Tuesday April 24th, 2018 - 6:09:pm
topbanner

ഇത് അവസാന അവസരം; ഇനിയൊരു ലോകകപ്പിന് യോഗമില്ലെന്ന് ലയണല്‍ മെസ്സി

NewsDesk
ഇത് അവസാന അവസരം; ഇനിയൊരു ലോകകപ്പിന് യോഗമില്ലെന്ന് ലയണല്‍ മെസ്സി

ബ്യൂണസ്‌ഐറിസ്: ലയണല്‍ മെസ്സി ഇന്ന് ലോക ഫുട്‌ബോളിലെ മുടിചൂടാമന്നനാണ്. പക്ഷെ അര്‍ജന്റീനയ്ക്ക് ഒരു ഫുട്‌ബോള്‍ ലോകകപ്പ് നേടിക്കൊടുത്തില്ലെന്ന നാണക്കേട് സൂപ്പര്‍ താരത്തെ ഇന്നും പിന്തുടരുന്നു. തനിക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള അവസരം ഉണ്ടാകില്ലെന്ന് വ്യക്തമായി അറിയാവുന്ന മെസ്സി തന്റെ സഹതാരങ്ങളെയും ഇക്കാര്യം ഓര്‍മ്മിപ്പിക്കുകയാണ്.

നാല് വര്‍ഷം മുന്‍പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റ് കപ്പ് നഷ്ടമാക്കിയതിന് തിരിച്ചടിക്കാന്‍ ഈയൊരു അവസരം മാത്രമാണ് ബാക്കിയെന്ന് മെസ്സി വ്യക്തമാക്കുന്നു. മെസിക്ക് പുറമെ സെര്‍ജിയോ അഗ്വേറോ, ഗോണ്‍സാലോ ഹിഗ്വെയിന്‍, ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഒട്ടാമെന്‍ഡി, ജാവിയര്‍ മസ്‌കെരാനോ തുടങ്ങിയ താരങ്ങളും റഷ്യന്‍ ലോകകപ്പിന് എത്തുമ്പോള്‍ 30 വയസ്സ് പിന്നിട്ടിരിക്കും.

ഈ വരുന്ന ലോകകപ്പില്‍ എങ്ങനെ കളിച്ചാലും വിജയത്തില്‍ കുറഞ്ഞതൊന്നുമില്ല. അല്ലെങ്കില്‍ തനിക്കും തന്റെ അന്താരാഷ്ട്ര സഹതാരങ്ങള്‍ക്കും ചരിത്ര പുസ്തകത്തില്‍ ഇടംകിട്ടാതെ പോകും. 'അന്തിമഫലമാണ് പ്രധാനം. ഇക്കുറി ചാമ്പ്യന്‍മാരാകാതെ പോയാല്‍ ഇനിയൊരു അവസരമില്ല', അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ, ജൂണില്‍ 31 തികയുന്ന താരം വ്യക്തമാക്കി.

1986ന് ശേഷം ഒരു ലോകകപ്പ് പോലും നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മെസ്സിയും സംഘവും റഷ്യയിലെത്തുന്നത്. ഐസ്‌ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ജൂലൈ 15ന് മോസ്‌കോയിലെ ഫൈനലില്‍ ഇടംപിടിച്ച് ട്രോഫി ഉയര്‍ത്തുന്നതാണ് ഇപ്പോള്‍ കാണുന്ന സ്വപ്‌നമെന്ന് മെസ്സി വ്യക്തമാക്കി. 2014ല്‍ ബ്രസീലില്‍ വെച്ച് നേരിട്ട തോല്‍വിയുടെ വേദന ഇപ്പോഴുമുണ്ട്.

ലോകകപ്പ് ഫൈനലിന് പുറമെ 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലും അര്‍ജന്റീന തോറ്റിരുന്നു. ഒരു രാജ്യത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയാതെ പോയതിന്റെ വേദനയില്‍ ഈ ഫൈനല്‍ തോല്‍വികള്‍ക്ക് ശേഷം താന്‍ പല തവണ കരഞ്ഞതായി മെസ്സി വ്യക്തമാക്കി. തോല്‍ക്കുന്നത് ഇഷ്ടമല്ല, പക്ഷെ എപ്പോഴും വിജയിക്കാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Read more topics: Lionel Messi, World Cup
English summary
Lionel Messi Says This World Cup Is Current Group's Last Chance At Glory

More News from this section

Subscribe by Email