Sunday November 18th, 2018 - 1:35:pm
topbanner

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു

NewsDesk
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍(77) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു.

അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം.

37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന മത്സരങ്ങള്‍ മാത്രമേ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ.

1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ച് ചരിത്രമെഴുതിയ ക്യാപ്റ്റനാണ് വഡേക്കര്‍. സുനില്‍ ഗാവസ്‌കര്‍, ഫാറൂഖ് എന്‍ജീനിയര്‍, ആബിദ് അലി, ബിഷന്‍സിങ് ബേദി, പ്രസന്ന, ബി.ചന്ദ്രശേഖര്‍, എസ്.വെങ്കിട്ടരാഘവന്‍ തുടങ്ങിയ പ്രതിഭാധനരുള്‍പ്പെട്ട ടീമുമായിട്ടായിരുന്നു വഡേക്കറിന്റെ ചരിത്രനേട്ടം. 1972-73 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ വിജയം നേടിയും റെക്കോര്‍ഡിട്ടു.

ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പരിശീലകനായി സേവനമനുഷ്ഠിച്ച ഇന്ത്യക്കാരനും അജിത്ത് വഡേക്കറാണ്. 1991-1992, 1995-1996 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. 1996 ലോകകപ്പ് സെമിയില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയോടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. 1998-1999 ല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അജിത്ത് വഡേക്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Read more topics: India, captain, Ajit Wadekar
English summary
Former India Test captain Ajit Wadekar passes away
topbanner

More News from this section

Subscribe by Email