കണ്ണൂര്‍: ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ഒരു മാസം മാത്രം ശേഷിക്കെ ഫുട്ബോള്‍ ആവേശത്തിന് തിരികൊളുത്തി കണ്ണൂരില്‍ അര്‍ജന്റീന ആരാധകരുടെ ഒത്തുചേരല്‍.
അര്‍ജന്റീന ഫാന്‍സ് കേരള (എ.എഫ്.കെ.) കണ്ണൂര്‍ വിങ്ങിലെ ആരാധകരാണ് സോഷ്യല്‍ മീഡിയവഴി ഒത്തുചേരലിന് വഴിയൊരുക്കിയത്. പയ്യാമ്പലത്തെ കടല്‍ത്തീരത്ത് ലോകകപ്പ് കൗതുകങ്ങള്‍ പങ്കിട്ട് അര്‍ജന്റീനയ്ക്ക് വിജയാശംസകളുമായാണ് സംഘം പിരിഞ്ഞത്.
കഴിഞ്ഞ ലോക കപ്പിലെ അര്‍ജന്റീനയുടെ പ്രകടനം, ഇത്തവണത്തെ വിജയസാധ്യത, മെസ്സിയുടെ പ്രകടനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായി. തുടര്‍ന്ന് അര്‍ജന്റീനയുടെ പതാക ആലേഖനംചെയ്ത കേക്കുമുറിച്ച് മധുരംപങ്കിടുകയും ചെയ്തു.
ഇത്തവണ അര്‍ജന്റീന ചാമ്പ്യന്മാരാവുമെന്നകാര്യ ഉറപ്പാണെന്ന് കണ്ണൂര്‍ വിങ്ങിന്റെ മുഖ്യ സംഘാടകനും തളിപ്പറമ്പ് സ്വദേശിയുമായ അര്‍ഫാസ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ കൈവിട്ട കപ്പ് ഇത്തവണ കൈപ്പിടിയിലാക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീനന്‍ ആരാധകര്‍.