Thursday September 20th, 2018 - 10:57:pm
topbanner
Breaking News

ദുബായ്; 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; എറണാകുളം സ്വദേശി മാത്യു വര്‍ക്കി

NewsDesk
ദുബായ്; 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; എറണാകുളം സ്വദേശി മാത്യു വര്‍ക്കി

അബുദാബി: രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ(70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം ലഭിച്ചത് എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാത്യു വര്‍ക്കിക്ക്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് മാത്യു വര്‍ക്കിക്ക് ഭാഗ്യം കടാക്ഷിച്ചത്. എന്നാല്‍, മാത്യു വര്‍ക്കിയെ കണ്ടെത്താനായില്ലെന്നും ആറ് മാസത്തിനകം സമ്മാന ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

മാത്യു വര്‍ക്കിയുടെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചതുകൊണ്ടാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്. ഈ മാസം 17ന് യുഎഇയില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം സമ്മാനം കൈപ്പറ്റും.

കഴിഞ്ഞ 33 വര്‍ഷമായി യുഎഇയിലുള്ള മാത്യു വര്‍ക്കി അല്‍ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കൂടെ താമസിക്കുന്ന കര്‍ണാടക സ്വദേശി സിറിള്‍ ഡിസില്‍വ, പാക്കിസ്ഥാന്‍ സ്വദേശി ദില്‍ മുറാദ് എന്നിവരുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.

ബിഗ് ടിക്കറ്റ് ആരംഭിച്ചതു മുതല്‍ ഇവര്‍ ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് ഒരു ലോട്ടറിയില്‍ സമ്മാനം ലഭിക്കുന്നത്. ദൈവം തന്ന സമ്മാനമാണ് ഇതെന്നാണ് മാത്യു വര്‍ക്കിയുടെ ആദ്യ പ്രതികരണം. ഇത്രയും കാലം ചെലവാക്കിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. ടിക്കറ്റിന് പണം മുടക്കിയ കൂട്ടുകാര്‍ക്ക് പണം തുല്യമായി വീതിച്ചു നല്‍കുകയാണ് ആദ്യത്തെ കര്‍ത്തവ്യം.

500 ദിര്‍ഹമുള്ള ടിക്കറ്റിന് 250 ദിര്‍ഹം മാത്യു വര്‍ക്കിയും ബാക്കി 250 ദിര്‍ഹത്തില്‍ 125 ദിര്‍ഹം വീതം കൂട്ടുകാരുമാണ് മുടക്കിയിരുന്നത്. എല്ലാം തീരുമാനിക്കുന്നത് ദൈവമാണ്. ഈ വര്‍ഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. കുടുംബത്തോട് ആലോചിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. മാത്യു വര്‍ക്കി പറയുന്നു.

മാത്യു വര്‍ക്കിയുടെ ഭാര്യ ചിന്നമ്മ മാത്യു അല്‍ഐന്‍ ആശുപത്രിയില്‍ നഴ്‌സാണ്. മകന്‍ ടോണി മാത്യു പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങകയാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഭാഗ്യവാനെ ഇത്രയും നാള്‍ കണ്ടുകിട്ടാത്ത സംഭവമുണ്ടാകുന്നത്. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണം എന്നതാണ് നിയമം.

ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പരും പോസ്റ്റ് ബോക്‌സ് നമ്പരും മാത്രമേ നല്‍കാറുള്ളൂ. അല്‍ഐനിലെ പോസ്റ്റ് ബോക്‌സ് നമ്പരാണ് മാത്യു വര്‍ക്കി നല്‍കിയിരുന്നത്. എന്നാല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹം ഓഗസ്റ്റ് 24ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലേയ്ക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇതുവരെ 178 കോടിപതികളുണ്ടായിട്ടുണ്ട്. ഒട്ടേറെ ഇന്ത്യക്കാര്‍ കോടിപതികളായി. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാന്‍. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി നിഷിതാ രാധാകൃഷ്ണപിള്ളയ്ക്ക് 18 കോടിയോളം രൂപയും സമ്മാനമായി ലഭിച്ചിട്ടുണ്ട്.

Read more topics: Keralite, jackpot, UAE
English summary
Keralite hits jackpot in UAE, wins Rs 12cr
topbanner

More News from this section

Subscribe by Email