ചെറുപ്പക്കാരികള്‍ പൊതുരംഗത്തേക്കു കടന്നു വാരാനറയ്ക്കുന്നു; ശ്രീജ നെയ്യാറ്റിന്‍കര

Story dated:04/23/2013,03 16 pm

യൂത്ത് ഐക്കണ്‍

കെ മുഹമ്മദ് റിയാസ്

ചെറുപ്പക്കാരികളായ സ്ത്രീകള്‍ പൊതു രംഗത്തേക്ക് കടന്നു വരാന്‍ അറയ്ക്കുകയാണെന്നും ഇന്നത്തെ സമൂഹത്തിന്റെ തെറ്റായ ചില സമീപനങ്ങളാണ് ഇതിനു കാരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര. കേരള ഓണ്‍ലൈന്‍ ന്യൂസ് ‘യൂത്ത് ഐക്കണ്‍’ .നു വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീ അടുക്കളയില്‍ ഒതുങ്ങിക്കഴിയേണ്ടവളാണെന്ന പുരുഷകേന്ദ്രീകൃതമായ ചിന്തകള്‍ക്ക് ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. സ്ത്രീ സുരക്ഷാ നിയമങ്ങളെ പുരുഷപീഡനത്തിന്റെ പേര് പറഞ്ഞു എതിര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സ്ത്രീപീഡനം പുരുഷപീഡനം എന്ന വാക്കുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ നമുക്ക് കഴിയണം. നിയമങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നത് ഉന്നതരാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണ്. ഇത്തരക്കാര്‍ അതിനായി ഇരകളെപ്പോലും നശിപ്പിക്കുകയാണ്. പ്രതികരിക്കുന്നവര്‍ ഒറ്റപ്പെട്ടു പോവുന്ന അവസ്ഥയാണ് നമ്മുടേതെന്നും ശ്രീജ പറഞ്ഞു.

മൂല്യാധിഷ്ടിതരാഷ്ട്രീയം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ക്ഷേമാരാഷ്ട്രമെന്ന ലക്ഷ്യത്തിനായാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപികരിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കൂടിയായ ഇവര്‍ പറയുന്നു. ജമാഅത്തെ ഇസ്ലാമിയുമായി പാര്‍ട്ടിക്ക് അവിശുദ്ധകൂട്ടുകെട്ടില്ല. അത് പൊതു സമൂഹത്തില്‍ പലര്‍ക്കും പലതും പറയാം. തീയില്ലാതെ കൃത്രിമപുകകള്‍ സൃഷ്ടിക്കുകയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യം. ഏതു പാര്‍ട്ടിയേയും പോലെ ഞങ്ങളും അധികാരം ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ അത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. ആര്‍.എസ്.എസ്സും എന്‍.ഡി.എഫുമെല്ലാം നയങ്ങള്‍ തിരുത്തി വന്നാല്‍ അവയെ സ്വാഗതം ചെയ്യും. ഒരു മുന്നണിയുടെയും ഭാഗമല്ലാതെ വളരാന്‍ കഴിയുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട് ശ്രീജ തുടരുന്നു…

കേരളത്തിലെ എല്ലാ പുഴകളുടെയും സംരക്ഷണമാണ് താന്‍ നേതൃത്വം നല്‍കുന്ന പുഴ സംരക്ഷണവേദിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മണല്‍മദ്യ മാഫിയകളെ നിലക്ക് നിര്‍ത്താനാവാത്തതിന്റെ പ്രധാന കാരണം രാഷ്ട്രീയ മാഫിയകളുടെ ഇടപെടലാണ്. നെയ്യാറ്റിന്‍കര എം.എല്‍.എ പോലും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടുള്ളയാളാണ്. ഹരിത എം.എല്‍.എമാരുടെ നദീ സംരക്ഷണ യാത്രയുടെ ഉദ്ഘാടന ചടങ്ങ് സ്‌പോണ്‍സര്‍ ചെയ്തത് പോലും മണല്‍ ലോബികളാണ്. മണല്‍രാഷ്ട്രീയ മാഫിയകളുടെ കൂട്ടുകെട്ട് തിരിച്ചറിയാത്തതിനാലാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ചടങ്ങിനെത്തിയത്. ഹരിത എം.എല്‍.എ മാരുടെ പരിസ്ഥിതി സ്‌നേഹം കപടമാണ് ശ്രീജ കുറ്റപ്പെടുത്തി.

ഒരു മന്ത്രിയുടെ കാമുകിയെ സംബന്ധിച്ചും ഭാര്യയുമായുള്ള പിണക്കങ്ങളുമെല്ലാം ചര്‍ച്ചാ വിഷയങ്ങള്‍ ആവുന്നത് നല്ല പ്രവണതയല്ല. ഇതിലൂടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചു വെക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്ത്രീസുരക്ഷ ചര്‍ച്ച ചെയ്യപ്പെടണം അവര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീജ നെയ്യാറ്റിന്‍കരയുമായുള്ള അഭിമുഖത്തിന്റെ മുഴുവന്‍ഭാഗം ഇവിടെ കാണാം……….

തിരുത്ത്:

മുമ്പ് പ്രസിദ്ധീകരിച്ച ശ്രീജ നെയ്യാറ്റിന്‍കരയുമായുള്ള അഭിമുഖത്തിന്റെ ലേഖനത്തില്‍ ചില തെറ്റുകള്‍ സംഭവിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

എഡിറ്റര്‍, കേരള ഓണ്‍ലൈന്‍ ന്യൂസ്.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.