Wednesday April 25th, 2018 - 11:43:pm
topbanner

കാസര്‍കോടിനെ കലാപ ഭൂമിയാക്കരുത് എന്ന സന്ദേശവുമായി 17ന് ഡിവൈഎഫ്‌ഐയുടെ യുവജന പരേഡ്

NewsDesk
കാസര്‍കോടിനെ കലാപ ഭൂമിയാക്കരുത് എന്ന സന്ദേശവുമായി 17ന് ഡിവൈഎഫ്‌ഐയുടെ യുവജന പരേഡ്

കാസര്‍കോട് : കാസര്‍കോടിനെ കലാപ ഭൂമിയാക്കരുത് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് തിങ്കളാഴ്ച മധൂര്‍ മുതല്‍ മാലിക്ദിനാര്‍ വരെ യുവജന പരേഡ് നടത്തും. വൈകിട്ട് 4.30ന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സെക്യുലര്‍ സദസ്സും നടക്കും. യുവജനപരേഡ് തിങ്കളാഴ്ച രാവിലെ പത്തിന് മധൂര്‍ ക്ഷേത്ര പരിസരത്ത് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

1000 വൈറ്റ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന യുജനപരേഡിന്റെ ലീഡര്‍ ജില്ലാ സെക്രട്ടറി കെ മണികണ്ഠനും മാനേജര്‍ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്തുമാണ്. ഉളിയത്തടുക്ക, കൂഡ്‌ലു, ചൂരി, കറന്തക്കാട്, മല്ലികാര്‍ജുന ക്ഷേത്ര പരിസരം, തായലങ്ങാടി, റെയില്‍വേസ്‌റ്റേഷന്‍ വഴി പര്യടനം നടത്തുന്ന യുജനപരേഡ് വൈകിട്ട് നാലിന് തളങ്കര മാലിക്ക് ദിനാര്‍ ജുമാമസ്ജിദ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് വൈകിട്ട് 4.30ന് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സെക്യുലര്‍ സദസ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കാസര്‍കോട്ടെ സമാധാന ജീവിതത്തിന് ഭീഷണിയായിരിക്കുകയാണ് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍. അക്രമങ്ങള്‍ക്ക് ഇരയാകുന്നത് നിരപരാധികളാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകം. കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ ആര്‍എസ്എസ്, സംഘ്പരിവാര്‍ ശക്തികള്‍ രാജ്യമാകെ അഴിഞ്ഞാടുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകം. കൊലപാതകം നടത്തിയ പ്രതികളെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനും ക്രമസമാധാനം നിയന്ത്രണ വിേധയമാക്കാനും സാധിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉടനടിയുള്ള ഇടപെടലിനെ തുടര്‍ന്നാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഒരുക്കാനുള്ള നിയമനടപടികളിലാണ്.

മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയവരേയും സഹായികളെയും പുറത്ത് കൊണ്ടുവരണം. ഏതാനും വര്‍ഷം മുമ്പ് കാസര്‍കോടുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുജന പരേഡ് നടത്തുകയുണ്ടായി. പൊതുസമൂഹത്തെ ജാഗ്രതപ്പെടുത്താനും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും നടത്തിയ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. കാസര്‍കോട് വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഇനിയും ആവര്‍ത്തിച്ച് കൂട. ഇതിനായി പൊതുസമൂഹം ശക്തമായ പ്രതിരോധം ഉയര്‍ത്തി ജാഗ്രത കാട്ടണം.

വര്‍ഗീയ സംഘര്‍ഷ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ട്. ഭീഷണി കാരണം സാക്ഷികള്‍ പിന്‍മാറുന്നതും പൊലീസ് കുറ്റപത്രത്തിലെ പഴുതുകളും കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകുന്നു. കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കണം. പഴുതുകളടച്ച നടപടി ഉണ്ടാകണം. കാസര്‍കോടിന്റെ പ്രത്യേക സഹാചര്യം കണക്കിലെടുത്ത് കേസുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി വേണം. കൊല്ലപ്പെടുന്നവര്‍ക്കായി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറേയും നിയമിക്കണം.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചാലെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ സാധിക്കൂ. കൂടാതെ ആരാധനാലയ പരിസരത്തും മറ്റും നടക്കുന്ന ആര്‍എസ്എസ് ശാഖകളും മതമൗലിക ശക്തികളുടെ ആയുധ സംഭരണവും പരിശീലനവും തടയണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Read more topics: kasaragod, dyfi, youth march,
English summary
kasaragod dyfi youth march april 17

More News from this section

Subscribe by Email