topbanner
Sunday July 23rd, 2017 - 10:02:am
topbanner

ടേബിൾ ടെന്നീസ് ആലപ്പുഴ വൈ.എം.സി.എയ്ക്ക് അഴകായി അന്താരാഷ്ട്ര 'അറീന"

NewsDesk
ടേബിൾ ടെന്നീസ് ആലപ്പുഴ വൈ.എം.സി.എയ്ക്ക് അഴകായി അന്താരാഷ്ട്ര 'അറീന

ആലപ്പുഴ: അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ടേബിൾ ടെന്നിസ് അറീന ആലപ്പുഴയിൽ പ്രവർത്തന സജ്ജമാകുന്നു. ആലപ്പുഴ വൈ.എം.സി.എ ടേബിൾ ടെന്നിസ് അക്കാഡമി (എ.വൈ.ടി.ടി.എ)യുടെ നേതൃത്വത്തിലാണ് അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള അറീനയുടെ നിർമാണം പൂർത്തിയാകുന്നത്. നിലവിലുണ്ടായിരുന്ന ഇൻഡോർ കോർട്ട് വലുതാക്കിയാണ് അറീന നിർമ്മിച്ചിരിക്കുന്നത്. ആറു ടേബിളുകൾ ഇടാവുന്ന വിസ്തീർണത്തിൽ നിന്നും ദേശീയ മത്സരങ്ങൾ നടത്തത്തക്ക വിധം അളവുകളുള്ളതും 12 ടേബിളുകൾ ഇടാവുന്നതുമായ വിശാലതയിലേക്കും പ്രകാശ സംവിധാനത്തിലേക്കുമാണ് അറീന മാറുന്നത്.

ഇന്ത്യയിലെ പ്രമുഖ സ്‌പോർട്‌സ് ഗുഡ്‌സ് കയറ്റുമതിക്കാരായ 'സ്റ്റാഗ് ഇന്റർനാഷണൽ" മൂന്ന് വർഷത്തേക്ക് അക്കാഡമിയെ സ്‌പോൺസർ ചെയ്യും. സ്റ്റാഗിന്റെ ഉപകരണങ്ങളും ഫ്‌ളോറിംഗുമാണ് അറീനയിൽ ഉപയോഗിക്കുന്നത്.
1970ൽ ആലപ്പുഴയിൽ ടേബിൾ ടെന്നിസ് കോച്ചിംഗ് തുടങ്ങിയ വൈ.എം.സി.എ 2002ലാണ് ടേബിൾ ടെന്നിസ് അക്കാദമി രൂപീകരിച്ചത്. എന്നാൽ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല ടൂർണമെന്റ് 1956ൽ തന്നെ ആരംഭിച്ചിരുന്നു. ഇ.ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഓപ്പൺ പ്രൈസ് മണി ടേബിൾ ടെന്നിസ് ടൂർണമെന്റ് കഴിഞ്ഞ വർഷം വജ്രജൂബിലിയാണ് ആഘോഷിച്ചത്. ഇന്ത്യയിലെ തന്നെ തുടർച്ചയായി നടത്തുന്ന ഏറ്റവും പഴക്കം ചെന്നതും പ്രമുഖവുമായ സംസ്ഥാനതല റാങ്കിംഗ് ടൂർണമെന്റാണിത്. കൂടാതെ ഒരു പതിറ്റാണ്ടിനിടയിൽ നാലു സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്കും രണ്ട് ദേശീയ ചാമ്പ്യൻഷിപ്പുകൾക്കും വേദിയൊരുക്കിയിട്ടുമുണ്ട്.

ടേബിൾ ടെന്നിസ് രംഗത്ത് കേരളത്തിൽ ആദ്യമായി പല പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കിയത് വൈ.എം.സി.എയിലെ അക്കാഡമിയിലാണ്. 2004ൽ ടേബിൾ ടെന്നിസ് റോബോട്ട് വാങ്ങി കുട്ടികൾക്കു പരിശീലനത്തിനു നല്കി. ടെറാഫ്‌ളെക്‌സ് സിന്തറ്റിക് ഇന്റർനാഷണൽ ഫ്‌ളോർ കവറിംഗിന്റേയും വീഡിയോ അനാലിസ് സൗകര്യത്തിന്റെയും തുടക്കം ഇവിടെയാണ്.

പ്രത്യേകതകൾ
.ഏകദേശം ആറായിരം ചതുരശ്ര അടി വിസ്തീർണം.
.12 ടേബിളുകൾ ഇടാവുന്ന വിശാലത.
. കളിക്കാർക്കും കാണികൾക്കും ലോകോത്തര സൗകര്യങ്ങൾ
. അന്തർദേശീയ നിലവാരമുള്ള ഫ്‌ളോറിംഗും ലൈറ്റിംഗും
. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റിന്റെ വേദി
. മികച്ച ജിംനേഷ്യം
. സർവേലൻസ് ക്യാമറകളടക്കമുള്ള സുരക്ഷാസംവിധാനം.

Read more topics: alappuzha, ymca, areena,
English summary
alappuzha ymca table tennis areena
topbanner topbanner

More News from this section

Subscribe by Email