Thursday January 17th, 2019 - 9:02:pm
topbanner

കറുത്തവളെന്ന് അപഹസിക്കുന്നവരോട്; ആദിവാസിയെന്ന് ആക്ഷേപിക്കുന്നവരോട്...പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Jikku Joseph
കറുത്തവളെന്ന് അപഹസിക്കുന്നവരോട്; ആദിവാസിയെന്ന് ആക്ഷേപിക്കുന്നവരോട്...പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ആളുകളെ പലപ്പോഴും വിലയിരുത്തുന്നതില്‍ ജാതിയും നിറവുമെല്ലാം മാനദണ്ഡമാണ് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. കറുത്ത നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നവരും അവസരം നഷ്ടപ്പെട്ട് പോകുന്നവരും ഇന്ന് സമൂഹത്തില്‍ ഒട്ടും കുറവല്ലെന്നു വേണം പറയാന്‍. അത്തരമുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന ആലീസ് റോഷ്ബി സെബാസ്റ്റ്യന്‍ എന്ന പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

ആലീസ് റോഷ്ബി സെബാസ്റ്റ്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ കുറച്ചു കാലമായിട്ടു PSC പഠിക്കാന്‍ പോവുന്നുണ്ട്. കഴിഞ്ഞ ദിവസം ക്ലാസ്സില്‍ front benchല്‍ തന്നെയിരുന്ന എന്നെ ചൂണ്ടി സര്‍ പറഞ്ഞു : 'ആദിവാസി സംസ്ഥാനം - ജാര്‍ഖണ്ഡ്'. എല്ലാവരും ചിരിച്ചു, എനിക്ക് ചിരിക്കാനായില്ല. എനിക്ക് നല്ല ദേഷ്യം വന്നു. എന്നെ ആദിവാസി എന്നു വിളിച്ചതില്‍ അല്ല, നിറത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍. അതേ ബെഞ്ചിലെ വെളുത്ത കുട്ടിയുടെ നേരെ സര്‍ എന്ത് കൊണ്ട് വിരല്‍ ചൂണ്ടിയില്ല. അതിനുത്തരം ഒന്നേയുള്ളൂ, അറിഞ്ഞോ അറിയാതെയോ ഊട്ടിയുറക്കപ്പെട്ട വരേണ്യത ബോധം.

അതേ ദിവസം ഉണ്ടായ മറ്റൊരു അനുഭവമാണ് അടുത്തത്. ക്ലാസ് വിട്ടു വന്നപ്പോള്‍ അടുത്തുള്ള കടയില്‍ കയറി. യാദൃശ്ചികമായി അവിടെ കണ്ട കറുത്ത ചരടിലേക്ക് കണ്ണു പതിഞ്ഞു. ഒറ്റക്കാലില്‍ കെട്ടുന്ന പാദസരം ആയിരുന്നത്, വിലയാണെങ്കില്‍ പത്ത് രൂപയെ ഉള്ളൂ. ഉടനെ വാങ്ങി കൈയോടൊരെണ്ണം. വീട്ടില്‍ അത് കെട്ടി നടന്നപ്പോള്‍ വന്നു അമ്മയുടെ കമെന്റ്: 'നീ എന്തിനാ കറുത്ത ചരട് വാങ്ങിയെ. നിന്റെ കാലില്‍ കാണണമെങ്കില്‍ വെളുത്ത ചരട് കെട്ടണം.

ഇപ്പോള്‍ തനി ആദിവാസിയെ പോലുണ്ട്. സ്വന്തം അമ്മയാണ് പറയുന്നത്. അമ്മയും എന്നെ പോലെ കറുത്തിട്ടാണ്. ഇഷ്ടമുള്ള നിറത്തിലുള്ളത് ധരിച്ചപ്പോള്‍ അമ്മയും ഇതേ പരിഹാസം കേട്ടിരിക്കാം. വന്ന ദേഷ്യം കടിച്ചമര്‍ത്തി അമ്മയോട് ചോദിച്ചു, 'ആദിവാസികളോടാണോ അമ്മയ്ക്ക് വിരോധം, അതോ കറുപ്പിനോടൊ? എനിക്ക് ഇത് രണ്ടും ഇല്ല, അത് കൊണ്ട് ഞാന്‍ ഇത് കെട്ടും'.

ഇഷ്ടമുള്ളത് ധരിക്കാനാവാതിരിക്കുക, ഒരര്‍ത്ഥത്തില്‍ അതും സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമല്ലേ? പണ്ടൊന്നും മഞ്ഞ, വെള്ള നിറങ്ങളിലുള്ള വസ്ത്രം ഞാന്‍ ധരിക്കില്ലായിരുന്നു. എന്റെ കറുപ്പ് എടുത്തു കാണിക്കുമോ എന്നു പേടിച്ചു. അതേ പറ്റി ഞാന്‍ തന്നെ മുമ്പെഴുതിയ വരികള്‍ കടമെടുത്താല്‍

ഞാന്‍ കളറുള്ളൊരു ഉടുപ്പിട്ടപ്പോള്‍ നീ പറഞ്ഞു:
ഇത് എന്തൊരു കളറ്?
കള്ളി പെലച്ചിയെ പോലുണ്ടെന്ന്.

അതേ കളറുടുപ്പ്
ഇച്ചിരി കളറുള്ളൊരുതത്തിയിട്ടപ്പോള്‍
നീ പറഞ്ഞു: ' ഇതാണ് കളറെന്ന്.

കളറില്ലാത്ത കള്ളമില്ലാത്ത
ഒരു കാര്യം ഞാന്‍ പറയാം,
എന്റെ കളറാണ് കളറ്.
അവളുടെ കളറു-
കറുപ്പു മങ്ങിയതാണ്.

അതേ കറുപ്പാണ് കളറ്, ബാക്കി നിറമെല്ലാം കറുപ്പു മങ്ങിയതാണ്. ഇന്ന് ഞാന്‍ എനിക്ക് ഇഷ്ടമുള്ളതെല്ലാം ധരിക്കുന്നു. ഏത് നിറത്തിലുള്ളതും. ഒരു നിറത്തെയും പേടിക്കാതെ, ആരു പറയുന്നതും കേട്ടു കൂസാതെ.

കറുപ്പു നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ട് സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവലിനു ഞങ്ങളുടെ നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം. നല്ല അഭിനയമായിരുന്നു എന്റേതെന്നു ജഡ്ജസ് അടക്കം പറഞ്ഞു. എന്നിരിക്കിലും സ്‌കൂള്‍ നാടക ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തഴയപ്പെട്ടു. അത് നിറത്തിന്റെ പേരില്‍ ആയിരുന്നു എന്നറിഞ്ഞപ്പോള്‍ വീട്ടില്‍ വന്നു അമ്മയോട് ചൂടായി അമ്മയ്ക്ക് എന്നെ വെളുപ്പിച്ചു പ്രസവിക്കായിരുന്നില്ലെന്നു ചോദിച്ചു.

LP schoolല്‍ നിന്നും TC വാങ്ങി അഞ്ചാം ക്ലാസ്സില്‍ പുതിയ സ്‌കൂളില്‍ ചെന്നു ചേര്‍ന്നപ്പോള്‍ ആദ്യ ദിവസം ഞാന്‍ ഇരുന്ന ബെഞ്ചിലെ പെണ്കുട്ടിക്ക് എന്നോട് മിണ്ടാന്‍ മടി. അവള്‍ എന്നോട് പറഞ്ഞു, 'കറുത്ത പിള്ളേരോട് ഞാന്‍ കൂട്ടുകൂടാറില്ല. കറുത്ത പിള്ളേര് കക്കും'. ഞാന്‍ ഒന്നും മിണ്ടാതെ പുറകിലെ ബെഞ്ചിലേക്ക് മാറി.

വീട്ടിലെ മുതിര്‍ന്നവര്‍ അവളുടെ ഉള്ളില്‍ കുത്തി വെച്ച ജാതി/വര്‍ണ ചിന്തയുടെ വിഷമായിരിക്കും അവള്‍ എന്റെ നേര്‍ക്കു തുപ്പിയത്. സലിം കുമാര്‍ ഡയലോഗ് പോലെ 'കണ്ടാല്‍ അത്ര ലുക്കിന്നെയുള്ളൂ, ഭയങ്കര ബുദ്ധിയായത്' കൊണ്ട് അന്നെന്നെ ഒഴിവാക്കി കളിയാക്കി വിട്ടവള്‍ക്ക് പലകാര്യങ്ങള്‍ക്കും പിന്നീട് എന്റെ അടുത്തു സഹായത്തിനു വരേണ്ടി വന്നു. അന്നെല്ലാം ചിരിച്ചോണ്ട് അത് ചെയ്ത് കൊടുത്തത് എന്റെ മധുരപ്രതികാരം.

ഞാന്‍ കറുപ്പായത് കൊണ്ടാണ് എന്നെ കൂടെ കൊണ്ടു നടക്കുന്നതെന്നും, അപ്പോള്‍ അവളുടെ സൗന്ദര്യം കൂടുതലായി തോന്നും എന്നു പറഞ്ഞ മറ്റൊരു കൂട്ടുകാരിയുടെ കൂടെ പിന്നെ ഞാന്‍ നടന്നിട്ടില്ല. അത് മറ്റൊരു പ്രതികാരം.

ഓര്‍മവെച്ചനാള് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് കറുത്തപെണ്ണേ, കറുകറുകറുത്തൊരു പെണ്ണാണ്, കറുപ്പിനഴക് വെളുപ്പിനഴക് പാട്ടുകള്‍. എന്നെ കളിയാക്കാന്‍ വേണ്ടി ചേട്ടന്മാര്‍ പാടിയിരുന്നത്. എനിക്ക് അപ്പോള്‍ ദേഷ്യം വരും. അത് കാണുമ്പോള്‍ അവര്‍ കോറസ്സായി പാടും. കറുപ്പു താന്‍ എനക്കു പുടിച്ച കളറ് എന്നു തിരികെ പാടാന്‍ തുടങ്ങിയപ്പോള്‍ അവരത് നിര്‍ത്തി - അതെ, 'കറുപ്പു താന്‍ എനക്കു പുടിച്ച കളറ്'
-ആലീസ്-

English summary
alish roshby sebastain facebook post on racism
topbanner

More News from this section

Subscribe by Email