Wednesday March 20th, 2019 - 9:26:pm
topbanner
topbanner

മലയാളത്തിലെ ആദ്യ വർത്തമാനപത്രം പിറന്ന ചരിത്രമണ്ണിൽ നിക് ഉട്ട്

NewsDesk
മലയാളത്തിലെ ആദ്യ വർത്തമാനപത്രം  പിറന്ന ചരിത്രമണ്ണിൽ നിക് ഉട്ട്

കണ്ണൂർ: മലയാളത്തിലെ ആദ്യ വർത്തമാനപത്രം പിറന്ന ഹെർമൻ ഗുണ്ടർട്ടിന്റെ ഇല്ലിക്കുന്നിലെ ബംഗ്ലാവിൽ, ലോകത്തെ ചിരപ്രതിഷ്ഠനായ ന്യൂസ് ഫോട്ടോഗ്രാഫർ നിക് ഉട്ട് തന്റെ കൗതുകം നിറച്ച കണ്ണും ക്യാമറയുമായെത്തിയത് ചരിത്രമൂഹൂർത്തമായി. ലോകപ്രശസ്ത വിയറ്റ്‌നാമീസ് അമേരിക്കൻ ഫോട്ടോഗ്രാഫർ നിക് ഉട്ട് തന്റെ കേരള സന്ദർശനത്തിന്റെ അവസാന ദിവസമാണ് കണ്ണൂർ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ 'രാജ്യസമാചാരം' പിറന്ന മണ്ണിലെത്തിയത്. തലശ്ശേരിയിലെ ഗുണ്ടർട്ടിന്റെ പ്രതിമ സന്ദർശിച്ച ശേഷം ഇല്ലിക്കുന്നിലെത്തിയ അദ്ദേഹം ബംഗ്ലാവും പരിസരവും നടന്നുകണ്ടും അതിന്റെ ചരിത്രം സാകൂതം ശ്രവിച്ചും ക്യാമറയിൽ ഒപ്പിയെടുത്തും ഏവരുടെയും മനം കവർന്നു.

Photographer Nick Ut at talassery kannur kerala

തുടർന്ന് പിണറായി പാറപ്രം സമ്മേളന സ്മാരകം സന്ദർശിച്ച് അഭിവാദ്യമർപ്പിച്ച ശേഷം ധർമ്മടം ബീച്ചിലും ജവഹർ ഘട്ടിലും സന്ദർശനം നടത്തി. തലശ്ശേരിയിൽനിന്ന് മടങ്ങുന്നതിന് മുമ്പായി ജഗന്നാഥ ക്ഷേത്രത്തിലെത്തിയ വിശ്വവിഖ്യാത ഫോട്ടോഗ്രാഫർ ക്ഷേത്രത്തിൽ ആ സമയം വിവാഹം കഴിഞ്ഞ നവദമ്പതികൾക്ക് വിവാഹ ഫോട്ടോഗ്രാഫറുമായി. രാവിലെ മയ്യഴിയിലെത്തിയ അദ്ദേഹം പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മയ്യഴിപ്പുഴയും ശ്രീകൃഷ്ണ ക്ഷേത്രവും മയ്യഴിപ്പള്ളിയും മുഴപ്പിലങ്ങാട് ബീച്ചും സന്ദർശിച്ചു. മലയാളിയുടെ ആതിഥ്യമര്യാദയുടെ വിളംബരമായി മാലയണിയിച്ചും ഇളനീരും ഫലങ്ങളും നൽകിയും ഹൃദ്യമായ സ്വീകരണമാണ് എല്ലായിടത്തും നിക് ഉട്ടിന് ലഭിച്ചത്.

Photographer Nick Ut at talassery kannur kerala

രാവിലെ ഒമ്പതരയോടെയാണ് നിക് ഉട്ടും സുഹൃത്ത് ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിൽ തലശ്ശേരി നഗരസഭാ കാര്യാലയത്തിൽ എത്തിയത്. നഗരസഭാ ചെയർമാൻ സി.കെ.രമേശൻ, ചിത്രകാരൻ കെ.കെ.മാരാർ, ജമിനി ശങ്കരൻ, എം.സി.പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും തലശ്ശേരിയിലെ ഫോട്ടോഗ്രാഫർമാരും ചേർന്ന് നിക് ഉട്ടിനെ സ്വീകരിച്ചു.

Photographer-Nick-Ut-talassery-kannur

നഗരസഭാങ്കണത്തിൽ ക്യാമറയും ചുമലിലേന്തി എത്തിയ കൊച്ചു മിടുക്കനെ കെട്ടിപിടിച്ച നിക് ഉട്ട് അവിടെ കൂടി നിന്ന ഫോട്ടോഗ്രാഫർമാർക്കായി വിവിധ പോസുകളിൽ നിന്നു കൊടുത്തു. തുടർന്ന് തന്റെ ചുറ്റുമുള്ള ഓരോരുത്തർക്കും കൈ കൊടുത്ത് അഭിവാദ്യം ചെയ്ത് കുശലം പറഞ്ഞ ഉട്ടിന് കൗൺസിൽ ഹാളിൽ ഉജ്വല സ്വീകരണമാണ് പൈതൃകനഗരിയിലെ പൗരാവലി നൽകിയത്. സ്വീകരണ സമ്മേളനം നഗരസഭാ ചെയർമാൻ സി.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ നജ്മ ഹാഷിം അധ്യക്ഷയായി. ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി നിക് ഉട്ടിനെ ബൊക്ക നൽകി ആദരിച്ചു. ഫോട്ടോഗ്രാഫർമാരുടെ സംഘടന കഥകളി ശിൽപവും ചിത്രകാരൻ ഗിരീഷ് മക്രേരി താൻ വരച്ച നിക് ഉട്ടിന്റെ കാരിക്കേച്ചറും ഉപഹാരമായി നൽകി.

Photographer Nick Ut at talassery kannur kerala

സ്വീകരണത്തിൽ, യുദ്ധക്കെടുതിയുടെ ഭീകരതകൾ ലോകത്തിനുമുന്നിൽ കാട്ടിക്കൊടുത്ത തന്റെ പ്രശസ്തമായ ചിത്രം പിറന്നതിന്റെ കഥകൾ അദ്ദേഹം ആവേശം ചോരാതെ വിവരിച്ചു. 1966ൽ വളരെ ചെറിയ പ്രായത്തിലാണ് നിക് ഉട്ട് വിയറ്റ്‌നാമിൽ അസോസിയേറ്റഡ് പ്രസ് (എ.പി) വാർത്താ ഏജൻസിയിൽ ഫോട്ടോഗ്രാഫറായി ചേർന്നത്. എ.പി ഫോട്ടോഗ്രാഫറായിരുന്ന ജ്യേഷ്ഠ സഹോദരൻ യുദ്ധത്തിൽ കൊല്ലപ്പെട്ടലിനെ തുടർന്നായിരുന്നു ഇത്. തുടർന്ന്, വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീതിദമായ ചിത്രങ്ങൾ പകർത്തിയത് നിക് ഉട്ട് ആയിരുന്നു.Photographer Nick Ut at talassery kannur kerala

നിക് ഉട്ടിന്റെ കരിയർ മാറ്റിമറിച്ചത് 1972 ജൂൺ എട്ടിന് തെക്കൻ വിയറ്റ്‌നാമിലെ ഗ്രാമത്തിൽ നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്‌നയായി അലമുറയിട്ട് ഓടുന്ന ഒമ്പത് വയസ്സുള്ള കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രമായിരുന്നു. പുലിറ്റ്‌സർ സമ്മാനം നേടിയ ഈ ചിത്രമാണ് ഇന്നും ലോകത്തിന് മുന്നിൽ നിക് ഉട്ടിനെ അടയാളപ്പെടുത്തുന്നത്. ഫോട്ടോയെടുത്ത ശേഷം ആ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് രക്ഷിച്ച് അദ്ദേഹം മനുഷ്യ സ്‌നേഹത്തിന്റെ പ്രതീക ചിത്രവും തീർത്തു. സാഹസിക ഫോട്ടോഗ്രാഫറായി യുദ്ധത്തിൽ മൂന്നു പ്രാവശ്യം പരിക്കേറ്റ ഉട്ട്, ടോക്കിയോ, ദക്ഷിണ കൊറിയ, ഹാനോയ് എന്നിവിടങ്ങളിലെ അസോസിയേറ്റഡ് പ്രസിന്റെ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017 മാർച്ച് 29 ന് അദ്ദേഹം എ.പി.യിൽ നിന്ന് വിരമിച്ചു.

Photographer Nick Ut at talassery kannur kerala

Viral News

English summary
Photographer Nick Ut at talassery kannur kerala
topbanner

More News from this section

Subscribe by Email