Wednesday February 20th, 2019 - 5:14:pm
topbanner

റിയോയില്‍ ഇന്ന് തിരിതെളിയും; ഇനി ഒളിമ്പിക്‌സ് ദിനങ്ങള്‍

NewsDesk
റിയോയില്‍ ഇന്ന് തിരിതെളിയും; ഇനി ഒളിമ്പിക്‌സ് ദിനങ്ങള്‍

റിയോ ഡി ജനീറോ: പുതിയ ദൂരവും വേഗവും ഉയരവും കണ്ണുനട്ട് കായിക ലോകം ഇനി 16 നാള്‍ റിയോയില്‍. 31 ാമത് ഒളിമ്പിക്‌സിന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30ന് തിരിതെളിയും.

തെക്കേ അമേരിക്കന്‍ വന്‍കരയില്‍ ആദ്യമായിട്ടാണ് ലോക കായികമാമാങ്കത്തിന്റെ ദീപം പ്രഭ ചൊരിയുന്നത്. രണ്ടു വര്‍ഷംമുമ്പ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ നടന്ന മാരക്കാന സ്‌റ്റേഡിയത്തിലാണ് ഇത്തവണ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനവും സമാപനവും അരങ്ങേറുക.

206 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തില്‍പ്പരം കായികതാരങ്ങള്‍ റിയോ ഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങില്‍ അണിനിരക്കും. രണ്ടാഴ്ച നീളുന്ന കായികമാമാങ്കത്തില്‍ 28 മത്സരയിനങ്ങളിലാണ് പോരാട്ടം. 21ന് കൊടിയിറങ്ങുമ്പോള്‍ 306 മെഡലുകളില്‍ ലോകജേതാക്കളുടെ പേരുകള്‍ തെളിയും.

ചരിത്രത്തില്‍ ഏറ്റവും വലിയ സംഘമാണ് റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മരുന്നടിസംശയത്തില്‍ കുരുങ്ങിയ അത്‌ലറ്റുകളായ സ്പ്രിന്റര്‍ ധരംബീര്‍ സിങ്ങും ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ്ങുമൊഴികെ 118 പേര്‍ ഇന്ത്യന്‍സംഘത്തിലുണ്ട്. ഷൂട്ടിങ്, ഗുസ്തി, അമ്പെയ്ത്ത്, വനിതാ ബാഡ്മിന്റണ്‍, ബോക്‌സിങ്, പുരുഷ ഹോക്കി എന്നിവയിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

റെക്കോഡ് താരങ്ങള്‍ പങ്കെടുക്കുന്ന അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഇക്കുറി മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. 18 വനിതകളും 18 പുരുഷന്മാരുമടക്കം 36 അത്‌ലീറ്റുകളാണ് ഇന്ത്യന്‍സംഘത്തിലുള്ളത്. മലയാളത്തിന് അഭിമാനമായി ഒമ്പതുപേരുണ്ട് അത്‌ലറ്റിക് സംഘത്തില്‍. പുരുഷ ഹോക്കി ടീമിനെ നയിക്കുന്നത് കേരളത്തിന്റെ പി ആര്‍ ശ്രീജേഷ്. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക, മാരത്തണില്‍ ഒ പി ജെയ്ഷ, 4x400 മീറ്റര്‍ റിലേയില്‍ ജിസ്‌ന മാത്യു, അനില്‍ഡ തോമസ്, 400 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി, മാരത്തണില്‍ ടി ഗോപി, പുരുഷ 4x400 മീറ്റര്‍ റിലേ ടീമില്‍ കുഞ്ഞിമുഹമ്മദ്, നീന്തലില്‍ സജന്‍പ്രകാശ് എന്നിവരാണ് റിയോയില്‍ ഇറങ്ങുന്ന മലയാളിതാരങ്ങള്‍.

Viral News

Read more topics: Games, Rio de Janeiro, Olympic
English summary
Games light up Rio de Janeiro as Olympic
topbanner

More News from this section

Subscribe by Email