Friday April 19th, 2019 - 10:20:am
topbanner
topbanner

വയനാട്ടിലെ മൂന്ന് പെണ്ണുങ്ങള്‍..! അല്ല 's sisters' വയനാട്ടിലേക്ക് യാത്ര പോകുന്നവര്‍ തീര്‍ച്ചയായും ജോയ് മാത്യുവിന്റെ ഈ അനുഭവക്കുറിപ്പ് വായിച്ചിരിക്കണം

Anju NC
വയനാട്ടിലെ മൂന്ന് പെണ്ണുങ്ങള്‍..! അല്ല 's sisters' വയനാട്ടിലേക്ക് യാത്ര പോകുന്നവര്‍ തീര്‍ച്ചയായും ജോയ് മാത്യുവിന്റെ ഈ അനുഭവക്കുറിപ്പ് വായിച്ചിരിക്കണം

എത്രയൊക്കെ ഫാസ്റ്റ്ഫുഡ് പരിഷ്‌കാരികളാണെന്ന് പറഞ്ഞാലും നല്ല നാടന്‍ ഭക്ഷണം കണ്ടാല്‍ രുചിച്ചു നോക്കാത്ത ഒരു മലയാളിയും കേരളത്തിലില്ല. 'തനി നാടന്‍', 'വനിത ഹോട്ടല്‍' എന്നിങ്ങനെ വിവിധ തരത്തിലുള്ള നാടന്‍ ഭക്ഷണശാലകള്‍ ഇന്നുണ്ട്. ഇവയുടെല്ലാം ഉരുത്തിരിഞ്ഞ് വന്നത് മലയാളികള്‍ക്ക് നാടന്‍ ഭക്ഷണത്തോടുള്ള താല്പ്പര്യം ഒന്നു കൊണ്ടു മാത്രമാണ്. ഇത്തരത്തില്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വയനാട്ടില്‍ എത്തിയ ജോയ് മാത്യുവിന് നാടന്‍ ഭക്ഷണം കഴിക്കാന്‍ ഒരു പൂതിയുണ്ടായി. നല്ല നാടന്‍ ഊണ് കഴിക്കണം. ഇതിനായി കുറേ സ്ഥലങ്ങളില്‍ ജോയ് മാത്യു തപ്പിനടന്നു. ആ തിരച്ചിലിനിടയിലാണ് 'വയനാട്ടിലെ മൂന്ന് പെണ്ണുങ്ങളുടെ' അടുത്ത് ജോയ് മാത്യു എത്തിയത്. അവരുടെ ജീവിതരീതിയെക്കുറിച്ചും ഭക്ഷണവിഭവങ്ങളുടെ പ്രത്യേകതയെക്കുറിച്ചും ആരാധകരുമായി പങ്കുവെക്കുകയാണ് ജോയ് മാത്യു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

വയനാട്ടിലെ മൂന്ന് പെണ്ണുങ്ങള്‍
---------------------------

വയനാട് എനിക്കെന്നും പ്രിയപ്പെട്ട ഇടമാണ്. ചരിത്രത്തെ ചുവന്ന പൂക്കളാല്‍ അടയാളപ്പെടുത്തിയ സ്ഥലം-'അങ്കിള്‍' എന്ന എന്റെ പുതിയ സിനിമയുടെ ചിത്രീകരണം വയനാട്ടിലെ തിരുനെല്ലിയില്‍ നടക്കുന്നു. പതിവുപോലെ ഞാന്‍ കൂട്ടം തെറ്റി മേയുന്ന കുട്ടിയായി നാടന്‍ ഊണ് കിട്ടുന്ന കട അന്വേഷിച്ചിറങ്ങി. അപ്പോഴാണ് മൂന്ന് പെണ്ണുങ്ങള്‍ നടത്തുന്ന വനിത മെസ്സ് കണ്ടത്. ഞാന്‍ ചെല്ലുമ്പോള്‍ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞുകിടന്നിരുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള കട. ചൂടുള്ള ചോറും കറികളും ഒരുക്കി വെച്ചിരിക്കുന്നു. വിളമ്പിത്തരുവാന്‍ തയ്യാറായി മെറൂണ്‍ കളറിലുള്ള ഓവര്‍കോട്ട് ധരിച്ച് മുന്ന് പെണ്ണുങ്ങള്‍(സ്ത്രീകള്‍ എന്നതിനേക്കാള്‍ പെണ്ണുങ്ങള്‍ എന്ന മലബാര്‍ രീതിയില്‍ പറയാനാണെനിക്കിഷ്ടം).

ഞാന്‍ ചെല്ലുമ്പോള്‍ കസ്റ്റമേഴ്‌സ് ആരും ഇല്ല. എന്നാപ്പിന്നെ ഉണ്ടുകളയാം. വാഴയിലയില്‍ രുചികരമായ ചോറും കറികളും നിരന്നു. കൂടെ ബീഫ് വരട്ടിയതും. സംഗതി സൂപ്പര്‍. വിലയോ തുച്ഛം. സുഗുണ, സുനിത, സിന്ധു എന്നീ മൂന്ന് പെണ്ണുങ്ങളാണ് ഈ ഭക്ഷണശാല നടത്തുന്നത്. വെക്കാനും വിളമ്പാനും പണം വാങ്ങിക്കാനും ഇവര്‍ മൂന്നു പേര്‍ മാത്രം. എല്ലാവരും വിവാഹിതരും കുടുംബസ്ഥരുമാണ്. ഭര്‍ത്താക്കന്മാരൊക്കെ ജോലിക്കു പോകുമ്പോള്‍ വെറുതെ വീട്ടിലിരിക്കുന്നതെങ്ങിനെ. ഞങ്ങള്‍ക്കും സ്വന്തമായി ഒരു വരുമാനം ഉണ്ടായാല്‍ നല്ലതല്ലേ എന്ന ചിന്തയില്‍ നിന്നാണ് 'സ്' യില്‍ പേരു തുടങ്ങുന്ന ഈ മൂന്ന് സ്ത്രീകളും ഈ വനിത മെസ്സ് തുടങ്ങിയത്. ഇവിടെ ഇന്നയാള്‍ക്ക് ഇന്ന ജോലി എന്നില്ല. എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നു.

മുടക്കു മുതലും മൂന്നാള്‍ തുല്യമായെടുത്തു. അതിനാല്‍ ആദായവും തുല്യമായി എടുക്കുന്നു.(എടുക്കാന്‍ മാത്രം വലിയ ആദായം കിട്ടുന്നുണ്ടോ എന്നത് വേറെ കാര്യം). തിരുനെല്ലിയില്‍ നിന്നും തോല്‍പ്പെട്ടിക്ക് പോകുന്ന വഴിക്ക് wild life resort നടുത്തുള്ള വനിത മെസ്സ് എന്ന ബോര്‍ഡ് കണ്ടുപിടിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. കണ്ടെത്തിയാലോ നല്ല രുചികരമായ നാടന്‍ ഭക്ഷണം കഴിക്കാം. വനിത മെസ്സ് എന്നതിനു പകരം 's sisters' എന്ന പേരായിരിക്കും ഈ കടയ്ക്ക് യോജിച്ചത് എന്നെനിക്ക് തോന്നുന്നു. ഈ വഴി പോകുന്നവര്‍ക്കെല്ലാം വയറും മനസ്സും നിറയ്ക്കാന്‍ ഈ പെണ്‍ കൂട്ടായ്മക്ക് കഴിയട്ടെ.

Read more topics: joy mathew, facebook post, wayanad,
English summary
joy mathew's facebook post
topbanner

More News from this section

Subscribe by Email