ജയിലില്‍ നിന്നും ‘മലബാര്‍ ഫ്രീഡം ചപ്പാത്തി’ ; സനുഷ ഉദ്ഘാടനം ചെയ്യും

Story dated:10/27/2012,10 33 am

കണ്ണൂര്‍: തടവുകാര്‍ വിളയിച്ച പച്ചക്കറി വിഭവങ്ങള്‍ക്കു പിറകെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചപ്പാത്തിയും കറിയും ഇന്ന് വിപണിയിലേക്ക്. ‘മലബാര്‍ ഫ്രീഡം ചപ്പാത്തി’ എന്നു പേരിട്ടിരിക്കുന്ന ചപ്പാത്തിയും കറിയുമാണ് ശനിയാഴ്ച വിപണിയിലെത്തുന്നത്. വിപണനോദ്ഘാടനം രാവിലെ പത്തിന് സിനിമാതാരം സനുഷ നിര്‍വഹിക്കും.

ജയില്‍ കവാടത്തോട് ചേര്‍ന്നുനിര്‍മിച്ച പ്രത്യേക കൗണ്ടറില്‍ നിന്നാണ് ചപ്പാത്തി വില്ക്കുക. രണ്ടു രൂപയാണ് ഒരു ചപ്പാത്തിയുടെ വില. കറിക്കു പത്തു രൂപയും. പത്ത് ചപ്പാത്തി ഒരു പാക്കറ്റിലുണ്ടാകും. മുട്ടക്കറി അല്ലെങ്കില്‍ വെജിറ്റബിള്‍ കറിയുമടങ്ങിയ പായ്ക്കറ്റിന് 30 രൂപയാണ് വില. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും.

തടവുകാര്‍ക്കുള്ള ചപ്പാത്തി നിര്‍മിക്കുന്നതിനൊപ്പം ചുരുങ്ങിയ ചെലവില്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൂജപ്പുര, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ക്കും കോഴിക്കോട് ജില്ലാ ജയിലിനും പിന്നാലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും ചപ്പാത്തി വിപണനത്തിലേക്ക് കടക്കുന്നത്. പൂജപ്പുരയില്‍നിന്ന് പൂജപ്പുര, വിയ്യൂരില്‍നിന്ന് ഫ്രീഡം, കോഴിക്കോട്ടുനിന്ന് സാന്ത്വനം എന്നീ പേരുകളിലാണ് ചപ്പാത്തി വില്പനയ്‌ക്കെത്തിച്ചിട്ടുള്ളത്. പൂജപ്പുരയില്‍ കോഴിക്കറിയും ലഭിക്കും. ചീമേനി തുറന്ന ജയിലില്‍നിന്ന് കോഴിയെ എത്തിച്ച് കണ്ണൂരിലും വൈകാതെ കോഴിക്കറി കൂടി ലഭ്യമാക്കാന്‍ ആലോചനയുണ്ട്. പായ്ക്കറ്റുകളിലാക്കിയുള്ള ചില്ലറ വില്പനയ്ക്കുപുറമെ മുന്‍കൂട്ടി ഓര്‍ഡര്‍ നല്കിയാല്‍ എത്ര ചപ്പാത്തി വേണമെങ്കിലും നിര്‍മിച്ച് നല്കും. ഉദ്ഘാടനത്തിനുമുമ്പുതന്നെ 1500 ചപ്പാത്തിക്കുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു.

മണിക്കൂറില്‍ 2000 ചപ്പാത്തി നിര്‍മിക്കാന്‍ ശേഷിയുള്ള ചപ്പാത്തി നിര്‍മാണ യന്ത്രമാണ് ജയിലില്‍ സ്ഥാപിച്ചിട്ടുള്ളത്. കുഴയ്ക്കുന്നതുമുതല്‍ പരത്തുന്നതുവരെയുള്ള എല്ലാ ജോലികളും യന്ത്രം ചെയ്യും. തടവുകാര്‍ക്കാവശ്യമായ 5000 ചപ്പാത്തി നിര്‍മിച്ച ശേഷമുള്ള സമയത്താണ് വിപണനത്തിനുള്ള ചപ്പാത്തി നിര്‍മിക്കുന്നത്. മുഖം മൂടിയും ഏപ്രണും അണിഞ്ഞ പാചകക്കാരും മറ്റുസംവിധാനങ്ങളുമെല്ലാമായി ശുചിയായ അന്തരീക്ഷത്തിലാണ് പാചകം. ഭക്ഷണം കേടാകാതെ സൂക്ഷിക്കുന്നതിനുള്ള രാസവസ്തുക്കളൊന്നും ചേര്‍ക്കുന്നുമില്ല. സൂപ്രണ്ട് സാം തങ്കയ്യന്‍, ജയിലര്‍മാരായ അശോകന്‍ അരിപ്പ, കെ.അനില്‍കുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി.മുകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചപ്പാത്തി നിര്‍മാണവും വിതരണവും.

വാങ്ങിക്കഴിക്കുന്നവര്‍ക്ക് മാത്രമല്ല ജയില്‍ വകുപ്പിനും തടവുകാര്‍ക്കുമുണ്ട് ജയില്‍ ബ്രാന്‍ഡ് ചപ്പാത്തിയുടെ നേട്ടം. ചപ്പാത്തി വില്പനയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.5 കോടി രൂപ ലാഭമുണ്ടാക്കി സര്‍ക്കാരിലേക്ക് അടച്ചതുവഴി ജയില്‍ വകുപ്പ് വരുമാനമുണ്ടാക്കുന്ന വകുപ്പായി മാറി. പൂജപ്പുരയില്‍നിന്ന് 40,000വും വിയ്യൂരില്‍നിന്ന് 25,000വും കോഴിക്കോട്ടുനിന്ന് 10,000വും ചപ്പാത്തിയാണ് ദിവസേന വില്പനയ്‌ക്കെത്തിക്കുന്നത്. കൂടുതല്‍ വേതനം ലഭിക്കുമെന്നതാണ് തടവുകാര്‍ക്കുള്ള നേട്ടം. 21മുതല്‍ 53രൂപവരെയാണ് തടവുകാരുടെ സാധാരണ വേതനം. തുറന്ന ജയിലിലുള്ളവര്‍ക്ക് ലഭിക്കുന്ന പരമാവധി വേതനമായ 117 രൂപ ചപ്പാത്തി നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തടവുകാര്‍ക്ക് ലഭിക്കും.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.