topbanner
Friday November 24th, 2017 - 4:34:pm
topbanner
Breaking News

കുഞ്ഞാലിക്കുട്ടിയും യോഗി ആദിത്യനാഥും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍

suvitha
കുഞ്ഞാലിക്കുട്ടിയും യോഗി ആദിത്യനാഥും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍

മലപ്പുറം പാര്‍ലെമെന്റ് മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചു. അദ്ദേഹം നിലവില്‍ കേരള നിയമസഭയിയില്‍ വേങ്ങരയെ പ്രതിനിധീകരിക്കുന്ന അംഗമാണ്.

പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം ഒഴിയും. ഇതോടെ വേങ്ങരയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ ലോക്സഭാംഗത്വം അദ്ദേഹത്തിന് ഉപേക്ഷിക്കണം. ആറു മാസത്തിനുള്ളില്‍ നിയമസഭയില്‍ അംഗമായാല്‍ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാനാകൂ. അതിനായി നിയമസഭയിലേയ്ക്ക് വിജയിച്ച ഏതെങ്കിലും ഒരു അംഗത്തെ രാജി വയ്പ്പിക്കണം.

ഇതോടെ ഇവിടെയും ഗോരഖ്പൂരിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടാവും. പി.കെ.കുഞ്ഞാലിക്കുട്ടിയേയും യോഗി ആദിത്യനാഥാനെയും അഞ്ചു വര്‍ഷത്തെ കാലാവധി പറഞ്ഞ് യഥാക്രമം വേങ്ങരയിലെയും ഗോരഖ്പൂരിലെയും ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളായി വിജയിപ്പിച്ചതാണ്.

എന്നാല്‍ ഇരുവരും തങ്ങളുടെ പാര്‍ട്ടിയുടെ ഹിതം മാത്രം നോക്കി കാലാവധി പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ സ്വയം ഒഴിയുകയാണ് ചെയ്യുന്നത്. ഇരുവരും പാര്‍ട്ടി താത്പര്യങ്ങള്‍ക്കായി ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുകയാണ്.

ഇവര്‍ ഒഴിഞ്ഞ സ്ഥാനത്തേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കായി പൊതു ഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യേണ്ടി വരുന്നു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൗരന്മാരുടെ ക്ഷേമത്തിനുമായി ചെലവൊഴിക്കേണ്ട രൂപയാണ് കേവലം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യപ്പെടുന്നത്.

ഇതോടൊപ്പം ആയിരക്കണക്കിനു സര്‍ക്കാരുദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി മാറ്റിവയ്ക്കപ്പെടുന്നു. അനാവശ്യ തെരഞ്ഞെടുപ്പിനായി പൊതുജനം സമയം നഷ്ടപ്പെടുത്തേണ്ടതായും വരുന്നു.

കാലാവധി പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്വയം തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ ഒഴിഞ്ഞാല്‍ ഒഴിവ് വരുന്ന സ്ഥാനത്തേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ സ്ഥാനമൊഴിയുന്നയാളോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയോ വഹിക്കത്തക്കവിധം നിയമനിര്‍മ്മാണം നടത്തണം.

അതുമല്ലെങ്കില്‍ ഒളിമ്പ്ക്സ് മാതൃകയില്‍ സ്ഥാനമൊഴിഞ്ഞ ആളിന്റെ താഴെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ആളെ വിജയി ആയി പ്രഖ്യാപിക്കണം. സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേയ്ക്ക് സ്ഥാനമൊഴിഞ്ഞവര്‍ പിന്നീട് മത്സരിക്കുന്നതില്‍ നിന്നും ആജീവനാനന്ത വിലക്ക് ഏര്‍പ്പെടുത്തണം.

വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ അഡ്വ. പി. പി. ബഷീറിനെയും ഗോരഖ്പൂരില്‍ യോഗി ആദിത്യ നാഥിന്റെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സമാജ് വാദി പാര്‍ട്ടിയിലെ രാജ് മതി നിഷാദിനെയും വിജയികളാക്കിയാല്‍ പൊതു ഖജനാവിന് നഷ്ടം കൂടാതെ ജനപ്രതിനിധികളെ ലഭിക്കും.

നിയമ പ്രശ്നത്തിലൂടെ സ്ഥാനമൊഴിഞ്ഞും നിര്യാണത്തിലൂടെ വരുന്ന ഒഴിവും ഒഴികെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍
നിരുത്സാഹപ്പെടുത്താന്‍ ശക്തമായ നിയമനിര്‍മ്മാണം അനിവാര്യമാണ്. ഇത്തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ജനാധിപത്യത്തെ ദുരുപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

English summary
kunjalikkutty and adithyanath is same system
topbanner topbanner

More News from this section

Subscribe by Email