തൃശൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനായി കനത്ത സുരക്ഷാ വലയത്തിലാണ് രാജ് നാഥ് സിങ്ങ് ക്ഷേത്രത്തില്‍ എത്തിയത്. അരമണിക്കുറോളം അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി കൂടികാഴ്ച നടത്തി.
ഒമ്പതു മണിയോടു കൂടി മന്ത്രി ഗുരുവായൂരില്‍ നിന്ന് മടങ്ങി. ഇന്നലെ വൈകീട്ട് ഗുരുവായൂരിലെത്തിയ രാജ്നാഥ് സിംഗിനെ ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശീധരന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലക്ടര്‍ ടി.വി. അനുപമ, സബ്ബ്കളക്ടര്‍ രേണുരാജ് എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്കി.
കേന്ദ്ര ആഭ്യന്ത്രമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു ഗുരുവായൂര്‍ ക്ഷേത്രനഗരം. ഇത് രണ്ടാം തവണയാണ് ആഭ്യന്തര മന്ത്രിയായ ശേഷം രാജ്നാഥ് സിങ്ങ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയത്.