തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രോത്സവം ഞായറാഴ്ച നടന്ന ഭക്തിനിര്‍ഭരമായ കൂടിപ്പിരിയല്‍ ചടങ്ങോടെ സമാപിച്ചു. ശ്രീകൃഷ്ണനും ജ്യേഷ്ഠന് ബലരാമനും വേര്‍പിരിയുന്ന കൂടിപ്പിരിയല്‍ ചടങ്ങ് ദര്‍ശിക്കുവാന്‍ ഭക്തജന സഹസ്രങ്ങളാണ് തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.
മോതിരംവെച്ചുതൊഴലിനുശേഷം പൂന്തുരുത്തിത്തോടും കടന്ന് ശ്രീകൃഷ്ണബലരാമന്മാര് ഓടിക്കളിച്ചപ്പോള്‍ ഗോവിന്ദംവിളികളാല് ക്ഷേത്രപരിസരം മുഖരിതമായി. ജ്യേഷ്ഠന് ബലരാമനൊപ്പം പോകാനിറങ്ങുന്ന ശ്രീകൃഷ്ണന് തലയില്‍ പാലമൃതുമായെത്തുന്ന വരവ് കണ്ടു മോഹിച്ച് തിരിച്ചു തൃഛംബരത്തേക്ക് തന്നെ മടങ്ങുന്ന ചടങ്ങാണ് കൂടിപ്പിരിയല്‍.
കൂടിപ്പിരിയല്‍
കളിയില്‍ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോള്‍ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാന്‍ ഇരുവരുടെയും ശ്രദ്ധ തിരിച്ച് കളിയവസാനിപ്പിക്കാന്‍ ക്ഷേത്രത്തിലേക്കുള്ള പാല്പായസത്ത്തിനു പാല് എത്തിക്കുന്ന പാലമൃതന്റെ ശിരസ്സില്‍ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു.
നിറഞ്ഞു തുളുമ്പുന്ന പാല്‍ക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണന് ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്ക്കാരമാണ് കൂടിപ്പിരിയാല്‍ ചടങ്ങ്. ശിരസില്‍ പാല്‍ക്കുടവുമായി കളിക്കിടയിലെക്ക് വരുന്ന പാലമൃതനെ കണ്ടു ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്ത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്. കണ്ടു നില്ക്കുന്നവരുടെ പോലും മനസ്സില്‍ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്.
തളിപ്പറമ്പ് ദേശക്കാരുടെ ഒരു വര്‍ഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.