Tuesday November 13th, 2018 - 10:20:am
topbanner

റമസാന്‍ ആദ്യ പത്തിന് വിട; ഇനി പാപമോചനത്തിന്റെ നാളുകള്‍

NewsDesk
റമസാന്‍ ആദ്യ പത്തിന് വിട; ഇനി പാപമോചനത്തിന്റെ നാളുകള്‍

ആലപ്പുഴ: കാരുണ്യത്തിന്റെ ആദ്യ പത്ത് നാളുകള്‍ക്ക് വിട നല്‍കി ആത്മസംസ്‌കരണത്തിന്റെ പുണ്യ റമസാന്‍ പാപമോചനത്തിന്റെ പത്തിലേക്ക്.കാരുണ്യത്തിനായി യാചിച്ച വിശ്വാസികള്‍ ഏറെ സംതൃപ്തിയോടെയാണ് പാപമോചനത്തിന്റെ നാളുകളിലേക്ക് പാദമൂന്നുന്നത്.

ഇനിയുള്ള പത്ത് ദിനരാത്രങ്ങളില്‍ പാപികളായ ഒട്ടേറെ വിശ്വാസികള്‍ക്ക് കാരുണ്യവാനായ തമ്പുരാന്‍ പാപ മോചനം നല്‍കുമെന്നാണ് വിശ്വാസം.വിശുദ്ധിയുടെ മാസത്തില്‍ പാപങ്ങളില്‍ നിന്ന് മുക്തരായും സല്‍കര്‍മങ്ങളില്‍ വ്യാപൃതരായും പ്രപഞ്ചനാഥനോട് ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും പൊറുക്കലിനെ തേടുകയും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നവന് പാപമോചനം നല്‍കുന്നതില്‍ പ്രപഞ്ചനാഥന്‍ അങ്ങേയറ്റം വിശാലനാകുമെന്നാണ് പ്രവാചക വചനം.

അത്‌കൊണ്ട് തന്നെ, അഞ്ച് നേരത്തെ നിസ്‌കാരങ്ങള്‍ക്ക് ശേഷം പാപമോചനത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയും രാത്രികാലങ്ങളിലും മറ്റും പശ്ചാത്തപിച്ചും പൊറുക്കലിനെ ചോദിച്ചുമെല്ലാം വിശ്വാസികള്‍ പാപമോചനത്തിനായി യാചിക്കുന്നു.

റമസാനിന്റെ പകുതി പിന്നിടുന്നതോടെ തറാവീഹ് നിസ്‌കാരത്തോടനുബന്ധിച്ചുള്ള വിത്‌റില്‍ ഖുനൂത്ത് എന്ന പ്രത്യേക പ്രാര്‍ഥനക്കും തുടക്കം കുറിക്കും.

ഇത് റമസാന്‍ അവസാനിക്കുന്നത് വരെ തുടരും.റമസാനിലെ പുണ്യദിനങ്ങളിലൊന്നായ പതിനേഴാം രാവിലും പകലിലും വിശ്വാസികള്‍ ബദര്‍ അനുസ്മരണങ്ങള്‍ സംഘടിപ്പിക്കുന്നു.ശത്രുക്കള്‍ക്കെതിരെ പോരാടി വിജയം കൈവരിച്ച ബദര്‍ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ വീടുകളിലും പള്ളികളിലും ഭക്ത്യാദരപൂര്‍വം സംഘടിപ്പിക്കപ്പെടുന്നു.

പ്രവാചകന്‍ നേരിട്ടു പങ്കെടുത്തതും ശത്രുക്കള്‍ക്കെതിരായ ഏറ്റവും വലിയ യുദ്ധവുമായ ബദറില്‍ പ്രവാചകന്റെ 14 അനുയായികള്‍ രക്തസാക്ഷികളായതായാണ് ചരിത്രം.ബദറില്‍ പങ്കെടുത്തവരുടെ നാമങ്ങള്‍ ചൊല്ലുകയും അവരുടെ അപദാനങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന ബദര്‍ മൗലിദ് സദസ്സുകള്‍ എമ്പാടും നടത്തപ്പെടുന്നു.പള്ളികളില്‍ ഇതോടനുബന്ധിച്ച് ഭക്ഷണ വിതരണവും സംഘടിപ്പിക്കപ്പെടുന്നു.

Read more topics: ramadan, days,
English summary
ramadan first 10 days
topbanner

More News from this section

Subscribe by Email