Monday February 18th, 2019 - 11:54:am
topbanner

നവകേരള മാര്‍ച്ചിന് ഉപ്പളയില്‍ തുടക്കമായി

NewsDesk
നവകേരള മാര്‍ച്ചിന് ഉപ്പളയില്‍ തുടക്കമായി

കാസര്‍ഗോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഉപ്പളയില്‍ തുടക്കമായി. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് കാരാട്ട് ആരോപിച്ചു.

ഭരണമാറ്റം കേരളത്തില്‍ നിന്ന് തുടങ്ങി രാജ്യമൊട്ടാകെ പടരണമെന്ന് മാര്‍ച്ചില്‍ സംസാരിച്ച വി.എസ് പറഞ്ഞു. ദേശീയതലത്തില്‍ തന്നെ മാറ്റം വരുന്നുണ്ട്. അതിന്റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പെന്നും വി.എസ് പറഞ്ഞു. ജാഥയിലെ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസ് ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം.

അതുകൊണ്ടു തന്നെ എല്ലാം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും കോടിയേരി പറഞ്ഞു. തോല്‍വി ഉറപ്പായ ഘട്ടത്തില്‍ യു.ഡി.എഫ് ഇറക്കുന്ന പുഴിക്കടകനാണ് ലാവ്‌ലിന്‍ കേസെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നുള്ളത് വ്യാമോഹം മാത്രമാണെന്നും മാര്‍ച്ചില്‍ സംസാരിച്ച കോടിയേരി പറഞ്ഞു.

വികസന വിരോധിയല്ലെന്ന് പറഞ്ഞു കൊണ്ടാണ് ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍ മറുപടി പ്രസംഗം ആരംഭിച്ചത്. ഒരു വികസനത്തേയും പദ്ധതിയേയും ഇതുവരേയും എതിര്‍ത്തിട്ടില്ലെന്നും ഇനി എതിര്‍ക്കില്ലെന്നും പിണറായി വിജയന്‍ അറിയിച്ചു. മതനിരപേക്ഷ അഴിമതി വിരുദ്ധ ആശയങ്ങളുയര്‍ത്തി നവകേരള മാര്‍ച്ച് കേരളത്തില്‍ മുന്നോട്ട് നീങ്ങുമെന്നും പിണറായി പറഞ്ഞു.

 

Viral News

Read more topics: navakeralamarch,uppalam
English summary
navakeralamarch uppalam
topbanner

More News from this section

Subscribe by Email