ദൈവകണം: കൂടുതല്‍ തെളിവുകള്‍ കണ്ടുപിടിച്ചതായി ശാസ്ത്ര പ്രഖ്യാപനം

Story dated:07/04/2012,02 58 pm

ജനീവ: പ്രപഞ്ചോല്‍പ്പത്തിക്ക് നിദാനമായ ‘ദൈവകണം’ ഉണ്ടെന്നതിന് ശ്ക്തമായ തെളിവുകള്‍ ഉള്ളതായി ശാസ്തലോകം സ്ഥിതീകരിച്ചു. അരനൂറ്റാണ്ടായി തേടിക്കൊണ്ടിരിക്കുന്ന നിഗൂഢത ഇതോടെ പുതിയൊരു വഴിത്തിരിവിലെത്തുകയാണ്.

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ ‘സേണി’ല്‍ നടന്ന സെമിനാറിലാണ് പ്രപഞ്ചത്തില്‍ പദാര്‍ഥത്തിന്റെ പിണ്ഡത്തിന് നിദാനമായ ‘ദൈവകണ’മെന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന് കരുതാവുന്ന പുതിയ കണത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ കാര്യം ഗവേഷകര്‍ ലോകത്തോട് പ്രഖ്യാപിച്ചത്.

പ്രാഥമികഫലം എന്നാണ് സേണ്‍ ഇപ്പോഴത്തെ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയത് ഹിഗ്ഗ്‌സ് ബോസോണ്‍ തന്നെയാണെന്ന് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഡേറ്റയും വിശകലനവും ആവശ്യമുണ്ട്. കൂടുതല്‍ ഡേറ്റ ലഭിക്കുന്നതോടെ, 2012 അവസാനത്തോടെ കുറെക്കൂടി വ്യത്യസ്തമായ ചിത്രം ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ജനീവയ്ക്കു സമീപം സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രൊണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് തന്നെ ‘ദൈവകണം’ ഉണ്ടോ ഇല്ലയോ എന്ന് മനസിലാക്കലാണ്. ആ നിലയ്ക്ക് കണികാപരീക്ഷണത്തിന്റെ വലിയ വിജയമാണ് പുതിയ ഫലം.

ലോകത്തെ ഏറ്റവും വലിയ യന്ത്രമായ ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) നടക്കുന്ന രണ്ടു പരീക്ഷണങ്ങളുടെ പ്രാഥമിക ഫലമാണ് അവതരിപ്പിക്കപ്പെട്ടത്. 125-126 ഗിഗാ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡപരിധിയില്‍, അഞ്ച് സിഗ്മ തലത്തില്‍ പുതിയ കണത്തിന്റെ സാന്നിധ്യം കണ്ടതായി ഗവേഷകര്‍ അറിയിച്ചു. എല്‍.എച്ച്.സിയിലെ സി.എം.എസ്., അത്‌ലസ് എന്നീ രണ്ടു പരീക്ഷണങ്ങളില്‍, 2011, 2012 വര്‍ഷങ്ങളില്‍ നടന്ന കണികാകൂട്ടിയിടികള്‍ വിശകലനം ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടത്.

ഇപ്പോള്‍ കണ്ടെത്തിയ കണത്തിന്റെ സവിശേഷകള്‍ മനിസിലാക്കുകയാണ് അടുത്ത ഘട്ടം. ഹിഗ്ഗ്‌സ് ബോസോണിനുണ്ടെന്ന് സൈദ്ധാന്തികമായി പ്രവചിക്കപ്പെടുന്ന പ്രത്യേകതകള്‍ പുതിയ കണത്തിനുണ്ടോ എന്നറിയണം. സേണിന്റെ വാര്‍ത്താക്കുറിപ്പ് പറഞ്ഞു.

പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന ‘സ്റ്റാന്‍ഡേര്‍ഡ് മോഡല്‍’ എന്ന സൈദ്ധാന്തിക പാക്കേജിന്റെ അനിവാര്യ ഭാഗമാണ് ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന ‘ദൈവകണം’. സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ടെങ്കിലും അങ്ങനെയൊരു കണം പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ അരനൂറ്റാണ്ടായി ശ്രമിച്ചിട്ടും ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.