Monday March 25th, 2019 - 8:08:pm
topbanner
topbanner

രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് കുതിച്ച് അര്‍ജന്റീന ; അഭിമാന പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തി മാര്‍കോസ് റോജോയും മെസിയും

suji
രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് കുതിച്ച് അര്‍ജന്റീന ; അഭിമാന പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തി മാര്‍കോസ് റോജോയും മെസിയും

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: മെസിയുണ്ടാകും അര്‍ജന്റീനയുമുണ്ടാകും ഈ ലോകകപ്പില്‍. ആരാധകരുടെ ആവശം അണയുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട ടീം മോശം പ്രകടനത്തിലൂടെ ഒന്നാം റൗണ്ടില്‍ പുറത്താകുമെന്ന ഹൃദയഭേദകമായ ആ വാര്‍ത്തയെ നെഞ്ചില്‍ സ്വീകരിക്കാന്‍ തയ്യാറായി നിന്ന ജനതയെ ഞെട്ടിച്ച് കൊണ്ട് 86ാം മിനിറ്റില്‍ പ്രതിരോധക്കാരന്‍ മാര്‍കോസ് റോജോ നൈജീരിയയുടെ ഹൃദയത്തിലേക്ക് നിറയൊഴിച്ചു. 21ന് ആഫ്രിക്കന്‍ പടയെ പുറത്താക്കി അര്‍ജന്റീന ഗ്രൂപ്പ് ഡി'യിലെ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടില്‍ കടന്നു. ലയണല്‍ മെസ്സിയുടെ കിടിലന്‍ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീന നല്‍കിയ പെനാല്‍റ്റി വലയിലെത്തിച്ച് നൈജീരിയ സമനില പിടിച്ചപ്പോള്‍ വിധിയിങ്ങനെയായി.

മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ 21ന് ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നോട്ട് നടന്നു. റോജോയുടെ ഗോളില്ലാതെ സമനിലയില്‍ മത്സരം അവസാനിച്ചെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. രണ്ടാം റൗണ്ടിലേക്കുള്ള അവസരം നൈജീരിയ കരസ്ഥമാക്കുമായിരുന്ന ആ അവസ്ഥയില്‍ നിന്നും രക്ഷിച്ച ഗോളിന് ശേഷമുള്ള ആഘോഷം മാത്രം മതി അര്‍ജന്റീന വിജയം എത്രത്തോളം കൊതിച്ചിരുന്നെന്ന് മനസ്സിലാക്കാന്‍. ഗ്രൂപ്പ് മത്സരത്തില്‍ ഇന്നലെ വരെ ഒരു ഗോള്‍ മാത്രം അടിച്ച ടീം ഇതോടെ മൂന്ന് ഗോളുകള്‍ നേടി, ഒപ്പം ഈ ലോകകപ്പിലെ ആദ്യ വിജയവും.

ഇതുവരെ എതിരാളികള്‍ മെസ്സിയ്ക്ക് പന്തെത്താതെ കാത്താണ് വിജയം കരസ്ഥമാക്കിയതെങ്കില്‍ നൈജീരിയ ഒരൊറ്റ അവസരത്തില്‍ ഇത് അനുവദിച്ചു. ആ അവസരം സൂപ്പര്‍താരം 14ാം മിനിറ്റില്‍ ഗോളാക്കി മാറ്റുകയും ചെയ്തു. എവെര്‍ ബെനേഗ അളന്നുതൂക്കി നല്‍കിയ ഡയഗണല്‍ പാസ് തന്മയത്വത്തോടെ സ്വീകരിച്ച് നൈജീരിയയുടെ കൗമാരക്കാരനായ കീപ്പര്‍ ഫ്രാന്‍സിസ് ഉസോഹോയുടെ പ്രതിരോധത്തെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളില്‍ കാണിക്കാത്ത അച്ചടക്കം സാംപോളിയുടെ അര്‍ജന്റീന ഈ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കാണിച്ചു. തന്നെ കളിക്കാനിറക്കിയ തീരുമാനത്തോട് ബനേഗ കൂറു പുലര്‍ത്തിയപ്പോള്‍ മുന്നേറ്റ നിരയ്ക്ക് പന്തെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഒന്നാം പകുതി അര്‍ജന്റീന മികച്ച കളി പുറത്തെടുത്തപ്പോള്‍ ആരാധകര്‍ ആശ്വസിച്ചു. പക്ഷെ നൈജീരിയ മത്സരത്തിലേക്ക് തിരിച്ച് വരിക തന്നെ ചെയ്തു. അര്‍ജന്റൈന്‍ ഡിഫന്റര്‍ ജാവിയര്‍ മസ്‌കെരാനോ എതിര്‍ താരത്തെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതോടെ തുര്‍ക്കി റഫറി പെനാല്‍റ്റി കിക്കിന് വിസില്‍ മുഴക്കി.

കിട്ടിയ അവസരം നൈജീരിയ തുലച്ചില്ല. വിക്ടര്‍ മോസസ് തൊടുത്ത ഷോട്ട് അര്‍ജന്റീനയുടെ വലകുലുക്കി. പിന്നീടങ്ങോട്ട് കളത്തിലെ അര്‍ജന്റീനയുടെ നീക്കങ്ങള്‍ പോരായ്മ നിറഞ്ഞതായിരുന്നു. ലഭിച്ച അവസരങ്ങള്‍ നൈജീരിയ പാഴാക്കാതെ പോയെങ്കില്‍ ഇപ്പോള്‍ മെസ്സിയും സംഘവും തിരിച്ച് വിമാനം പിടിച്ചിരിക്കും. പക്ഷെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം റോജോ അര്‍ജന്റീനയുടെ ജീവന്‍ രക്ഷിച്ച ആ ഗോളിന് പിറവി നല്‍കി. ഇതോടെ നൈജീരിയയെ ഒതുക്കി മെസിയും പടയും 16 അംഗ ടീമുകളില്‍ ഇടംനേടി. അടുത്ത റൗണ്ടില്‍ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

 

Read more topics: messi,argentina
English summary
messi and argentina rise in the third game
topbanner

More News from this section

Subscribe by Email