കൊച്ചി: ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരെ പരാതി നല്കിയ താരങ്ങള്‍ക്കെതിരെ കെസിഎ നടപടിയെടുത്തു. അഞ്ചുതാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ പ്ലെയര്‍ സഞ്ജു സാംസണ് പിഴയും വിധിച്ചിട്ടുണ്ട്. ടീമിനുള്ളില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെസിഎ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. നേരത്തെ സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 13 താരങ്ങളായിരുന്നു കത്ത് കൈമാറിയത്. ടീം ജയിക്കുമ്ബോള്‍ അതിന്റെ ക്രെഡിറ്റ് ക്യാപ്റ്റനെടുക്കുകയും ജയിക്കുമ്ബോള്‍ ടീമംഗങ്ങളെ കുറ്റപ്പെടുത്തുന്ന സ്വഭാവമാണ് സച്ചിന് ബേബിക്കുള്ളതെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇത് കേരള ടീമിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയിരുന്നു. അതേസമയം അഞ്ച് താരങ്ങള്‍ക്ക് മൂന്ന് മത്സരങ്ങളിലാണ് വിലക്ക്. മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീയാണ് സഞ്ജുവടക്കമുള്ള താരങ്ങള്‍ക്കുള്ള പിഴ. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണമെന്നും കെസിഎ നിര്‍ദേശിച്ചിട്ടുണ്ട്. സച്ചിന്റെ പെരുമാറ്റം മോശമാണെന്നായിരുന്നു ടീമംഗങ്ങളെ പരാതിയില്‍ പറഞ്ഞത്.
അദ്ദേഹം അഹങ്കാരിയാണെന്നും ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. സച്ചിന്റെ ഈ പെരുമാറ്റം കാരണം കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ചരിത്ര വിജയത്തില്‍ പങ്കാളികളായ ചിലര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ പോയെന്നും കത്തില്‍ ആരോപിച്ചിരുന്നു.അതേസമയം പരാതി ലഭിച്ചിട്ടും സച്ചിന് അനുകൂലമായ തീരുമാനമാണ് കെസിഎ എടുത്തത്. സച്ചിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു.