Thursday April 26th, 2018 - 2:48:pm
topbanner

എനിക്ക് ജീവിക്കണം:13 കാരിയുടെ അച്ഛനോടുള്ള അപേക്ഷ മരണശേഷം വൈറലാകുന്നു

NewsDesk
എനിക്ക് ജീവിക്കണം:13 കാരിയുടെ അച്ഛനോടുള്ള അപേക്ഷ മരണശേഷം വൈറലാകുന്നു

13 കാരിയുടെ അച്ഛനോടുള്ള അപേക്ഷ മരണശേഷം വൈറലാകുന്നു. അമ്മയോടുള്ള ദേഷ്യത്തിന് എനിക്ക് ചികിത്സ നിഷേധിക്കല്ലേ അച്ഛായെന്ന് ആ 13 കാരി പെണ്‍കുട്ടി തന്റെ അച്ഛനോട് കരഞ്ഞു പറഞ്ഞതാണ്. പക്ഷേ, അവളുടെ മരണശേഷമാണ് അത് പുറത്തറിയുന്നത് എന്നുമാത്രം. സോഷ്യല്‍ മീഡിയയില്‍ വേദനയായി പടരുകയാണ് ആ പെണ്‍കുട്ടിയുടെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥന.

മജ്ജയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് ആന്ധ്രസ്വദേശിയായ സായ്ശ്രീ എന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പക്ഷേ, അവളുടെ മരണശേഷമാണ് സംസ്ഥാനമനുഷ്യാവകാശ കമ്മീഷനടക്കമുള്ളവര്‍ അവളുടെ കഥയറിയുന്നത് എന്നുമാത്രം.

മകളുടെ ചികിത്സയ്ക്കാവശ്യമായ പണം മുടക്കാന്‍ ആവശ്യമായ സാമ്പത്തികഭദ്രതയുണ്ടായിട്ടും സായ്ശ്രീയുടെ പിതാവ് ശിവകുമാര്‍ അതിന് തയ്യാറായില്ലെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബലാല ഹക്കുല സംഗം എന്ന എന്‍ജിഒ ആണ് സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ആ വീഡിയോയില്‍, ''ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് ഡാഡി പറയുന്നത്. നമുക്ക് ഈ വീടെങ്കിലുമുണ്ടല്ലോ.. ദയവുചെയ്ത് ഇത് വില്‍ക്കൂ... എന്നെ ചികിത്സിക്കൂ ഡാഡി.. അല്ലെങ്കില്‍... ഡോക്ടര്‍മാര്‍ പറയുന്നു ഞാന്‍ അധികകാലം ജീവിക്കില്ലെന്ന്... എന്തെങ്കിലും ചെയ്യൂ ഡാഡി.. എന്നെ രക്ഷിക്കൂ..

മാസങ്ങളായി ഞാന്‍ സ്കൂളില്‍ പോകാറില്ല.. എനിക്ക് എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കണം. എന്റെ ചികിത്സ പൂര്‍ത്തിയായാല്‍ എനിക്ക് വീണ്ടും സ്കൂളില്‍ പോകാം... എന്റെ കൈകളും കാലടികളും എല്ലാം വേദനിക്കുന്നുണ്ട്.. എനിക്ക് മരുന്നുവേണം.. അമ്മയുടെ കയ്യില്‍ പണമില്ലാത്തതുകൊണ്ടാണ്.. അമ്മ ഡാഡിയുടെ പണം എടുക്കുമെന്ന് ഡാഡിക്ക് തോന്നുന്നുണ്ടെങ്കില്‍ ഡാഡി തന്നെ എന്നെ ഹോസ്‍പിറ്റലില്‍ കൊണ്ടുപോകൂ... എനിക്ക് ചികിത്സ നല്‍കൂ... കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞൊപ്പിക്കുന്നു..

മകള്‍ക്ക് ബോണ്‍ മാരോ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അമ്മ സുമശ്രീ താമസിക്കുന്ന വീടുവിറ്റ് മകള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ ടിഡിപി എംഎല്‍എ ബോണ്ട ഉമാമഹേശ്വക റാവുവിന്റെ സഹായത്തോടെ അച്ഛന്‍ ശിവകുമാര്‍ അതിന് തടയിടുകയായിരുന്നു. എംഎല്‍എയുടെ ആളുകള്‍ വീട് കയറി അക്രമിക്കുകയും വില്‍പ്പന തടയുകയും ചെയ്തെന്ന് സുമശ്രീ ആരോപിച്ചു.

2016 ആഗസ്റ്റ് 27 നാണ് മകള്‍ക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്ന് അമ്മ പറയുന്നു.. പനി മാറാതെയായപ്പോള്‍ ചില രക്തപരിശോധനകള്‍ നടത്തി... അങ്ങനെയാണ് അസുഖം തിരിച്ചറിഞ്ഞത്. അസുഖമെന്താണെന്ന് മനസ്സിലായ ഉടനെ ഞങ്ങള്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി... അവളുടെ അവസ്ഥ ഗുരുതരമാണെന്നും മജ്ജ മാറ്റിവെക്കലല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് വഴികളില്ലെന്നും അപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.. കീമോതെറാപ്പിക്ക് 10 ലക്ഷവും മജ്ജ മാറ്റിവെക്കാന്‍ 30 ലക്ഷവുമാണ് ചെലവ് പറഞ്ഞത്. അത്രയും പണമുണ്ടാക്കാന്‍ എനിക്ക് തനിച്ച് സാധിച്ചില്ല..

അതുകൊണ്ടാണ് ഞാന്‍ അവളുടെ അച്ഛനെ വിളിച്ചത്. അവളെ അയാളുടെ അടുത്തേക്ക് ബംഗളുരുവിലേക്ക് അയയ്ക്കാനാണ് അപ്പോള്‍ അയാള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ സഹായിക്കാമെന്നും അവളെ തുടര്‍ന്ന് പഠിപ്പിക്കാമെന്നും അയാള്‍ പറഞ്ഞു. അതുപ്രകാരം ഫെബ്രുവരി മാസം മകളെ അച്ഛനെ ഏല്‍പിച്ചെന്നും അമ്മ പറയുന്നു. പക്ഷേ, അവള്‍ വിശ്വസിച്ചപോലെ മകള്‍ക്കാവശ്യമായ ചികിത്സയെന്നും അച്ഛന്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് ആ അമ്മ കൂട്ടിച്ചേര്‍ക്കുന്നു.

 

Read more topics: last selfie, video,
English summary
last selfie video vijayawada girl sai sri

More News from this section

Subscribe by Email