റിയാദ്: സൗദിയില്‍ ടാക്സി നിരക്കുകളില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നു. ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകാതെയാണ് യാത്രക്കാരില്‍നിന്ന് ടാക്സി ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നത്. ഇതേതുടര്‍ന്ന് നിരവധി പരാതികളാണ് ഉയരുന്നത്. പെട്രോള്‍ വില വര്‍ധിച്ചതോടെയാണ് ടാക്സി നിരക്കുകളില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൗദിയില്‍ ഓടുന്ന ടാക്സികളില്‍ മീറ്റര്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കിലും ഇത് പലപ്പോഴും പ്രവര്‍ത്തിക്കാറില്ല. കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ദ്ധിച്ചതിന് പിന്നാലെയാണ് ആ കാരണം പറഞ്ഞ് ടാക്സിക്കാര്‍ കൂടുതല്‍ പണം ഈടാക്കുന്നത്. ഔദ്യോഗിക നിരക്കില്‍നിന്ന് മൂന്നില്‍ ഒന്ന് തുക അധികമാണ് പല ടാക്സിക്കാരും ഈടാക്കുന്നത്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിക്കുന്ന ടാക്സികള്‍ ഇന്ധന വില വര്‍ദ്ധനവിന് ശേഷം ഇതുവരെ നിരത്തിലിറക്കിയിട്ടില്ല. അധിക തുക ഈടാക്കുന്നതില്‍ അധികവും ടാക്സി കമ്പനികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരാണ്. ടാക്സി നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രാലയം നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.