Wednesday June 26th, 2019 - 4:06:am
topbanner
topbanner

ലക്ഷങ്ങൾ മുടക്കി വിദേശികളുടെ ഫ്ളക്സ് നിരത്തുന്ന മലയാളി ആരാധകർ ഈ പെൺകുട്ടിയെ മറക്കരുത്... പവർ ലിഫ്റ്റിങ് താരം മജ്‌സിയ ഭാനുവിനെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു...

Aswani
ലക്ഷങ്ങൾ മുടക്കി വിദേശികളുടെ ഫ്ളക്സ് നിരത്തുന്ന മലയാളി ആരാധകർ ഈ പെൺകുട്ടിയെ മറക്കരുത്... പവർ  ലിഫ്റ്റിങ് താരം മജ്‌സിയ ഭാനുവിനെ കുറിച്ചുള്ള  ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു...

അനേകം ദേശീയ- രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു ഒട്ടേറെ മെഡലുകൾ വാരിക്കൂട്ടി മലയാളികളുടെയും കേരളത്തിന്റെയും അഭിമാനായി മാറിയ പവർ ലിഫ്റ്റിങ് താരം മജ്‌സിയ ബാനു എന്ന പെൺകുട്ടിയെ കുറിച്ച് നജീബ് മൂടാടി എഴുതിയ ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒക്ടോബർ മാസത്തിൽ തുർക്കിയിൽ നടക്കുന്ന പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട മജ്‌സിയയ്‌ക്ക് ഇതുവരെ സ്‌പോൺസറെ ലഭിച്ചിട്ടില്ല.

മലയാളികൾ വിദേശികൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി ഫ്‌ളക്‌സ് നിരത്തുമ്പോൾ, മലയാളിയായ ഈ പെൺകുട്ടിയെ സഹായിക്കാൻ മറക്കരുതെന്നും നജീബ് പറയുന്നു. അഞ്ചു ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ടു ലക്ഷത്തോളം രൂപ കെട്ടിവച്ചാലേ മജ്‌സിയ ബാനുവിനു മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ...

നജീബ് മൂടാടി എഴുതിയ കുറിപ്പിലേക്ക്...

കായികതാരങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഫ്‌ളക്‌സ് നിരത്താൻ കോടികൾ മുടക്കുന്ന, സ്ത്രീ ശാക്തീകരണത്തിലും പെണ്ണിന്റെ ഉയർച്ചയിലും നേട്ടങ്ങളിലും ആവേശം കൊള്ളുന്ന അതിനായി ഉച്ചത്തിലുച്ചത്തിൽ വാദിക്കുന്ന സകലരുടെയും ശ്രദ്ധയിലേക്കാണ്. ഉണ്ണിയാർച്ചയുടെ നാട്ടിൽ നിന്നൊരു പെൺകുട്ടി ഈയിടെ മെയ്ക്കരുത്ത് കൊണ്ട് വാർത്തകളിൽ താരമായി മാറിയിരുന്നു. മജ്‌സിയ ബാനു Majiziya Bhanu എന്ന ഇരുപത്തിനാലുകാരി. പവർ ലിഫ്റ്റിങ്ങിൽ ഒട്ടേറെ ദേശീയ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു മെഡലുകൾ നേടുകയും, ഈ ഒക്ടോബർ മാസത്തിൽ തുർക്കിയിൽ വെച്ചു നടക്കുന്ന പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത് മലയാളിയുടെ അഭിമാനമായി മാറിയവൾ.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ മജ്‌സിയക്ക് ഇതുവരെ സ്പോൺസറെ ലഭിച്ചിട്ടില്ല എന്ന സത്യം ഇന്നലെ അവർ ഖേദപൂർവ്വം വാർത്താ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത് എത്രപേർ ശ്രദ്ധിച്ചു എന്നറിയില്ല. ഈ മാസം പത്താം തിയ്യതിക്കുള്ളിൽ രണ്ടു ലക്ഷം രൂപ കെട്ടിവെച്ചില്ലെങ്കിൽ മജ്‌സിയക്ക് ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടും. മത്സരിച്ചു മെഡൽ നേടിയാൽ രാജ്യത്തിന്റെ അഭിമാനം എന്ന് കൊണ്ടാടാനും സ്വീകരണം കൊടുക്കാനും പണക്കിഴിയും പുരസ്കാരങ്ങളും നൽകാനും സെൽഫി എടുക്കാനും എന്തുകൊണ്ട് നമുക്ക് മികച്ച കായികതാരങ്ങൾ ഉണ്ടാവുന്നില്ല എന്ന് സിമ്പോസിയം നടത്താനും ഒക്കെ നമ്മൾ മുന്നിലുണ്ടാവും. പക്ഷെ ഇങ്ങനെ എത്രയോ കായികതാരങ്ങൾ തങ്ങളുടെ അവസരം വിനിയോഗിക്കാൻ കഴിയാതെ കണ്ണീരോടെ മാറി നിൽക്കേണ്ടി വരുന്നുണ്ട് എന്ന യാഥാർഥ്യം നാം അറിയാതെ പോവുകയാണ്.

വരുന്ന അഞ്ചു ദിവസത്തിനുള്ളിൽ ഇവർക്കൊരു സ്പോൺസറെ കണ്ടെത്താൻ, അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റിന്റെയോ കായിക വകുപ്പിന്റെയോ ശ്രദ്ധയിൽ പെടുത്തി ഈ അവസരം നഷ്ടപ്പെടാതെ നോക്കാൻ ഉത്സാഹിക്കേണ്ടത് ഓരോ കായികപ്രേമിയുടെയും ബാധ്യതയാണ് എന്നത് കൊണ്ടുതന്നെ ഈ വിഷയം കൂടുതൽ പേരുടെ ശ്രദ്ധയിൽ കൊണ്ടുവരാനെങ്കിലും നാം ശ്രമിക്കുക. ഒരു മലയാളിപ്പെൺകുട്ടി ഇങ്ങനെയൊരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നു എന്നത് തന്നെ നമുക്ക് അഭിമാനമല്ലേ. ഒരു കായികതാരത്തിന്റെ എത്രയോ വർഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും ആണ് രണ്ടു ലക്ഷം രൂപ കെട്ടിവെക്കാൻ ഇല്ലാത്തത് കൊണ്ട് ഒന്നുമല്ലാതാവാൻ പോകുന്നത്.

ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള പെൺകുട്ടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സാക്ഷര സുന്ദര മലയാള നാട്ടിൽ സ്പോൺസറെ കിട്ടാനില്ലാത്തതിനാൽ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ ഒരു പെൺകുട്ടി പിന്മാറേണ്ടി വരിക എന്നത് എന്നത് കായിക കേരളത്തിന് ഒട്ടും അഭിമാനകരമല്ല തന്നെ. ഇനി വെറും അഞ്ചു ദിവസങ്ങൾ മാത്രമേ ഇവർക്ക് മുന്നിൽ ഉള്ളൂ എന്നത് കൊണ്ട് തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുന്നവരുടെ ശ്രദ്ധയിൽ ഈ വാർത്ത എത്തിക്കാൻ എല്ലാവരും ഉത്സാഹിക്കുക. ഏതൊക്കെയോ നാടുകളിലെ കായികതാരങ്ങളെ നെഞ്ചേറ്റാൻ ആവേശം കാണിക്കുന്ന നമുക്കെങ്ങനെയാണ് നാടിന് അഭിമാനമായി മാറേണ്ട നാട്ടുകാരിയായ ഒരു കായികതാരത്തെ കണ്ടില്ല എന്ന് നടിക്കാനാവുക.

English summary
Facebook post about powerlifting star Majzia Bhanu is viral
topbanner

More News from this section

Subscribe by Email