topbanner
Monday April 24th, 2017 - 8:39:pm
topbanner

തിരുസന്നിധി തുറന്നു ; പൂങ്കാവനം ഭക്തിസാന്ദ്രം

NewsDesk
തിരുസന്നിധി തുറന്നു ; പൂങ്കാവനം ഭക്തിസാന്ദ്രം

ശബരിമല: കറുപ്പുടുത്ത് കഠിനവ്രതമെടുത്തെത്തിയ ഭക്തരുടെ ശരണംവിളികൾ കേട്ട് ശബരീശൻ യോഗനിദ്രയിൽനിന്നുണർന്നു. ദർശനസാഫല്യത്തിനായി കാത്തുനിന്ന ആയിരങ്ങളുടെ ശരണം വിളികൾക്കിടയിൽ ഈവർഷത്തെ മകരവിളക്ക് മഹോത്‌സവത്തിനായി വൈകിട്ട് അഞ്ചിന് ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ടി. എം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് തിരുനട തുറന്നു.

തുടർന്ന് മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി വന്ന് ആഴിയിൽ അഗ്‌നി പകർന്നു. ഹൈക്കോടതി നിയോഗിച്ച സ്‌പെഷൽ ഓഫീസർ എം. മനോജിന്റെ മകൾ മൂന്നാംക്ലാസുകാരി ജാൻവി ഇരുമുടിക്കെട്ടുമായി ആദ്യം തേങ്ങ ഉടച്ച് പതിനെട്ടാംപടി കയറിയതോടെ ഈവർഷത്തെ മകരവിളക്ക് തീർഥാടനത്തിന് ഭക്തിനിർഭരമായ തുടക്കം.

യോഗദണ്ഡും കൈയിൽപ്പിടിച്ച് ശിരസിൽ കെട്ടുമായി ഭസ്മാഭിഷിക്തനായി കാണപ്പെട്ട ഭഗവാന് ഇന്ന് പ്രത്യേക പൂജകളൊന്നുമുണ്ടായിരുന്നില്ല. മാളികപ്പുറം നട ഇതേ സമയത്ത് മേൽശാന്തി പുതുമന മനു നമ്പൂതിരി തുറന്നു.മാളികപ്പുറം മേൽശാന്തി പുതുമന മനു നമ്പൂതിരി മാളികപ്പുറത്തെ നട തുറക്കുന്നു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെതന്നെ നടപ്പന്തൽ നിറഞ്ഞ് തീർഥാടകരുടെ ക്യൂ നീണ്ടു. പുല്ലുമേടുവഴിയുള്ള കാനനപാതകളിലൂടെ ആയിരത്തിലധികം പേർ സന്നിധാനത്തെത്തി. കുഞ്ഞു മണികണ്ഠൻമാരും കൊച്ചുമാളികപ്പുറങ്ങളും ശരണംവിളിയും കളിയും ചിരിയുമായി ഭഗവത് ദർശനത്തിനു രക്ഷിതാക്കളോടും ബന്ധുക്കളോടുമൊപ്പം കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ജനുവരി 14 ന് മകരവിളക്കും ജ്യോതിദർശനവും നടക്കുന്നതുവരെ പൂങ്കാവനവും പരിസരവും ശരണംവിളികളിലും തിരക്കിലും അമരും. ജനുവരി എട്ട്, ഒമ്പത് തീയതികളിൽ പമ്പ സംഗമവും ജനുവരി 13 ന് പ്രശസ്തമായ പമ്പ സദ്യയും വിളക്കും നടക്കും. ജനുവരി 19 വരെയാണ് ദർശനം. 20 ന് രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ ഈവർഷത്തെ മകരവിളക്ക് മഹോത്‌സവത്തിന് സമാപ്തിയാകും.

ആഴി തെളിയിക്കുന്നു

 

 

sabarimala-sannidhanam

Read more topics: sabarimala, nadathurannu,
English summary
sabarimala nadathurannu 2016