topbanner
Sunday March 26th, 2017 - 8:26:pm
topbanner

പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്

NewsDesk
പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍  പ്രവാസി ഭക്തന്റെ വഴിപാട്

പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്. ആസ്‌ട്രേലിയയില്‍ വ്യവസായിയായ ബാംഗ്ലൂര്‍ സ്വദേശി ഗൗതം ശര്‍മയാണ് പുതുവര്‍ഷപ്പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മനസ്സിനു കുളിരണിയിക്കും വിധം ശബരിമല ശ്രീകോവില്‍ പൂക്കളാല്‍ അലങ്കരിച്ചത്.

ഡിസംബര്‍ 31 ന് വൈകിട്ടോടെ സന്നിധാനത്തെത്തിയ ശര്‍മയും സംഘവും അയ്യപ്പ സ്വാമിക്ക് കളഭാഭിഷേകം നടത്തി പൊന്നമ്പലത്തെ പൂക്കളാല്‍ അലങ്കരിക്കുകയായിരുന്നു. ഏകദേശം അഞ്ചു ലക്ഷം രൂപ വില വരുന്ന അലങ്കാര പുഷ്പങ്ങളാണ് ഇതിനായി സന്നിധാനത്തെത്തിച്ചത്. വിവിധതരത്തിലുള്ള ഓര്‍ക്കിഡ് പുഷ്പങ്ങള്‍, വ്യത്യസ്ത നിറങ്ങളാല്‍ സമ്പന്നമായ ബാംഗ്ലൂര്‍ ജമന്തി പൂക്കളും ശതാവരിയുമെല്ലാം ഇടകലര്‍ത്തി മനോഹരമായാണ് ശ്രീകോവില്‍ അലങ്കരിച്ചത്.

ബാംഗ്ലൂരില്‍ നിന്ന് ശീതീകൃത വാഹനത്തിലെത്തിച്ച പുഷ്പങ്ങള്‍ സംഘത്തിലെ പത്തുപേര്‍ ആറു മണിക്കൂറോളമെടുത്താണ് ക്ഷേത്രത്തിനു ചുറ്റും അലങ്കരിച്ചത്. രാത്രി സമയത്ത് സന്നിധാനത്തും പരിസരത്തും ശക്തമായ കാറ്റുണ്ടായതിനാല്‍ പൂക്കള്‍ കാറ്റത്തു വീണുപോകാതെ അതീവ ശ്രദ്ധയോടെ ഉറപ്പിച്ചു വയ്‌ക്കേണ്ടിവന്നതിനാലാണ് അധികം സമയമെടുത്തത്.

അയ്യപ്പസ്വാമിയുടെ ഭക്തനായ ശര്‍മ തികച്ചും യാദൃച്ഛികമായാണ് ഇക്കുറി പുതുവര്‍ഷ ദിനത്തില്‍ ദര്‍ശനത്തിനെത്തിയത്. സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പ ഭക്തരും സന്തോഷത്തോടെ കണ്ടാസ്വദിക്കാനും അയ്യപ്പസ്വാമിയുടെ അനുഗ്രഹവര്‍ഷം ലഭിക്കാനുമാണ് ഭഗവാന്റെ സന്നിധാനം പൂക്കളാല്‍ അലങ്കരിക്കാന്‍ പ്രേരണയായതെന്ന് ശര്‍മ പറഞ്ഞു. മേഘശ്രീയാണ് ശര്‍മയുടെ ഭാര്യ.

രാത്രി പതിനൊന്നര മണിക്ക് ഹരിവരാസനം കേട്ട് പതിനെട്ടാം പടിയിറങ്ങിയ ശര്‍മയും സംഘവും പുലര്‍ച്ചെ രണ്ടു മണിക്കു തന്നെ നിര്‍മാല്യം തൊഴാനുള്ള ക്യൂവില്‍ ഇടം തേടി. അയ്യപ്പ ദര്‍ശനത്തിനുശേഷം മാളികപ്പുറത്തമ്മയെ വണങ്ങിയ സംഘം ഇന്ന് മറ്റു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ ശേഷമേ നാട്ടിലേക്കു മടങ്ങൂ.

English summary
sabarimala new year 2016 flower decorated pravasi devote
topbanner topbanner

More News from this section

Subscribe by Email