Sunday February 17th, 2019 - 1:35:pm
topbanner

ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വി

JB
ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വി

വെല്ലിങ്ടണ്‍: ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ന്യൂസിലാന്റ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ പൊരുതാന്‍ പോലും നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. 80 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാന്‍ അടിച്ചു കളിച്ചെങ്കിലും പിന്നാലെ തന്നെ രോഹിത് ശര്‍മ്മയെ പുറത്താക്കി കിവീസും നയം വ്യക്തമാക്കി. ഒരു റണ്സ് മാത്രമെടുത്ത നായകനെ ടിം സൗത്തിയാണ് പുറത്താക്കിയത്.

ധവാനും വിജയ് ശങ്കറും ചേര്‍ന്ന് കളി ഇന്ത്യയുടെ വരുതിയിലാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും സാന്റ്നര്‍ ഇരുവരേയും പുറത്താക്കി ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയായിരുന്നു. ധവാന്‍ 29 റണ്‍സും വിജയ് 27 റണ്‍സുമെടുത്ത് പുറത്തായി. പിന്നാലെ വന്നവരാരും പിടിച്ചു നിന്നില്ല. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചാണ് മിക്കവരും പുറത്തായത്.

അഞ്ച് റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിനേയും ഹാര്‍ദിക് പാണ്ഡ്യയേും ഇഷ് സോധി പുറത്താക്കി. ഏഴാം വിക്കറ്റില്‍ ഒരുമിച്ച ക്രുണാലും ധോണിയും പൊരുതി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് എത്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു കിവികളുയര്‍ത്തിയ ലക്ഷ്യം. 20 റണ്‍സെടുത്ത ക്രുണാലിനെ പുറത്താക്കി സൗത്തി വീണ്ടും ഇന്ത്യക്ക് വില്ലനായി. അപ്പോഴും മറുവശത്ത് ധോണി പിടിച്ചു നിന്നു. എന്നാല്‍ 18-ാം ഓവറിന്റെ അവസാന പന്തില്‍ സൗത്തി ധോണിയെ മടക്കി അയച്ചു. 39 റണ്‍സുമായാണ് ധോണി കരയ്ക്കു കയറിയത്.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ന്യൂസിലന്‍ഡ് ഇന്ത്യയ്ക്ക് മുന്നില്‍ 220 റണ്‍സിന്റെ വിജയലക്ഷ്യമാണ് കുറിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ടിം സെയ്ഫെര്‍ട്ടിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു കിവികളുടെ കുതിപ്പ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കിവികള്‍ക്ക് ഒപ്പണര്‍മാരായ കോളിന്‍ മുന്റോയും ടിം സെയ്ഫെര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 20 പന്തില്‍ 34 റണ്‍സെടുത്ത കോളിന്‍ മുന്റോ മടങ്ങിയെങ്കിലും ടിം സെയ്ഫെര്‍ട്ട് അര്‍ധ സെഞ്ചുറി തികച്ച് മുന്നേറി. 43 പന്തില്‍ ആറ് സിക്സുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയോടെ 84 റണ്‍സാണ് സെയ്ഫെര്‍ട്ട് അടിച്ചുകൂട്ടിയത്.

പിന്നാലെ എത്തിയ നായകന്‍ കെയ്ണ്‍ വില്ല്യംസണ്‍ 34 രണ്‍സുമായി മികച്ച പിന്തുണ നല്‍കി. റോസ് ടെയ്ലര്‍ 23 റണ്‍സ് നേടി. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും കിവിസ് താരങ്ങള്‍ നിരന്തരം ബൗണ്ടറികള്‍ കണ്ടെത്തിയതോടെ സ്‌കോര്‍ അതിവേഗം ഉയരുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

 

Viral News

English summary
india losses in t 20 aganist newszland
topbanner

More News from this section

Subscribe by Email