റിയാദ്:സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്കി സല്മാന് രാജാവ് ഉത്തരവിറക്കി. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്കി. അടുത്തവര്‍ഷം ജൂണില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പുതിയ നയത്തിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാകുമെന്നാണ് സൗദി കണക്ക്കൂട്ടുന്നത്.
ലോകത്തില്‍ സ്ത്രീകള്‍ക്ക് വളയം പിടിക്കാന്‍ സാധിക്കാതിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൗദി അറേബ്യ.നയം നടപ്പാക്കാന്‍ ആഭ്യന്തര,ധന,തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയങ്ങളുടെ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഡ്രൈവിംഗിന് വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യം സൗദിയാണ്.
പുരുഷന്മാര്ക്ക് മാത്രമേ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചിരുന്നുള്ളൂ. സ്ത്രീകള്‍ വാഹനം ഓടിച്ചാല്‍ പിടികൂടുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം പല കുടുംബങ്ങളും സ്ത്രീകളുടെ സഞ്ചാര ആവശ്യത്തിന് പുരുഷന്മാരെ ഡ്രൈവര്‍മാരായി നിയോഗിച്ചിരുന്നു.