Saturday May 26th, 2018 - 4:08:am
topbanner

മേക്കര്‍ മേളയെ അതിശയിപ്പിച്ച് മലയാളി ബാലന്‍

NewsDesk
മേക്കര്‍ മേളയെ അതിശയിപ്പിച്ച്  മലയാളി ബാലന്‍

അഹമ്മദാബാദ്: ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തിയ മഹാശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് അമേരിക്കയിലാണ്. നമ്മുടെ നാട്ടില്‍ എന്നാണ് അങ്ങനെയൊരാളുണ്ടാവുക എന്നു ചിന്തിക്കാന്‍ വരട്ടെ.

ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ എട്ടു വയസ്സുള്ള കൊച്ചിക്കാരന്‍ സാരംഗ് സുമേഷ് നാളെ എഡിസണെക്കാളും ഉയരങ്ങളിലെത്തിയാല്‍ അതിശയിക്കാനില്ല. ഈ കുഞ്ഞുതലയില്‍ സ്പന്ദിക്കുന്നതെല്ലാം അദ്ഭുതകരമായ കണ്ടുപിടിത്തങ്ങളിലാണു ചെന്നെത്തുന്നത്. അഞ്ചാംവയസ്സില്‍ വീടുതുടച്ചു വൃത്തിയാക്കുന്ന റോബോട്ട് നിര്‍മിച്ച സാരംഗിനെ കൊച്ചുശാസ്ത്രജ്ഞനെന്നു വിളിക്കണോ വലിയ ശാസ്ത്രജ്ഞനെന്നു വിളിക്കണോ എന്നതിലേ ആശയക്കുഴപ്പമുള്ളൂ.

യുവപ്രതിഭകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും നൂതന കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കാനായി ആഷ ജഡേജ മോട്വാനിയെന്ന സംരംഭക തുടക്കമിട്ട അഹമ്മദാബാദ് മേക്കര്‍ മേളയില്‍ വീടു വൃത്തിയാക്കുന്ന സാരംഗിന്റെ റോബോട്ട് തരംഗം സൃഷ്ടിക്കുകയാണ്. വീടു വൃത്തിയാക്കാന്‍ പാടുപെടുന്ന അമ്മയെ എങ്ങനെ സഹായിക്കാമെന്നു സാരംഗ് ചിന്തിച്ചപ്പോഴാണ് ഈ സൂപ്പര്‍ റോബോട്ട് പിറന്നത്.Maker Fest: Child prodigy Saarang Sumesh

കണ്ടുപിടിത്തങ്ങളുടെ വലിയ ലോകത്തേക്ക് കൊച്ചുകാല്‍വയ്പ്പു നടത്തുമ്പോള്‍ സാരംഗിന് കഷ്ടിച്ച് അഞ്ചുവയസ്സു മാത്രമേയുണ്ടായിരുന്നു. സ്‌കൂളില്‍ പോയിത്തുടങ്ങിയ കാലത്തെ റോബോട്ട് കണ്ടുപിടിത്തം സാരംഗിനെ വലിയ ഉയരങ്ങളിലാണെത്തിച്ചത്. രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് ലഭിച്ചു. സിലിക്കണ്‍ വാലി സന്ദര്‍ശനം നടത്തി.

അദ്ഭുതബാലനെന്നേ സാരംഗിനെ വിശേഷിപ്പിക്കാനാകൂ. സാങ്കേതികവിദ്യാ വിദ്യാഭ്യാസരംഗത്തെ വമ്പന്‍ നാമമായ മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ചൈനയിലെ ഷെന്‍സെനില്‍ ഈ വര്‍ഷം നടന്ന ഫാബ്-12 സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസംഗകനായിരുന്നു സാരംഗ്. ടെഡ്-എക്‌സ് പ്രഭാഷണ പരമ്പരകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകന്‍, ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദക മേളയായ കലിഫോണിയ മേക്കര്‍ ഫെയറിലെ ഏറ്റവും പ്രായംകുറഞ്ഞ പങ്കാളി.. എട്ടുവയസ്സിനുള്ളില്‍ വാരിക്കൂട്ടിയ നേട്ടങ്ങളാണിതൊക്കെ.

കൊച്ചി ചോയ്‌സ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ സാരംഗിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം സ്മാര്‍ട് സീറ്റ് ബെല്‍റ്റാണ്. സ്‌കൂള്‍ ബസിലെ സാധാരണ സീറ്റ് ബെല്‍റ്റിന്റെ പ്രശ്‌നങ്ങളെപ്പറ്റി അച്ഛനുമമ്മയും തമ്മില്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് നല്ലൊരു സീറ്റ് ബെല്‍റ്റ് ഉണ്ടാക്കിയാലെന്താ എന്നു സാരംഗ് ചിന്തിച്ചത്. അപകടസാധ്യത മണത്തറിയാന്‍ കഴിവുള്ള ഈ സീറ്റ് ബെല്‍റ്റ് പ്രായമേറിയവര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു. അഹമ്മദാബാദ് മേക്കര്‍ മേളയില്‍ പ്രദര്‍ശനത്തിനുള്ള ഈ അദ്ഭുത സീറ്റ് ബെല്‍റ്റ്, തീ, വെള്ളം എന്നിവയുടെ സാന്നിധ്യം സ്വയം ഗ്രഹിച്ച് പ്രവര്‍ത്തിക്കുകയും യാത്രക്കാരെ സുരക്ഷിതരാക്കുകയും ചെയ്യും. വാഹനം തലകീഴായി മറിയാന്‍ തുടങ്ങുമ്പോഴും ഇതു രക്ഷയ്‌ക്കെത്തും.

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീ കത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് തുറക്കുകയും യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുകയും ചെയ്യും. കൂട്ടിയിടിച്ചല്ലാതെ തീപിടിത്തമുണ്ടായാല്‍ ഡ്രൈവര്‍ക്ക് ഉടന്‍ വിവരം കിട്ടുകയും യാത്രക്കാര്‍ക്ക് രക്ഷപ്പെടാനാവുകയും ചെയ്യും. വാഹനങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞ് അപകടങ്ങളുണ്ടാകുമ്പോള്‍, സീറ്റ് ബെല്‍റ്റിലെ ചെറുമോട്ടോര്‍ കറങ്ങി പതിയെ മാത്രം പ്രവര്‍ത്തിക്കുന്നു. പെട്ടെന്നു സീറ്റ് ബെല്‍റ്റ് പ്രവര്‍ത്തിക്കുമ്പോള്‍ കൊച്ചുകുട്ടികള്‍ തറയില്‍വീണ് അപകടമുണ്ടാകാതിരിക്കാനാണ് ആദ്യഘട്ട സുരക്ഷ ഉറപ്പാക്കിയശേഷം ഈ സംവിധാനമൊരുക്കിയിരിക്കുന്നതെന്നു സാരംഗ് പറയുന്നു.

അപകടങ്ങളുണ്ടാകുമ്പോഴെല്ലാം രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്താനായി അപകട അലാറം മുഴക്കാനും സംവിധാനമുണ്ട്. ബസില്‍ വിവിധ ഭാഗങ്ങളിലായി വയര്‍ലെസ് സെന്‍സറുകളും ഉറപ്പിച്ചിട്ടുണ്ട്. അപകടമുണ്ടാകുമ്പോള്‍ വയറുകള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് വയര്‍ലെസ് സംവിധാനമൊരുക്കിയിരിക്കുന്നതെന്നും സാംരഗ് പറയുന്നു.

ഇത്രയേറെ സംവിധാനങ്ങളുള്ള സീറ്റ് ബെല്‍റ്റ് ഉണ്ടാക്കിയ സാരംഗ് ശാസ്ത്രലോകത്തെ അദ്ഭുതമാണെന്നും കലിഫോര്‍ണിയയിലെ മേക്കര്‍ മേളയില്‍ വന്‍ പ്രശംസകളാണ് സാരംഗിനെ തേടിയെത്തിയതെന്നും അഹമ്മദാബാദ് മേക്കര്‍ മേള ഉപജ്ഞാതാവ് ആഷ ജഡേജ മോട്വാനി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് വലിപ്പമേറിയ റോബോട്ട് ബന്ധിത വാക്വം ക്ലീനര്‍ നിര്‍മിക്കാനാണ് അടുത്ത ശ്രമമെന്നു സാരംഗ്.

റോബോട്ടിക്‌സിന്റെ അദ്ഭുതലോകത്തേക്ക് സാരംഗിനെ നയിച്ചത് എന്‍ജിനീയര്‍ കൂടിയായ അച്ഛന്‍ സുമേഷാണ്. സാധാരണ കുട്ടികള്‍ കളിപ്പാട്ട റോബോട്ടു കൊണ്ടു കളിക്കുന്ന മൂന്നാംവയസ്സില്‍ റോബോട്ട് നിര്‍മാണമായിരുന്നു സാരംഗിന്റെ വിനോദം. ഇന്റേണല്‍ കംപസ്റ്റന്‍ എന്‍ജിന്‍ മാതൃകകള്‍ ഉപയോഗിച്ചുള്ള റോബോട്ടുകളായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. കാഴ്ചയില്ലാത്തവര്‍ക്കായി ഊന്നുവടി, റോബോട്ട് കൈ, ട്രൈസിക്കിള്‍, ലിഗോ കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഹാന്‍ഡ് സ്പീഡ് ഗെയിം, വെടിയുതിര്‍ക്കുന്ന റോബോട്ട് മനുഷ്യന്‍ എന്നിവയാണ് സാരംഗിന്റെ കണ്ടുപിടിത്തലോകത്തെ മറ്റിനങ്ങള്‍.

കണ്ടുപിടിത്തങ്ങള്‍ക്കു പുറത്ത് ചെസും ഫുട്‌ബോളുമൊക്കെയാണ് സാരംഗിന്റെ് ഇഷ്ടങ്ങള്‍. മറ്റു കുട്ടികള്‍ ഭാവനയില്‍ മാത്രം കാണുന്ന കാര്യങ്ങള്‍ ചെയ്തു കാട്ടുന്ന ഈ കുട്ടി, ചെസ് കളിക്കുന്ന റോബോട്ടും സുമോ ഗുസ്തി പിടിക്കുന്ന റോബോട്ടുമുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ശാസ്ത്രജ്ഞനാകാനിഷ്ടപ്പെടുന്ന സാരംഗ് രാജ്യത്ത് റോബോട്ടിക്‌സ് വിജ്ഞാനം എല്ലാവരിലുമെത്തിക്കാന്‍ ശ്രമിക്കുമെന്നു പറയുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ റോബോട്ട് നിര്‍മാതാവിന് ഇതൊന്നും ആനക്കാര്യങ്ങളല്ലല്ലോ.

English summary
Maker Fest: Child prodigy Saarang Sumesh creates another useful robotic product

More News from this section

Subscribe by Email