Sunday September 23rd, 2018 - 2:39:am
topbanner

ത്രിരാഷ്ട്ര ടി-ട്വന്റി: നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Jikku Joseph
ത്രിരാഷ്ട്ര ടി-ട്വന്റി: നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

കൊളംബോ: നിദാഹസ് ടൂര്‍ണമെന്റിലെ ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടി ഇന്ത്യ. ലങ്ക ഉയര്‍ത്തിയ 153 എന്ന വിജയ ലക്ഷ്യം 9 പന്തുകള്‍ ശേഷിയ്ക്കെ ഇന്ത്യ മറികടന്നു. കാര്‍ത്തിക്കിന്റെയും മനീഷ് പാണ്ഡ്യയുടേയും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.  പാണ്ഡ്യ 42 റണ്‍സും കാര്‍ത്തിക് 39 റണ്‍സുമാണ് നേടിയത്.

മഴമൂലം ഏറെ നേരം തടസ്സപ്പെട്ട് 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 19 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 153 റണ്‍സ് അടിച്ചെടുത്തെങ്കിലും ഇന്ത്യ 17.3 ഓവറില്‍ സ്‌കോര്‍ മറികടന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട റിഷഭ് പന്തിന് പകരം ലോകേഷ് രാഹുലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഫൈനലിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. അതേസമയം ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തിലും ഫോമില്ലായ്മ തുടരുകയായിരുന്നു രോഹിത് ശര്‍മ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറി (55) പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യയുടെ മനീഷ് പാണ്ഡെ-ദിനേഷ് കാര്‍ത്തിക് സഖ്യം ഒരിക്കല്‍ കൂടെ വിജയം ഇന്ത്യയുടെ പക്ഷത്താക്കുകയായിരുന്നു.

മെന്‍ഡിസിന് ശേഷം വന്ന ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ധനുഷ്‌ക ഗുണതിലക (17), ഉപുള്‍ തരംഗ (22), തിസാര പെരേര (15), ധസുണ്‍ ശങ്ക (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം നേടിയത്. അഖില ധനഞ്ജയ രണ്ട് വിക്കറ്റും, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

153 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി. ധനഞ്ജയന്റെ ഓവറില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു താരം. 11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ശിഖര്‍ ധവാന്‍ (8), രാഹുല്‍ (18), സുരേഷ് റെയ്‌ന (27), മനീഷ് പാണ്ഡെ (42), ദിനേഷ് കാര്‍ത്തിക് (39) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിന്റെ കരുത്തിലാണ് ശ്രീലങ്ക പൊരുതാനുള്ള സ്‌കോര്‍ നേടിയത്. ആദ്യ പത്തോവറില്‍ ശ്രീലങ്ക വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്താനും ഇന്ത്യന്‍ ബൗളര്‍മാര്‍ മറന്നില്ല. മികച്ച രീതിയില്‍ പന്തെറിഞ്ഞ താക്കൂര്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. വാഷിംങ്ടണ്‍ സുന്ദര്‍ രണ്ടും ഉനത്കട്ട്, ചഹാല്‍, ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതെടുത്തു.

English summary
nidahas trophy 2018: india vs srilanka india sail to six-wicket win
topbanner

More News from this section

Subscribe by Email