Sunday June 24th, 2018 - 6:37:am
topbanner
Breaking News

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പതാക ഉയര്‍ന്നു : ട്രസ്റ്റിമാരുടെ തെരഞ്ഞെടുപ്പ് നാളെ

NewsDesk
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പതാക ഉയര്‍ന്നു : ട്രസ്റ്റിമാരുടെ തെരഞ്ഞെടുപ്പ് നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പാര്‍ലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പതാക ഉയര്‍ന്നു. നാളെ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ സഭയുടെ സ്ഥാനികളെ തെരഞ്ഞെടുക്കുന്നതിനുള്ള അസോസിയേഷന്‍ നടക്കും. അസോസിയേഷന്‍ യോഗത്തില്‍ വൈദിക ട്രസ്റ്റിയെയും അല്മായ ട്രസ്റ്റിയെയും തെരഞ്ഞെടുക്കും.

ഇന്ത്യക്കകത്തും വിദേശത്തുമുളള വിവിധ 30 ഭദ്രാസനങ്ങളില്‍പ്പെട്ട പളളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.രാവിലെ 9 മണിക്ക് പ്രതിനിധികളുടെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതും 12 മണിക്ക് അവസാനിക്കുന്നതുമാണ്. നിലവിലുളള മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേകമായും മറ്റുളളവര്‍ക്ക് മെത്രാസന അടിസ്ഥാനത്തിലും പ്രത്യേക രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 11 മണി മുതല്‍ 12 വരെയാണ് ഉച്ച ഭക്ഷണം നല്‍കുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം പ്രതിനിധികള്‍ 12.30 ന് മുമ്പായി സമ്മേളന നഗറില്‍ പ്രവേശിച്ച് നിശ്ചിത സ്ഥാനങ്ങളില്‍ ഉപവിഷ്ടരാകണം.

12.30 ന് മാര്‍ ഏലിയാ കത്തീഡ്രലിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ഘോഷയാത്രയായി യോഗസ്ഥലത്ത് പ്രവേശിക്കും. തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രസിഡന്റുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഔദ്യോഗിക അംശവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് യോഗ വേദിയിലേക്ക് എത്തും.

ഒരു മണിക്ക് യോഗം ആരംഭിക്കും. കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി കെ.റ്റി. ചാക്കോ പ്രവര്‍ത്തിക്കും. പ്രതിനിധികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പന്തലിനുളളില്‍ തന്നെ 43 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രഹസ്യബാലറ്റിംഗിലൂടെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും.malankara orthodox suriyani christian association

അസോസിയേഷന് മുന്നോടിയായി നിലവിലെ ഭാരവാഹികളുടെ യോഗം ചേര്‍ന്നു ഇന്നു വൈകുന്നേരം. ദേവലോകം അരമനയില്‍നിന്ന് അസോസിയോഷന്‍ നഗറില്‍ ഉയര്‍ത്തുന്നതിനുള്ള പതാക സിനഡ് പ്രസിഡന്റ് ഏബ്രഹാം മാര്‍ സേവേറിയോസ് വൈദീക ട്രസ്റ്റിക്ക് ഫാ.ജോണ്‍സ് ഏബ്രഹാം കേനാട്ടിന് കൈമാറി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അത് അസോസിയേഷന്‍ നഗറില്‍ എത്തിച്ചു തുടര്‍ന്ന് തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്‌ളിമീസ് ഉയര്‍ത്തി.

സഭയുടെ സ്ഥാനികളെ തെരഞ്ഞെടുക്കുന്നതിനുള്ള അസേസിയേഷനില്‍ കടുത്ത മത്സരം ഉറപ്പായിയിരിക്കുകയാണ്.ഇടതു വലതു മുന്നണികളില്‍ പെട്ടവര്‍ മത്സരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാനം കൈവരുന്നു.കാതോലിക്കാ ബാവയുടെ തല്പര്യസ്ഥാനാര്‍ത്ഥികളാണ് ഇടതു അനുഭാവികള്‍.വലത് ഭാഗത്തിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുക്കള്‍ നീക്കിയിരുന്നു.

വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ഫാ.എം.ഒ ജോണ്‍,നിലവിലെ ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം കേനാട്ട്,വെരി റവ.ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പാഎന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. ഇതില്‍ ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ടാണ് ബാവയുടെ നോമിനി.ഫാ.കോനാട്ടിന് വീണ്ടും മത്സരിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല. കാതോലിക്ക ബാവയുടെയും മറ്റും നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം വീണ്ടും മത്സരരംഗത്ത് എത്തിയത്.

ആത്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിക്കുന്നത്.നിലവിലെ അല്മായ ട്രസ്റ്റി മുത്തൂറ്റ് എം.ജോര്‍ജ് ഇക്കുറി മത്സരിക്കാനുണ്ടാവില്ല. പകരം മുത്തൂറ്റ് കുടുംബത്തിലെ തന്നെ റോയി മുത്തൂറ്റിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കോലഞ്ചേരിയിലെ സിന്തൈറ്റ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് ജോര്‍ജ് പോള്‍ ആയിരിക്കും എതിര്‍ സ്ഥാനാര്‍ത്ഥി.മുത്തൂറ്റ് എം ജോര്‍ജ് അസോസിയേഷന്‍ പ്രഖ്യാപിച്ച ഉടന്‍ സനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് എന്നാല്‍ ബാവ ഇടപെട്ട് പിന്‍തിരിപ്പിച്ച് റോയി മുത്തൂറ്റിനെ പിന്‍തുണയ്ക്കുകയായിരുന്നു.ഇതിനിടയില്‍ ജോര്‍ജ് പോളിനെതിരെ വ്യാജരേഖകള്‍ ചമച്ച് പരാജയപ്പെടുത്തുന്നതിനുള്ള നീക്കവും ഒരു ഭാഗത്തു നടന്നിരുന്നു. ഇതിനെതിരെ ജോര്‍ജ് പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ട്രസ്റ്റി സ്ഥാനങ്ങളിലേയ്ക്കു മത്സരിക്കുന്ന ഫാ.കോനാട്ട് ജോണ്‍സ് ഏബ്രഹാമും റോയി മുത്തൂറ്റും കാതോലിക്ക ബാവയുടെ പിന്തുണയുള്ള ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികളാണ്. എതിര്‍ വിഭാഗം ശക്തമായ പ്രചരണമാണ് നടത്തുന്നത്. സഭയിലെ മെത്രാപ്പോലീത്തമാരില്‍ നാലുപേരൊഴികെ ബാക്കിയെല്ലാവരും തങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു. മുത്തൂറ്റ്.എം.ജോര്‍ജ് ഒഴിവായപ്പോള്‍ അതേ കുടുംബത്തിലെ റോയി മുത്തൂറ്റ് സ്ഥാനാര്‍ത്ഥിയായതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. കുടുംബവാഴ്ച അനുവദിക്കാനാവില്ല എന്നത് അവര്‍ മൂര്‍ച്ചയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിരുന്നു.

1985 ഒക്ടോബര്‍ 23-ാം തീയതിയാണ് കോട്ടയത്ത് അവസാനമായി അസോസിയേഷന്‍ യോഗം നടന്നത്. കോട്ടയത്ത് നടക്കുന്ന 25-ാമത്തെ അസോസിയേഷന്‍ യോഗമെന്ന പ്രത്യേകതയും ഈ അസോസിയേഷനുണ്ട്.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞു ചേരുന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് അസോസിയേഷന്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക.

ട്രസ്റ്റി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം സെക്രട്ടറി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇപ്പോഴത്തെ സെക്രട്ടറി ജോര്‍ജ് ജോസഫ് മത്സരിക്കുമോ എന്ന് ഉറപ്പായിട്ടില്ല.രമേശ് ചെന്നിത്തലയുടെ അഡി.പി.എ ബാബുജി ഈശോ, അഡ്വ.ബിജു ഉമ്മന്‍,എ.കെ ജോസഫ്,എന്നിവര്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്.

Read more topics: malankara, orthodox, suriyani,
English summary
malankara orthodox suriyani christian association meet 2017

More News from this section

Subscribe by Email