topbanner
Tuesday May 30th, 2017 - 4:14:am
topbanner

22 ആനകളെ അണിനിരത്തിയുള്ള തിരുനക്കര മഹാദേവക്ഷേത്ര പൂരം നാളെ

NewsDesk
22 ആനകളെ അണിനിരത്തിയുള്ള തിരുനക്കര മഹാദേവക്ഷേത്ര പൂരം നാളെ

കോട്ടയം:  കാഴ്ചയുടെ വിസ്മയത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പൂരം നാളെ നടക്കും. ഏഴാം ഉത്സവദിനത്തില്‍ നടക്കുന്ന പൂരത്തില്‍ 22 ആനകളെ അണിനിരത്തും. ചെറുപൂരങ്ങള്‍ നാളെ രാവിലെ 11മുതല്‍    തിരുനക്കര ക്ഷേത്രമൈതാനത്തു എ്ത്തി തുടങ്ങും. 3.30നു പൂരം ചടങ്ങുകള്‍ ആരംഭിക്കും. പെരുവനം കുട്ടന്‍മാരാരും സംഘവും ആല്‍ത്തറമേളമൊരുക്കും. 60 മേളകലാകാരന്മാരാണു പങ്കെടുക്കുന്നത്.

തുടര്‍ന്ന് അഞ്ചുമണിക്കാണു കുടമാറ്റം. വടക്കുംനാഥന്റെ ദേവചൈതന്യം കുടികൊള്ളുന്ന തിരുനക്കര മഹാദേവ ക്ഷേത്രസന്നിധിയില്‍ പൂരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. നഗരത്തിന്റെ സമീപപ്രദേശങ്ങളിലുള്ള 11 ക്ഷേത്രങ്ങളില്‍നിന്നാണു ചെറുപൂരങ്ങള്‍ പുറപ്പെടുന്നത്. മൈതാനത്തു കിഴക്കന്‍, പടിഞ്ഞാറന്‍ ചേരുവാരങ്ങളിലായി 11 വീതം ആനകള്‍ അണിനിരക്കും.

രണ്ട് എഴുന്നള്ളിപ്പുകളും മുഖാമുഖം നില്‍ക്കുന്നതോടെ മേളം ആരംഭിക്കും. 5.30നു നിറവസന്തം ഒരുക്കി കുടമാറ്റം ആരംഭിക്കും. തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലാണു കുടമാറ്റം. എട്ടുമണിക്കു വെടിക്കെട്ട്.  നാളെ നഗരത്തിലെത്തുന്ന ആയിരക്കണക്കിനു പൂരപ്രേമികള്‍ക്കു പൂരക്കാഴ്ച സുഗമമാക്കുന്നതിനു ക്ഷേത്രമൈതാനത്തെ കടകളെല്ലാം താല്‍ക്കാലികമായി പൊളിച്ചുനീക്കും.

തലയെടുപ്പിന്റെ പൂരം കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരാണു പൂരത്തില്‍ പങ്കെടുക്കുക. തൃക്കടവൂര്‍ ശിവരാജു, തിരുവമ്പാടി ചന്ദ്രശേഖരന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, കിരണ്‍ നാരായണന്‍കുട്ടി, പുതുപ്പള്ളി സാധു, പല്ലാട്ട് ബ്രഹ്മദത്തന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, പാലാ കുട്ടിശങ്കരന്‍, തോട്ടുചാലില്‍ ബോലോനാഥ്, കീഴൂട്ട് വിശ്വനാഥന്‍, ചൈത്രം അച്ചു, തടത്താവിള രാജശേഖരന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, മൗട്ടത്ത് രാജേന്ദ്രന്‍, വേമ്പനാട്ട് അര്‍ജുനന്‍, മയ്യനാട് അരുണിമ പാര്‍ഥസാരഥി, വലിയവീട്ടില്‍ ഗണപതി, ഉണ്ണിപ്പള്ളില്‍ ഗണേശന്‍, നെല്ലിക്കാട്ട് മഹാദേവന്‍, ചിറക്കാട്ട് കണ്ണന്‍, ഉഷശ്രീ ദുര്‍ഗപ്രസാദ്, തോട്ടയ്ക്കാട്ട് വിനായകന്‍ എന്നിവരാണു പൂരത്തിന്റെ അഴക് വിടര്‍ത്തുന്ന ആനകള്‍. ഇതില്‍ തൃക്കടവൂര്‍ ശിവരാജു, തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്നീ കൊമ്പന്മാര്‍ തിടമ്പേറ്റും.

കാരാപ്പുഴ അമ്പലക്കടവു ഭഗവതിക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണക്ഷേത്രം, പുതിയതൃക്കോവില്‍ വിഷ്ണുക്ഷേത്രം, പള്ളിപ്പുറത്തുകാവ്, കൊപ്രത്ത് ദുര്‍ഗാ ദേവീക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, തളിയില്‍ക്കോട്ട മഹാദേവക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നാണ്  ചെറുപൂരങ്ങള്‍  പുറപ്പെടുന്നത്.

English summary
Thirunakkara Mahadeva temple pooram
topbanner topbanner

More News from this section

Subscribe by Email