റിയാദ്: ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍ട്ട് ധരിക്കാതിരിക്കുന്നതും കണ്ടെത്തുന്ന ക്യാമറകള്‍ സൗദിയിലെ റോഡുകളില്‍ സ്ഥാപിക്കും. ഡ്രൈവിങ്ങിനിടെ സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുള്ള തെളിവായി ഉപയോഗിക്കും.
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന ഏറ്റവും പുതിയ സാഹിര്‍ ക്യാമറകള്‍ സൗദിയിലെ റോഡുകളില്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഈ ക്യാമറകള്‍ പകര്‍ത്തും. വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അമിത വേഗത കഴിഞ്ഞാല്‍ അപകടങ്ങള്‍ക്ക് കാരണം മൊബൈല്‍ ഫോണ്‍ ആയിരിക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമാണെന്നും നിരവധി പേര്‍ക്ക് ഇത് മൂലമുള്ള അപകടങ്ങളിലൂടെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പഠന റിപ്പോര്‍ട്ട്.