topbanner
Saturday February 24th, 2018 - 11:27:am
topbanner
Breaking News

ഉപരോധം പിന്‍വലിക്കല്‍: ഖത്തറിനുള്ള സമയ പരിധി നീട്ടി

Jikku Joseph
ഉപരോധം പിന്‍വലിക്കല്‍: ഖത്തറിനുള്ള സമയ പരിധി നീട്ടി

റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ നടപ്പിലാക്കാനുള്ള സമയപരിധി നീട്ടി. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കൂടിയാണ് സമയപരിധി നീട്ടിയത്. അതേസമയം സാമാന്യ യുക്തിക്ക് നിരക്കാത്ത നിബന്ധനകള്‍ തളിക്കളയുന്നതായി  ഖത്തര്‍ അറിയിച്ചിട്ടുണ്ട്. സമയപരിധി ഇന്ന് അവസാനിക്കുമെങ്കിലും ഖത്തറിനെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്ന ആശങ്ക വേണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി രാജ്യത്തെ ജനങ്ങളെ അറിയിച്ചു.

മേഖലയിലെ തീവ്രവാദസംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ചു ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ , ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര-ജല-വ്യോമയാന മാര്‍ഗങ്ങള്‍ അടച്ചുകൊണ്ടുള്ള ഉപരോധം ഒരു മാസത്തോടടുക്കുമ്പോഴും പ്രശ്‌നപരിഹാരം നീളുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദത്തെ  തുടര്‍ന്ന് കഴിഞ്ഞ മാസം 22നു സൗദി അനുകൂല രാജ്യങ്ങള്‍ പുറത്തു വിട്ട പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക തള്ളിക്കളയുന്നതായി ഖത്തര്‍  വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുറഹിമാന്‍ അല്‍ താനി പ്രഖ്യാപിച്ചിരുന്നു.
 
അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനികരെ പിന്‍വലിക്കുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങിയ പതിമൂന്ന് നിര്‍ദേശങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങള്‍ തള്ളുന്നതായി അറിയിച്ച ഖത്തര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉപാധികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ചര്‍ച്ചക്ക് തയാറുള്ളൂവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന മറുപക്ഷം  പത്തു ദിവസത്തെ സമയ പരിധി കഴിഞ്ഞാല്‍ വാണിജ്യ ഉപരോധം ഉള്‍പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഖത്തറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഖത്തറിന് മുന്നില്‍ അനുവദിച്ച 10 ദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം വന്നത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമിറിന്റെ ഇടപടലിനെ തുടര്‍ന്നാണ് തീരുമാനമെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയിതു. സൗദി സഖ്യകക്ഷികളായ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവര്‍ ഖത്തറിന് സമയം നീട്ടിനല്‍കുന്നതിനോട് യോജിച്ചു.

ഉപരോധം പിന്‍വലിക്കാന്‍ മുന്നോടിടുവെച്ച ഉപാധികളെ സംബന്ധിച്ചുള്ള മറുപടി കുവൈത്ത് അമിര്‍ ഷെയ്ക്ക് സബ അല്‍ അഹമ്മദ് അല്‍ സബയ്ക്ക് കൈമാറുമെന്ന് ഖത്തര്‍ അറിയിച്ചതായും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നുമുള്ള കുവൈത്ത് ഗവണ്‍മെന്റിന്റെ അഭ്യര്‍ഥന അംഗീകരിച്ചാണ് ഇപ്പോഴത്തെ നടപടി.

എന്നാല്‍ ഖത്തറിനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്നും ഉപരോധ രാജ്യങ്ങള്‍ വ്യക്തമാക്കി. അതേസമയം സൗദി മുന്നോട്ടുവെച്ച ഉപാധികള്‍ യുക്തിസഹമല്ലെന്ന് വിലയിരുത്തിയ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം പ്രശ്‌നം പരിഹരിക്കുന്നതില്‍ വേണ്ടത്ര ആത്മാര്‍ഥത കാണിക്കാത്തതാണ് പ്രശ്‌നപരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്തായാലും  ഉപരോധം ഇനിയും അനിശ്ചിതമായി തുടരുകയാണെങ്കില്‍ ഖത്തറില്‍ ഉള്‍പെടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലുമുമുള്ള ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

English summary
qatar deadline extended hours saudi to accept demands
topbanner

More News from this section

Subscribe by Email