topbanner
Monday December 18th, 2017 - 4:17:pm
topbanner
topbanner

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റ് വിജയം

Jikku Joseph
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റ് വിജയം

ബംഗളൂരൂ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റ് വിജയം. ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് എതിരാളികളുടെ 143 റണ്‍സ് മുംബൈ മറികടന്നത്. 47 പന്തില്‍ 70 റണ്‍സുമായി ഈ സീസണില്‍ ആദ്യമായി തിളങ്ങിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്ങാണ് മുംബൈക്ക് ജയം സമ്മാനിച്ചത്. 37 റണ്‍സോടെ പോള്ളാര്‍ഡിന് പിന്തുണ നല്‍കിയ കുനാല്‍ പാണ്ഡ്യ പുറത്താകാതെ നിന്നു.

ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 143 റണ്‍സ് എന്ന ചെറിയ ലക്ഷ്യം അനായാസം മറികടക്കാനൊരുങ്ങിയ മുംബൈയുടെ തുടക്കം ദയനീയമായിരുന്നു. പത്താം സീസണിലാദ്യമായി ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് കൊയ്ത് ഹാട്രിക് നേടിയ സാമുവല്‍ ബദ്രിയുടെ ഹാട്രിക്കിലൂടെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ മുംബൈയെ പോള്ളാര്‍ഡും കുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. പാര്‍ത്ഥീവ് പട്ടേല്‍, മിച്ചല്‍ മക്ലിനാഗന്‍, രോഹിത് ശര്‍മ എന്നിവരായിരുന്നു ഹാട്രിക് ഇരകള്‍.

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലായിരുന്ന മുബൈയുടെ ആദ്യ നാല് ബാറ്റ്സ്മാന്‍മാരും രണ്ടക്കം കാണാതെയാണ് പുറത്തായത്. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡും കുനാല്‍ പാണ്ഡ്യയും ടീമിനെ അവിശ്വസനീയമാം വിധം തിരിച്ച് കൊണ്ടുവരികയായിരുന്നു. 9.3 ഓവറില്‍ സഖ്യം 93 റണ്‍സ് അടിച്ചെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ്‌ചെയ്ത ബാംഗ്ലൂര്‍ നിരയില്‍ പരിക്ക് മാറി മടങ്ങിയെത്തി 47 പന്തില്‍ 62 റണ്‍സടിച്ച കോഹ്ലിയാണ് തിളങ്ങിയത്. അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയാണ് കോഹ്ലി 62 റണ്‍സ് അടിച്ചെടുത്തത്. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ബാംഗ്ലൂരിനെ തടഞ്ഞത്. ക്രിസ് ഗെയില്‍ (22), ഡിവില്ലിയേഴ്സ് (19) എന്നിവര്‍ നിരാശപ്പെടുത്തി.

English summary
mumbai indians won against royal challengers banglore