Thursday June 27th, 2019 - 5:49:am
topbanner
topbanner

ഗുരുവായൂരില്‍ പിള്ളേര് താലിപ്പൊലി ആഘോഷിച്ചു

NewsDesk
ഗുരുവായൂരില്‍ പിള്ളേര് താലിപ്പൊലി ആഘോഷിച്ചു

തൃശൂര്‍: നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേര് താലപ്പൊലി ആഘോഷിച്ചു. സര്‍വാഭരണ വിഭൂഷിതയായ ഭഗവതിയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കുകൊള്ളാനെത്തിയത്. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത്കാവ് ഭഗവതിക്ക് നാട്ടുകാരുടെ വകയായി നടത്തുന്ന താലപ്പൊലിയാണ് പിള്ളേര്താലപ്പൊലി.

പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. ഉച്ചയ്ക്ക് പുറത്തേക്കെഴുന്നള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റി. കൊമ്പന്‍മാരായ ഇന്ദ്രസെന്‍, ദാമോദര്‍ദാസ് എന്നിവ കൂട്ടാനകളായി.

പുറത്തേക്കെഴുന്നള്ളിപ്പിന് അയിലൂര്‍ അനന്തനാരായണന്‍, അകതിയൂര്‍ ഹരീഷ് നമ്പൂതിരി, കോട്ടക്കല്‍ രവി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തില്‍ മേളം കൊഴുപ്പേകി. പുറത്തേക്കെഴുന്നള്ളത്ത് തിരിച്ച് ഗോപുരത്തിനു മുന്നിലെത്തിയതോടെ ഭഗവതിയുടെ ചിലമ്പണിഞ്ഞ് വാളുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞു തുള്ളി പറകള്‍ ചെരിഞ്ഞു.

കുങ്കുമം, മഞ്ഞള്‍, അരി, നെല്ല്, പുഷ്പം, മലര്, അവില്‍, നാണയം തുടങ്ങി ആയിരത്തിലേറെ പറകളാണ് ഭക്തര്‍ ഭഗവതിക്കായി ഒരുക്കിയിരുന്നത്. പറ സമര്‍പ്പണത്തിന് ശേഷം നാഗസ്വരത്തോടെ കുളപ്രദക്ഷിണം നടത്തി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അഷ്ടപദി, ഭക്തി പ്രഭാഷണം, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. അടുത്ത മാസം ആറിനാണ് ദേവസ്വം വക താലപ്പൊലി.

Read more topics: guruvayur temple, Pillar Thalapoli,
English summary
Pillar Thalapoli held in Guruvayoor temple
topbanner

More News from this section

Subscribe by Email