Saturday April 20th, 2019 - 12:21:pm
topbanner
topbanner

കോടിയേരി ബാലകൃഷ്ണന് എ.പി. അബ്ദുല്ലക്കുട്ടിയുടെ തുറന്ന കത്ത്

NewsDesk
കോടിയേരി ബാലകൃഷ്ണന് എ.പി. അബ്ദുല്ലക്കുട്ടിയുടെ തുറന്ന കത്ത്

പ്രിയപ്പെട്ട സഖാവ് കോടിയേരിക്ക്, 

അങ്ങയുടെ മണ്ഡലമായ തലശ്ശേരിയില്‍ ഇക്കുറി ഞാനൊരു സ്ഥാനാര്‍ത്ഥിയാണെന്ന് അറിയാമല്ലോ. കഴിഞ്ഞ നിയമസഭയിലെ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും കൂടിയാണ് ഞാനീ കത്തെഴുതുന്നത്.
സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് പല തടസ്സങ്ങളും നിരന്തരം ഉണ്ടാകുകയാണ്.

പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, ബോര്‍ഡുകള്‍ കീറുക, എടുത്തുകൊണ്ടുപോകുക, പോസ്റ്ററുകള്‍ നശിപ്പിക്കുക, സ്ഥാപനങ്ങളില്‍ ചെന്ന് വോട്ട് ചോദിക്കുന്നത് തടയുക, കുടുംബയോഗം സംഘടിപ്പിച്ച വീടുകളില്‍ ചെന്ന് ഭീഷണിപ്പെടുത്തുക, റീത്തുവെക്കുക, കുത്തുവാക്കുകള്‍ എഴുതിവെക്കുക, പ്രവര്‍ത്തകരെ മര്‍ദിക്കുക എന്നിവയൊക്കെ നടക്കുന്ന കാര്യം എന്റെ പഴയ സഹപ്രവര്‍ത്തകര്‍ കൂടിയായ അങ്ങയുടെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിമാര്‍ എം.വി ജയരാജന്‍, വി.കെ രാഗേഷ്, വി. ഹരിദാസന്‍ എന്നിവരോടൊക്കെ ഞാന്‍ പറഞ്ഞിരുന്നു.

അവരൊക്കെ നിസ്സഹായരും ഇരുട്ടിന്റെ ശക്തികളെ നിയന്ത്രിക്കാന്‍ പറ്റാത്തവരുമാണെന്ന് തുടര്‍ന്ന് പോരുന്ന ഇത്തരം കാര്യങ്ങളിലൂടെ എനിക്ക് മനസ്സിലായി. അങ്ങ് പാര്‍ട്ടിയുടെ സര്‍വ്വാധിപനാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളും അക്രമങ്ങളും നിയന്ത്രിക്കുവാനും അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ഒരു 'ഫത്‌വ' ഇറക്കണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.

മേലെ ചമ്പാട് ടി.അസീസിന്റെ ഇരുന്നൂറിലേറെ വാഴത്തൈകള്‍ വെട്ടി നശിപ്പിച്ചത് അദ്ദേഹം അവിടെ ഒരു കുടുംബയോഗം സംഘടിപ്പിച്ചതിന്റെ പേരിലാണ്. റബ്‌കോ ഫാക്ടറിയില്‍ വോട്ടുചോദിക്കാന്‍ ചെന്ന എന്നെയും സഹപ്രവര്‍ത്തകരെയും തടയുകയും അസഭ്യവര്‍ഷം ചൊരിയുകയുമുണ്ടായി. ന്യൂമാഹി പെരിങ്ങാടി പോസ്റ്റോഫീസിന് സമീപമുള്ള യു.ഡി.എഫ് പ്രവര്‍ത്തകനായ പീതാംബരന്റെ പലചരക്ക്കട അടിച്ചുതകര്‍ക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയുമുണ്ടായി. സംഭവം കണ്ട് അദ്ദേഹത്തിന്റെ മകന്‍ മോഹാലസ്യപ്പെട്ടുവീണു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

തലശ്ശേരി കടപ്പുറത്ത് പെട്ടിക്കട നടത്തുന്ന മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സെക്രട്ടറി ഉമ്മര്‍ ചാലില്‍ എന്നയാളുടെ കട അടിച്ചുതകര്‍ത്ത് കടലില്‍ വലിച്ചെറിഞ്ഞു. പൊന്ന്യം പാലത്തെ കോട്ടയില്‍ നാസറിന്റെ മറിയാസ് എന്ന വീട്ടിനുമുമ്പില്‍ റീത്ത് വെച്ച് ഭീഷണി മുഴക്കിയതും അദ്ദേഹം അവിടെ ഒരു കുടുംബയോഗം സംഘടിപ്പിച്ചതിന്റെ പേരിലാണ്. അങ്ങയുടെ പാര്‍ട്ടിക്കാര്‍ പ്രദര്‍ശിപ്പിച്ച കൊടിതോരണങ്ങളുടെയും ഫഌക്‌സുകളുടെയും പത്തിലൊരംശം എനിക്ക് ഇവിടെയില്ല. വാക്കിലോ നോക്കിലോ ഒരാളെയും നോവിക്കാതെ അങ്ങേയറ്റം കുലീനത കാത്തുസൂക്ഷിച്ച് പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് ഞാനെന്ന കാര്യം അങ്ങയ്ക്കറിയാമല്ലോ. തലശ്ശേരിയില്‍ സമാധാന പരമായ തെരഞ്ഞെടുപ്പാണ് ഞങ്ങളുടെ ലക്ഷ്യം.

അതിനിടയില്‍ മുമ്പുണ്ടാവുന്നതുപോലെ അങ്ങയുടെ പാര്‍ട്ടിക്കാരില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ തടയണം. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ നിരവധി പേര്‍ മരിച്ചുവീണ ഈ മണ്ണില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തുന്ന ആളുകളെ നിയന്ത്രിച്ചു നിര്‍ത്തേണ്ടത് സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അങ്ങയുടെ കടമയാണ്. ഈ കാര്യത്തില്‍ മൗനം പാലിച്ചാല്‍ അങ്ങയുടെ അലംഭാവം സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടും. സി.പി.എം സംസ്ഥാന സെക്രട്ടറിയില്‍ നിന്നു നല്ല നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ട്,

എ.പി അബ്ദുല്ലക്കുട്ടി
(തലശ്ശേരി നിയോജകമണ്ഡലം
ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി)

ലീല യുടെ വാജ്യപ്രിന്റ് ഇന്റര്‍നെറ്റില്‍ ; നിയമനടപടിക്കൊരുങ്ങി രഞ്ജിത്ത്

വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ മുങ്ങി; വേദിയില്‍ വധുവിന്റെ അനുജത്തിക്ക് കല്യാണം

English summary
ap abdullakutty open letter to Kodiyeri balakrishnan
topbanner

More News from this section

Subscribe by Email