Wednesday June 20th, 2018 - 3:02:am
topbanner
Breaking News

തിരക്കൊഴിഞ്ഞ് സന്നിധാനം; കര്‍മനിരതരായി സേവകര്‍

Sannidhanam
തിരക്കൊഴിഞ്ഞ് സന്നിധാനം; കര്‍മനിരതരായി സേവകര്‍

ശബരിമല: നാല്‍പ്പത്തിയൊന്നു ദിവസത്തെ ശരണം വിളികളും തിരക്കും ബഹളവും വിട്ടൊഴിഞ്ഞ് ശബരിമലയും സന്നിധാനവും. തിങ്കളാഴ്ച മണ്ഡലപൂജയെത്തുടര്‍ന്ന് നട അടച്ചതോടെ തീര്‍ഥാടകര്‍ മലയിറങ്ങി സ്വന്തം നാടുകളിലേക്ക് യാത്രയായതോടെ പമ്പയും സന്നിധാനവും പരിസരങ്ങളും നിശബ്ദതയിലാഴ്ന്നു. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുള്ള സ്വാമി അയ്യപ്പന്‍ റോഡില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഇടവിട്ടുള്ള ട്രാക്ടറുകളുടെ മുരള്‍ച്ചമാത്രം.

സന്നിധാനം ഡിസംബര്‍ 30ന് മകരവിളക്ക് ഉത്സവത്തിന് ഒരുങ്ങുകയാണ്. മണ്ഡല പൂജ കഴിഞ്ഞ് ഭസ്മാഭിഷിക്തനായി ധ്യാനനിമഗ്‌നനായിരിക്കുന്ന ഭഗവാന് അലോസരം സൃഷ്ടിക്കാതെയുള്ള വൃത്തിയാക്കല്‍ ജോലികള്‍ സന്നിധാനത്ത് നടക്കുന്നു. വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും മാത്രമാണ് ഇവിടെ ഇപ്പോഴുള്ളത്. ഇവരെല്ലാം അതിരാവിലെ തന്നെ ജോലികളിലേക്ക് ഇറങ്ങും. നടയടച്ചശേഷമുള്ള ആദ്യ ദിനത്തിലെ സന്നിധാനക്കാഴ്ചകള്‍ ഇങ്ങനെ:

സ്വന്തം ട്രാക്ടര്‍

ശരണംവിളികളിലമരുന്ന മണ്ണില്‍ ട്രാക്ടറുകളുടെ കനത്തശബ്ദം മാത്രം. മുമ്പ് കഴുതപ്പുറത്തും മനുഷ്യര്‍ ചുമന്നുമാണ് സാധനസാമഗ്രികള്‍ സന്നിധാനത്ത് എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആ ജോലി ട്രാക്ടറുകള്‍ക്കാണ്. ദേവസ്വം ബോര്‍ഡിന്റെ നാലു ട്രാക്ടറുകളും സ്വകാര്യ സ്ഥാപനങ്ങളുടെതായി അമ്പതോളം ട്രാക്ടറുകളും സര്‍വീസ് നടത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ട്രാക്ടറുകളില്‍ അരവണ നീക്കവും ആഴി ശുദ്ധീകരിക്കലും നടന്നുവരുന്നു. തിരുവനന്തപുരം വിതുര ചാരുപാറ സ്വദേശി വിനയ്കുമാറും കോട്ടയം പുതുപ്പള്ളി മീനടം സ്വദേശി അജിയുമൊക്കെ വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് ട്രാക്ടറുകളുടെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നു. അല്പംപോലും വിശ്രമിക്കാന്‍ സമയമില്ല. ആഴിയിലെ അഗ്നിവെള്ളമൊഴിച്ചു കെടുത്തിയ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കോരി ട്രാക്ടറുകളില്‍ പൊലീസ് ബാരക്കിനു സമീപം സൂക്ഷിക്കുന്നു. ഇതു പിന്നീട് ലേലം ചെയ്തു വില്ക്കും. ഖരമാലിന്യങ്ങളുടെ നീക്കം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

അരവണ ക്ഷാമം പഴങ്കഥ

അരവണയുടെ കരുതല്‍ ഉറപ്പുവരുത്തുന്ന ജോലി സന്നിധാനത്തും മാളികപ്പുറത്തും നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കുറി മണ്ഡലകാലത്ത് ഒരുദിവസം പോലും അരവണയ്ക്കും അപ്പത്തിനും ദൗര്‍ലഭ്യം ഉണ്ടായില്ലെന്നത് ദേവസ്വം ബോര്‍ഡിന് അഭിമാനിക്കാവുന്ന നേട്ടമാണ്. മാളികപ്പുറത്തേക്ക് 250 ടിന്നുകളുടെ 29 പെട്ടി ഇന്നലെ എത്തിച്ചു. എട്ടുമണിക്കൂര്‍ വീതം മൂന്നു ഷിഫ്ടുകളിലായി ഇരുനൂറോളം പേര്‍ രാവുംപകലുമായി അരവണ പ്ലാന്റില്‍ ജോലി ചെയ്യുന്നു. സ്‌പെഷല്‍ ഓഫീസര്‍ എസ്. ജ്യോതിഷ്‌കുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നു.

തടസമില്ലാതെ വൈദ്യുതി

പമ്പയിലും സന്നിധാനത്തും വൈദ്യുതി മുടങ്ങാതിരിക്കാനുള്ള തിരക്കിട്ട ജോലികളിലാണ് കെ.എസ്.ഇ.ബി. ലൈനുകളില്‍ അറ്റകുറ്റപ്പണിയും ട്രാന്‍സ്‌ഫോമറുകളുടെ ശേഷി പരിശോധനയുമാണ് നടക്കുന്നത്. ഇരുസ്ഥലങ്ങളിലുമായി പതിനെട്ടു പേര്‍ ജോലി ചെയ്യുന്നു. തകരാറിലായ വഴിവിളക്കുകള്‍ നന്നാക്കുന്നതിന് അഞ്ചുപേരെ നിയോഗിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍. ബിജുരാജിന്റെ നേതൃത്വത്തിലാണ് കെ.എസ്.ഇ.ബി.യുടെ സന്നിധാനത്തെ പ്രവര്‍ത്തനം.

ഭക്ഷണശാലയില്‍ എല്ലാം പതിവുപോലെ

ദേവസ്വം ബോര്‍ഡിന്റെ ഭക്ഷണശാലയില്‍ ആളൊഴിഞ്ഞ സമയമില്ല. നട അടച്ചുവെങ്കിലും സന്നിധാനത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ഭക്ഷണം മുടങ്ങാതെ നല്‍കുന്നു. സ്‌പെഷല്‍ ഓഫീസര്‍ ആര്‍. എസ്. ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ 80 പേര്‍ ഇവിടെ അടുക്കളയിലും പുറത്തുമായി ജോലി ചെയ്യുന്നു. തിരക്കില്ലാത്ത ഇപ്പോള്‍ പോലും രണ്ടായിരം പേര്‍ക്ക് വച്ചുവിളമ്പുന്നു. രാവിലെ ഇഡ്ഡലിയും കടലക്കറിയും ഉപ്പുമാവും കിഴങ്ങുകറിയും മാറിമാറി തയാറാക്കുന്നു. ഉച്ചയ്ക്ക് ഇത്രയും പേര്‍ക്ക് ഊണും. വൈകിട്ട് കഞ്ഞിയും പയറും.

sabarimala-post-officeശബരിമല-പിന്‍ 689713

സന്നിധാനത്ത് തിരക്കില്ലെങ്കിലും തപാല്‍ ഓഫീസില്‍ തിരക്കുണ്ട്. പോസ്റ്റ്മാസ്റ്റര്‍ എം.കെ. ജനാര്‍ദനന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ആറു ജീവനക്കാര്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. തപാല്‍ സേവനങ്ങള്‍ക്കു പുറമെ മൊബൈല്‍ റീചാര്‍ജ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീസണില്‍ 66 ദിവസവും ഉത്‌സവകാലത്ത് പത്തുദിവസവും ഓഫീസ് തുറന്നുപ്രവര്‍ത്തിക്കും. ജനുവരി 19 വരെ ഓഫീസ് പ്രവര്‍ത്തിക്കും.

sabarimala-photosഇമവെട്ടാതെ കാവല്‍

സന്നിധാനത്ത് ഭഗവാന്റെ ധ്യാനത്തിന് അല്പം പോലും ഭംഗംവരാതെയും കാത്തുസൂക്ഷിക്കുന്നത് ദ്രുതകര്‍മ സേനയിലേയും കേരള പോലീസിലേയും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേയും മിടുക്കന്‍മാരാണ്. രാവും പകലും ഇവരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് സന്നിധാനവും പരിസരവും. കാവല്‍മാടത്തില്‍ ഇമയടക്കാതെ ദ്രുതകര്‍മ സേനാംഗങ്ങള്‍. ക്ഷേത്രത്തിനു ചുറ്റും കാവലൊരുക്കി പന്ത്രണ്ടു പോലീസ് കമാന്‍ഡോകള്‍. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 15 പേരും തണ്ടര്‍ബോള്‍ട്ടിലെ 35 പേരും സുരക്ഷയ്ക്കായി ഉണ്ട്.


കൊപ്രാക്കളം സജീവം

കൊപ്രാക്കളം മറ്റൊരു അത്ഭുതമാണ്. ഭക്തര്‍ നിവേദിക്കുന്ന തേങ്ങ ഉണക്കി കൊപ്രയാക്കി മാറ്റുന്ന കഠിനജോലിയാണ് പകല്‍ പൊള്ളുന്ന ചൂടിലും ഇവിടെ നടക്കുന്നത്. പത്മാകരനാണ് മേല്‍നോട്ടം. ഇത്രയും തൊഴിലാളികള്‍ക്ക് ഭക്ഷണവും കാപ്പിയും ചായയും തയാറാക്കാന്‍ എട്ടുപേര്‍ വേറെയും.

ശുചിയാക്കല്‍ യജ്ഞവുമായി അഗ്നിശമന സേന

സന്നിധാനം കഴുകി വൃത്തിയാക്കുന്ന ഭാരിച്ച ജോലിയിലാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം. സ്‌പെഷല്‍ ഓഫീസറായ അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫീസര്‍ എം.എസ്. സുവിയുടെ നേതൃത്വത്തില്‍ 66 പേര്‍ ഒമ്പത് ഇടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. നെയ്യും മറ്റ് ഇരുമുടി അവശിഷ്ടങ്ങളും സന്നിധാനത്തും പരിസരത്തും നിന്ന് കഴുകി നീക്കുകയാണിപ്പോള്‍. സോപാനം ഇന്നലെ രാവിലെ തന്നെ കഴുകി വൃത്തിയാക്കി. സന്നിധാനത്ത് ജോലിയില്‍ മുഴുകുന്നവരെല്ലാം സേവനത്തെ അയ്യപ്പസേവയായി കാണുന്നു.

ഇതു കൂടാതെ മകരവിളക്ക് കച്ചവടത്തിനുള്ള കടകള്‍ ഒരുക്കുകയാണ് കച്ചവടക്കാര്‍. പാത്രക്കച്ചവടക്കാരനായ തൃശൂര്‍ സ്വദേശി ഹരീഷ് മകരവിളക്ക് കച്ചവടം പൊടിപൊടിക്കാനുള്ള തയാറെടുപ്പുകളിലാണ്. അഭിഷേകം ചെയ്ത നെയ്യ് കൊണ്ടുപോകാനുള്ള പാത്രങ്ങളാണ് കൂടുതലായി വില്‍ക്കുന്നത്. ഹോട്ടലുകളും പൂജാ സാധനങ്ങളുമൊക്കെ വില്‍ക്കുന്ന കടകളെല്ലാം തുറന്നിരിക്കുന്നു.

 

Read more topics: sabarimala, sannidhanam, cleaning
English summary
sabarimala latest news

More News from this section

Subscribe by Email