Thursday March 21st, 2019 - 1:21:am
topbanner
topbanner

'നമ്മുടെ പോലീസും ഇങ്ങനെയൊക്കെയായിരുന്നെങ്കില്‍...' ദുബായിൽ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ മറക്കാനാവാത്ത അനുഭവം.....

fasila
'നമ്മുടെ പോലീസും ഇങ്ങനെയൊക്കെയായിരുന്നെങ്കില്‍...' ദുബായിൽ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ മറക്കാനാവാത്ത അനുഭവം.....

അടുത്ത കാലത്തായി പല പ്രശ്‌നങ്ങളുടെ പേരില്‍ മോശം ഇമേജ് സമ്പാദിച്ചിരിക്കുന്ന പോലീസ് സേനയാണ് കേരളത്തിലേത്. എല്ലാവരുമൊന്നുമല്ലെങ്കിലും അധികാരം ദുരുപയോഗം ചെയ്യുകയും അതിന്റെ അഹങ്കാരം സാധാരണക്കാരന്റെ മുമ്പില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നവരും ഡിപ്പാര്‍ട്ട്‌മെന്റിലുണ്ട്. ജനത്തിന് മാതൃകയും ധൈര്യവും കാവലും നല്‍കേണ്ടവരാണ് പോലീസ് എന്ന കാര്യം കേരളത്തിലെ പല പോലീസുകാരും മനപൂര്‍വ്വവും അല്ലാതെയും മറക്കുന്നതും പതിവാണ്.

എന്നാല്‍ പോലീസിന്റെ ഈ മൂന്ന് കടമകള്‍ കൃത്യമായി ചെയ്യുന്ന പോലീസുകാരുമുണ്ട് എന്നതിന് തെളിവാകുന്ന ഒരനുഭവമാണ് മുനീര്‍ അലി എന്ന മലയാളിയുടേതായി പുറത്തു വരുന്നത്. ദുബായിയില്‍ ജോലി ചെയ്യുന്ന മുനീര്‍ അലിയ്ക്ക് അവിടുത്തെ പോലീസില്‍ നിന്നുണ്ടായ അനുഭവമാണ് ശ്രദ്ധേയമായിരിക്കുന്നത്.

സംഭവമിങ്ങനെ...

സമയം രാവിലെ 11.30. മലീഹ റോഡിലെ വിജനപ്രദേശത്തെ റോഡരികില്‍ തന്റെ കാര്‍ അരികില്‍ പാര്‍ക്ക് ചെയ്ത് ചെറിയൊരു മയക്കത്തിലായിരുന്നു മലപ്പുറം എടപ്പാള്‍ സ്വദേശി മുനീര്‍ അലി. പെട്ടെന്ന് എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ കാറിനരികില്‍ പോലീസ്. തൊട്ടപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഫുജൈറ ഹൈവേ പോലീസ് വാഹനം. രണ്ടു പോലീസുകാര്‍ എന്തോ ഗൗരവമായി സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു.

നെഞ്ചിടിപ്പോടെ മുനീര്‍ പെട്ടെന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ഇരുവരും പുഞ്ചിരിച്ച് സലാം പറഞ്ഞു ഷെയ്ക് ഹാന്‍ഡ് നല്‍കി. മുനീറിന്റെ പരിഭ്രമം കണ്ട് അവര്‍ കാര്യം പറഞ്ഞു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനായ മുനീര്‍ അലി ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് പ്രാവശ്യം ഫുജൈറയിലേയ്ക്ക് ജോലി ആവശ്യാര്‍ഥം ഒറ്റയ്ക്ക് തന്റെ കാറില്‍ യാത്ര ചെയ്യാറുണ്ട്.

തലേന്ന് ശരിക്ക് ഉറങ്ങാത്തതിനാല്‍ കഴിഞ്ഞ ദിവസത്തെ യാത്രയില്‍ കണ്ണുകളില്‍ ഉറക്കം തൂങ്ങിനിന്നു. ഉറക്കത്തെ അകറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അപ്പോഴേയ്ക്കും കാര്‍ മലീഹയിലെ വിജന പ്രദേശത്തെ റോഡിലായിരുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, കാര്‍ പതുക്കെ റോഡരികില്‍ നിര്‍ത്തി സീറ്റ് പിന്നോട്ടിട്ടു ഒന്നു മയങ്ങി. അതുവഴി പട്രോള്‍ ചെയ്തുവന്ന പോലീസുകാര്‍ വിജനപ്രദേശത്തെ റോഡരികില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് തങ്ങളുടെ വാഹനം നിര്‍ത്തി.

ചെന്നു നോക്കിയപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ കിടന്നൊരാള്‍ മയങ്ങുന്നു. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ സൂക്ഷിച്ചുനോക്കി ജീവനുണ്ടെന്ന് ഉറപ്പു വരുത്തി. പിന്നെ, ആള്‍ ഉണരാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. അപ്പോഴേയ്ക്കും താങ്കള്‍ ഉണര്‍ന്നു. മുനീര്‍ അലിയുടെ തോളില്‍ തട്ടിക്കൊണ്ട് പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. മതിയായില്ലെങ്കില്‍ ഇനിയും ഉറങ്ങിക്കോളൂ..  ഞങ്ങള്‍ കാവലുണ്ട് എന്നു കൂടി അവര്‍ പറഞ്ഞപ്പോള്‍ തന്റെ കണ്ണു നിറഞ്ഞുപോയെന്ന് മുനീര്‍ പറയുന്നു.

വേണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചു: പത്ത് മിനിറ്റൊക്കെ എസി ഓണ്‍ ചെയ്തു മയങ്ങുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അതില്‍ കൂടുതല്‍ സമയം ഇങ്ങനെ ഉറങ്ങരുത്. അത് അപകടമാണ്. കൂടാതെ, ഇത്തരം വിജന പ്രദേശങ്ങളില്‍ കാര്‍ നിര്‍ത്തിയിട്ട് മയങ്ങാനും പാടില്ല. ഏതെങ്കിലും കവലയിലെത്തുമ്പോള്‍ പാര്‍ക്ക് ചെയ്ത് വേണം അങ്ങനെ ചെയ്യാന്‍.

മലീഹ റോഡില്‍ പലയിടങ്ങളിലും സാമൂഹിക വിരുദ്ധര്‍ യാത്രക്കാരെ ആക്രമിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാറുള്ള സംഭവം പോലീസ് ഓര്‍മിപ്പിച്ചു. കുടിക്കാന്‍ വെള്ളവും ജ്യൂസും ചോക്ലേറ്റും നല്‍കിയാണ് അവര്‍ പോയത്. നമ്മുടെ പോലീസും ഇങ്ങനെയൊക്കെയായിരുന്നെങ്കില്‍… മുനീർ പറഞ്ഞു.

Viral News

English summary
a malayalee person says about UAE police: unforgettable experience in dubai
topbanner

More News from this section

Subscribe by Email