Thursday September 20th, 2018 - 7:16:am
topbanner
Breaking News

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

NewsDesk
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിന്  കൊടിയേറി

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിൽ കൊടിയേറി. പുറക്കാട് അഴിക്കകത്ത് കുടുംബത്തില്‍ നിന്നാണ് വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ കൊടിക്കയര്‍ ആഘോഷമായി കൊണ്ടുവന്നത്.

ആചാരാനുഷ്ഠാന പൂജകളോടെയാണ് കൊടിക്കയര്‍ സമര്‍പ്പണ ഘോഷയാത്ര പുറപ്പെട്ടത്. ദേശീയപാതവഴിയെത്തിയ ഘോഷയാത്ര കച്ചേരിമുക്കിലെ കൃഷ്ണനടയില്‍ ദര്‍ശനം നടത്തി ക്ഷേത്രവഴിയിലൂടെ ശ്രീകൃഷ്ണ സന്നിധിയിലെത്തി. ചെമ്പകശ്ശേരി അരയന്‍ ശ്രീകുമാര്‍ മോഹനാണ് തിരുനടയില്‍ കൊടിക്കയര്‍ സമര്‍പ്പിച്ചത്. ഉത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിക്രിയകളുടെ ഭാഗമായി ശനിയാഴ്ച ക്ഷേത്രത്തില്‍ ദ്രവ്യകലശാഭിഷേകം നടത്തി.

ശ്രീബലി, പന്തീരടിപൂജ, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, അവസ്രാവപോഷണം, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് എന്നിവയായിരുന്നു ചടങ്ങുകള്‍. ഞായറാഴ്ച രാവിലെ കൊടിയേറ്റിനുള്ള ചടങ്ങുകള്‍ തുടങ്ങി. കൊടിയേറ്റിനുശേഷം ചെമ്പകശ്ശേരി തച്ചന്‍ വെട്ടിയതിനകം കേശവനാചാരി നാളികേരം ഉടച്ച് രാശി നോക്കി ഫലം പറഞ്ഞു.

ഉത്സവനാളുകളിലെ പ്രധാന ആകര്‍ഷണമായ അമ്പലപ്പുഴ വേലകളി രണ്ടാം ഉത്സവദിനമായ തിങ്കളാഴ്ച തുടങ്ങും. തിങ്കളാഴ്ച രാത്രി അമ്പലപ്പുഴ കരക്കാരുടെ വകയായി ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും ഉണ്ട്. ഏപ്രില്‍ പത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഒന്‍പതാം ഉത്സവദിനമായ ഒന്‍പതിന് ഉച്ചയ്ക്കാണ് പ്രസിദ്ധമായ അമ്പലപ്പുഴ നാടകശാലസദ്യ.

English summary
ambalappuzha sreekrishna temple ulsavam
topbanner

More News from this section

Subscribe by Email