Thursday June 20th, 2019 - 10:54:am
topbanner
topbanner

നാഥുറാം വിനായക് ഗോഡ്സെയെ രാഷ്ട്ര പിതാവാക്കി മാറ്റാന്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

Anusha Aroli
നാഥുറാം വിനായക് ഗോഡ്സെയെ രാഷ്ട്ര പിതാവാക്കി മാറ്റാന്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ തുടര്‍ച്ചയായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത് കൊണ്ട് ഗാന്ധി നിന്ദയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബി.ജെ.പി/ആര്‍.എസ്.എസ് നേതാക്കളെ വെള്ളപൂശാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി കേന്ദ്രനേതൃത്വവും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

ബി.ജെ.പിയുടെ ഉത്തരവാദിത്വപ്പെട്ട കേന്ദ്രമന്ത്രിമാരും എം.പിമാരും പാര്‍ലമെന്‍റില്‍ മത്സരിക്കുന്ന ഉന്നതരായ നേതാക്കളും ഗാന്ധിജിയെ നിന്ദിക്കുന്ന നടപടി ബി.ജെ.പി കേന്ദ്ര നേതാക്കളുടെ അറിവോടു കൂടിയാണ്. മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുകയും ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ വീരയോദ്ധാവായി പുകഴ്ത്തുന്ന ബി.ജെ.പി/ആര്‍.എസ്.എസ്/ സംഘപരിവാര്‍ നേതാക്കള്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന കാലം മുതല്‍ ആരംഭിച്ചതാണ്.

അപ്പോള്‍ ഒന്നും തന്നെ ഈ നേതാക്കളെ നിലയ്ക്ക് നിര്‍ത്താനോ അവരുടെ പേരില്‍ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാനോ ബി.ജെ.പി നേതൃത്വം തയ്യാറായില്ലെയെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അവസരവാദപരമായ കള്ളകളി നടത്തുകയാണ്. ഒരു വശത്ത് ഗാന്ധിജിയെ നിന്ദിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രസ്താവന നടത്തുകയും മറുവശത്ത് അവര്‍ക്ക് സംരക്ഷണം നല്‍കുകയും അത്തരക്കാരെ കേന്ദ്ര മന്ത്രിമാരായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായും ഉന്നത പദവികളിലേക്ക് പ്രെമോഷന്‍ കൊടുക്കുയും ചെയ്യുന്ന നടപടിയാണ് രാജ്യം കണ്ടു കൊണ്ടിരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയാണോ ബി.ജെ.പിയുടെ രാഷ്ട്രപിതാവെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാത്ത ബി.ജെ.പി/ആര്‍.എസ്.എസ് നേതാക്കളെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ ബി.ജെ.പി തയ്യാറാകാത്തത് എന്ത് കൊണ്ടാണ്. മഹാത്മാഗാന്ധിയെ നിന്ദ്യമായും നീചമായും അപമാനിച്ച ബി.ജെ.പിയുടെ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ടാക്കൂറിന്‍റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.

കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മഹാത്മാഗാന്ധിക്ക് പകരം നാഥുറാം ഗോഡ്സെയെ രാഷ്ട്ര പിതാവാക്കി മാറ്റാന്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികള്‍ ആസുത്രിതമായ നീക്കത്തിന് തുടക്കം കുറിച്ചതിന്‍റെ തെളിവാണ് ഗോഡ്സെയ്ക്ക് വേണ്ടി ബി.ജെ.പി നേതാക്കള്‍ സ്തുതി പാടുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ഇത്രയും മോശമായ പദപ്രയോഗം കൊണ്ട് അപമാനിക്കുന്ന ബി.ജെ.പി നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വത്തെ അയോഗ്യരാക്കാന്‍ ജനപ്രാതിനിത്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അയോഗ്യത കല്‍പ്പിക്കുന്ന നിയമം പാര്‍ലമെന്‍റില്‍ കൊണ്ടു വരണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ അനന്തകുമാര്‍ ഹെഗ്ഡെ, നളില്‍ കട്ടില്‍, പ്രജ്ഞാ സിംഗ് ടാക്കൂര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറായില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പ്രസ്തവനയില്‍ പറഞ്ഞു.

Read more topics: kodikkunnil suresh, against, RSS
English summary
kodikkunnil suresh against RSS
topbanner

More News from this section

Subscribe by Email