെയും പ്രചരിപ്പിക്കുമെന്നാണ് സെക്രട്ടറിയുടെ ഭീഷണിയെന്നാണ് ആരോപണം. നേഴ്‌സുമാരുടെ കുളിമുറിയില്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആശുപത്രി സെക്രട്ടറിയുടെ കൈയില്‍നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.

വ്യക്തിപരമായ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ നേഴ്‌സുമാരുടെ സമരത്തെ അടിച്ചമര്‍ത്താനാണ് സെക്രട്ടറി ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും തൊഴില്‍വകുപ്പിന്റെയും ഭാഗത്തുനിന്ന് സമരം ഒത്തുതീര്‍ക്കാന്‍ നടപടി ഉണ്ടാകുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

 ഗുണ്ടകളെവിട്ട് ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലേക്ക് കല്ലെറിയിച്ചത് സെക്രട്ടറിയാണ്. സംഭവത്തതിനുപിന്നില്‍ സെക്രട്ടറിയാണെന്ന് വ്യക്തമായിട്ടും ഇയാളെ അറസ്റ്റ്‌ചെയ്തിട്ടില്ല. നഴ്‌സുമാരുടെ സമരപ്പന്തല്‍ സെക്രട്ടറിയും ഗുണ്ടകളും ചേര്‍ന്ന് തല്ലിത്തകര്‍ക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ നേഴ്‌സിന്റെ കൈ ഒടിഞ്ഞു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

 സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്, യൂണിറ്റ് വൈസ്പ്രസിഡന്റ് ലിന്‍സി, അഖിലേന്ത്യാ സെക്രട്ടറി പ്രജിത് കൃഷ്ണന്‍കുട്ടി, യൂണിറ്റ് അംഗം ആന്‍ സക്കറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.