Tuesday March 19th, 2019 - 1:31:am
topbanner
topbanner

മലയാളി സംവിധായകന്‍ ജോയ്.കെ.മാത്യുവിന് ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെ ആദരം

NewsDesk
മലയാളി സംവിധായകന്‍ ജോയ്.കെ.മാത്യുവിന് ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെ ആദരം

ബ്രിസ്‌ബെയ്ന്‍: വിദേശ മലയാളി സംവിധായകന്‍ ജോയ്.കെ.മാത്യുവിന് ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെയും ആര്‍.എ.ഡി.എഫിന്റെയും ബനാന ഷെയര്‍ കൗണ്‍സിലിന്റെയും ആദരം.

സന്ദേശ ചലച്ചിത്ര നിര്‍മാണ രംഗത്ത് ശ്രദ്ധേയനായ ജോയ്.കെ.മാത്യുവിന്റെ പുതിയ ഇംഗ്ലീഷ് ചിത്രമായ ദ ഡിപ്പെന്‍ഡന്‍സിന്റെ മികവിനാണ് ആദരവ് നല്‍കിയത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സെന്‍ട്രല്‍ ക്യൂന്‍സ്ലാന്‍ഡ് ബിലോയ്ലയില്‍ ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ നെവ്.ജി. ഫെറിയറുടെ അധ്യക്ഷതയില്‍ പ്രത്യേകം സംഘടിപ്പിച്ച  ചടങ്ങിലാണ് ജോയ്.കെ.മാത്യുവിന് ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.

കൗണ്‍സിലര്‍ ഡേവിഡ് സ്‌നല്‍ ബനാന ഷെയര്‍ കൗണ്‍സില്‍ ടൈ അണിയിച്ചു. യുവതലമുറയുടെ മനസ്സില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം ഹൃദയ സ്പര്‍ശിയായ ചിത്രങ്ങളാണ് ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് മേയര്‍ നെവ്.ജി. ഫെറിയര്‍ അഭിപ്രായപ്പെട്ടു.

ആസ്‌ട്രേലിയയില്‍ ചലച്ചിത്ര - കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഒട്ടേറെ കഴിവുകളുള്ള  മലയാളികള്‍ക്ക്  ഈ  പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും ആസ്‌ട്രേലിയന്‍  ചലച്ചിത്ര- കലാ രംഗത്തേക്ക് കടന്നുവരാന്‍ അവര്‍ക്കിത് പ്രചോദനം ആകട്ടെയെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ജോയ് കെ.മാത്യു പറഞ്ഞു.

ക്യൂന്‍സ് ലാന്‍ഡിലെ ബിലോയേല സിവിക് സെന്ററില്‍ നടന്ന ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം ക്യൂന്‍സ് ലാന്‍ഡ് പാര്‍ലമെന്റംഗം കോളിന്‍ ബോയ്സാണ് ഉദ്ഘാടനം ചെയ്തത്.  ജോയ്.കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബനാന ഷെയര്‍ മേയര്‍ നെവ്.ജി. ഫെറിയര്‍ മുഖ്യ പ്രഭാഷണം നടത്തി.

ബനാന ഷെയര്‍ ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍, ക്യൂന്‍സ് ലാന്‍ഡ് ചീഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍ , കൗണ്‍സിലര്‍ ഡേവിഡ് സ്‌നല്‍ ,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടി ലാസര്‍  എന്നിവര്‍  സംസാരിച്ചു. ആഗ്‌നസ് ജോയ്, ഡാനിയേല്‍ ,ജൂലിയ ,കമീല എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികളും  പ്രഥമ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രദര്‍ശനത്തോട് അനുബന്ധിച്ച് കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഇല്‍ഡിക്കോ നേതൃത്വം കൊടുത്ത തുളിപ്യന്‍ അന്താരാഷ്ട്ര ഫോള്‍ക്ക് ഡാന്‍സും വര്‍ഗീസ് വടക്കന്‍, ജോബിഷ് ലൂക്ക്, സണ്ണി ജോര്‍ജ് എന്നിവര്‍ നേതൃത്വം കൊടുത്ത റിഥം ഓഫ് കേരളയുടെ ചെണ്ടമേളവും അലയ്ക്കി നേതൃത്വം കൊടുത്ത ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദ സീ ഉകുലേലയുടെ സംഗീതവും ചടങ്ങിന് മിഴിവേകി.

ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍, ബനാന ഷെയര്‍ കൗണ്‍സില്‍, ആര്‍.എ.ഡി.എഫ് എന്നിവയുടെ  സഹകരണത്തോടെയാണ് നടനും എഴുത്തുകാരനും സംവിധായകനുമായ  ജോയ്.കെ.മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റേയും കംഗാരു വിഷന്റേയും ബാനറില്‍  'ദി ഡിപ്പന്‍ഡന്‍സ്' നിര്‍മിച്ചത്. ഇതാദ്യമായാണ് ഇന്ത്യന്‍ സംവിധായകന് ഓസ്ട്രേലിയയില്‍  സര്‍ക്കാരിന്റെ സഹകരണത്തോടെ ചിത്രം നിര്‍മിക്കാന്‍ അവസരം ലഭിച്ചത് . ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, പാകിസ്ഥാന്‍ , വിയറ്റ്നാം, നെതര്‍ലാന്‍ഡ് , ഹംഗറി തുടങ്ങി പതിനൊന്നിലധികം രാജ്യങ്ങളില്‍  നിന്നുള്ള സിനിമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട്  ഒരു ഇന്ത്യന്‍ സംവിധായകന്‍ ചെയ്യുന്ന  ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Viral News

English summary
director joy k mathew awarded queensland govt
topbanner

More News from this section

Subscribe by Email