തളിപ്പറമ്പ്/കണ്ണൂർ: രണ്ടാഴ്ച്ചക്കാലം തളിപ്പറമ്പ് പ്രദേശത്തെ താളമേളങ്ങളില്‍ ആറാടിക്കുന്ന പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചക്ക് ഒന്നിന് തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന് നമ്പൂതിരി കൊടിയേറ്റും. രാത്രി 7.30 ന് കലാ സാംസ്ക്കാരിക പരിപാടികള്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
സേവാസമിതി പ്രസിഡന്റ് സി.സുരേന്ദ്രന് നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.മുരളി നിര്‍വ്വഹിക്കും. പി.എം.മുകുന്ദന് മടയന് ഏറ്റുവാങ്ങും. ടിടികെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.കെ.മഹേശ്വരന് നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, പി.എം.ജനാര്ദ്ദനന്, എ.അശോക്കുമാര്, വി.പി.ചന്ദ്രപ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും.
രാത്രി പത്ത് മുതല്‍ ഭക്തിഗാനമേള. പുലര്‍ച്ചെ ഒന്നിന് മഴൂരില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ഏഴിന് സംഗീതകച്ചേരിയും നൃത്തനൃത്യങ്ങളും. എട്ടിന് സംഗീത കച്ചേരി, ഒന്‍പതിന് രാത്രി ഒന്‍പത് മുതല്‍ ചാക്യാര്‍കൂത്തും പുല്ലാങ്കുഴല്‍ കച്ചേരിയും. 10 ന് രാത്രി പത്ത് മുതല്‍ നൃത്തനൃത്യങ്ങള്‍. പൂക്കോത്ത്നടയില്‍ രാത്രി ഏഴ് മുതല്‍ മൊട്ടമ്മല്‍ രാജന് സ്പോണ്സര് ചെയ്യുന്ന താളമേളലയം.
11 ന് നാരായണീയപാരായണം, പൂക്കോത്ത് നടയില്‍ രാത്രി 7.30 മുതല്‍ ഗോത്രപൊലിമ.12 ന് രാത്രി ഓട്ടന്തുള്ളല്, 13 ന് ഭക്തിഗാനസുധയും പൂക്കോത്ത്നടയില്‍ മിമിക്സ് മെഗാഷോയും. 14 ന് ട്രിപ്പിള്‍ തായമ്പക, 15 ന് പൂക്കോത്ത്നടയില്‍ നാടകം, 16 ന് നൃത്തനൃത്യങ്ങള്‍, പൂക്കോത്ത്നടയില്‍ 7.30 മുതല്‍ സ്മൃതിമധുരം. 17 ന് ഉല്‍സവബലി, 18 ന് നാടുവലംവെക്കല്‍, 19 ന് ആറാട്ട്, 20 ന് വൈകുന്നേരം കൂടിപ്പിരിയല്‍. എല്ലാ ദിവസവും ആധ്യാത്മികപ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.
ആറ് മുതല്‍ പത്ത് ദിവസവും പുലര്‍ച്ചെ ക്ഷേത്രത്തില്‍ നിന്ന് പൂക്കോത്ത്നടയിലേക്ക് എഴുന്നള്ളത്തും നടക്കും. കൊടിയേറ്റ ദിവസം മഹാഅന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികളായ സി.സുരേന്ദ്രന് നമ്പ്യാര്‍, വി.പി.ചന്ദ്രപ്രകാശ്, എ.അശോക്കുമാര്, എം.വല്‍സരാജ് എന്നിവര്‍ അറിയിച്ചു.