ചന്ദ്രികയിലെ ലേഖനം സംസ്‌കാര ശൂന്യമെന്ന് സുകുമാരന്‍ നായര്‍; പരിശോധിക്കുമെന്ന് ലീഗ്

Story dated:06/02/2013,02 22 pm

കോഴിക്കോട്: എന്‍എസ്എസിനെതിരെ ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന ലേഖനത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ‘പുതിയ പടനായര്‍’ എന്ന പേരില്‍ സുകുമാരന്‍ നായരെയും നായര്‍ സമുദായത്തെയും അടിമുടി പരിഹസിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുഖപ്രസംഗത്തിന് പിന്നില്‍ ആരാണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും വ്യക്തമായി അറിയാമെന്നും ലീഗിന്റെ നടപടി സംസ്‌കാരശൂന്യമായിപ്പോയെന്നും വിമര്‍ശനത്തോട് മറുപടി പറയേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍.എസ്.എസിനെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ല. നായര്‍ സമുദായം ബുദ്ധിപരമായും സംയമനത്തോടും ഇത്തരം ഗൂഢനീക്കങ്ങളെ നേരിടണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോടു യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി. ലീഗുകാരനല്ലാത്തെ ആള്‍ എഴുതിയ കോളമാണിത്. അതുകൊണ്ടുതന്നെ ഇതു ലീഗിന്റെ അഭിപ്രായമല്ല. എന്നാലും ലീഗിന്റെ മുഖപത്രത്തില്‍ വന്നതുകൊണ്ട് പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടി നയ സമീപനങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ചന്ദ്രിക നോക്കേണ്ടതായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.