Wednesday November 14th, 2018 - 8:16:am
topbanner

ഡിയര്‍ ചില്‍ഡ്രന്‍

NewsDesk
ഡിയര്‍ ചില്‍ഡ്രന്‍

അന്തര്‍ദേശീയ നാടകോത്സവം ഭാരത് രംഗ് മഹോത്സവം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍.

റുവാണ്ടയുടെയും ശ്രീലങ്കയുടെയും ഏഴ് ദശാബ്ദത്തിന്റെ ചരിത്രത്തിലൂടെ പുതിയ കാലത്തോടും പുതിയ തലമുറയിലെ മനുഷ്യരോടും സംവദിക്കുകയാണ് റുവാന്തിയുടെ ഡിയര്‍ ചില്‍ഡ്രണ്‍ സിന്‍സിയര്‍ലി എന്ന നാടകം. വംശശുദ്ധി, ദേശീയത, സ്വാതന്ത്ര്യം, ഹിംസ, പലായനം തുടങ്ങി എല്ലാ കാലത്തും എല്ലാ ദേശത്തുമുള്ള മനുഷ്യര്‍ക്ക് മനസ്സിലാകുന്ന വികാരങ്ങളാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. പ്രാചീനമായ തരംതിരിക്കലുകളില്‍ തുടങ്ങി വംശശുദ്ധിയുടെ സെന്റിമീറ്റര്‍ കൃത്യതയുള്ള ആസൂത്രണത്തിലേക്ക് പരിണമിച്ച മനുഷ്യരുടെ ഹിംസയുടെയും വംശവെറിയുടെയും ചരിത്രത്തില്‍ നിന്നും പുതുതലമുറ പഠിക്കേണ്ടതെന്താണ് എന്ന നിലപാട് ഡിയര്‍ ചില്‍ഡ്രണ്‍ സിന്‍സിയര്‍ലി എന്ന നാടകം മുന്നോട്ടുവയ്ക്കുന്നു.

ഹോട്ടല്‍ റുവാണ്ട എന്ന സിനിമയിലൂടെയും തൊണ്ണൂറ് ദിവസങ്ങള്‍കൊണ്ട് ദശലക്ഷം പേര്‍ കൊല്ലപ്പെട്ടെന്ന പേടിപ്പിക്കുന്ന വാര്‍ത്തയിലൂടെയും നമുക്ക് പരിചിതമായ റുവാണ്ടയിലെ ഹുട്ടു-ടുട്‌സി കലാപവും ശ്രീലങ്കയിലെ ദീര്‍ഘകാലം നീണ്ടുനിന്ന വംശീയപോരാട്ടവുമാണ് ഡിയര്‍ചില്‍ഡ്രണ്‍ നാടകത്തിന് പശ്ചാത്തലമൊരുക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും മനുഷ്യന്‍ ഉണ്ടാക്കിയെടുക്കുന്ന മിഥ്യാഭിമാനങ്ങള്‍ക്കപ്പുറത്ത് സഹജീവികളോട് കരുണയറ്റവരായി മാറുന്ന വംശവെറിയെക്കുറിച്ചാണ് നാടകം.

മനുഷ്യശരീരങ്ങളുടെ താളാത്മകതയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് റുവാന്തി ഡി ഷിക്കേര ഡിയര്‍ ചില്‍ഡ്രണ്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണര്‍ന്നെണീക്കുന്ന ജനതയും ദേശീയത പ്രക്ഷേപണം ചെയ്യുന്ന റേഡിയോയും പശുവും നായയുമൊക്കെ നടീനടന്‍മാരുടെ ശരീരങ്ങള്‍കൊണ്ടാണ് രംഗത്ത് അവതരിപ്പിക്കപ്പെടുന്നത്. പ്രോപ്പര്‍ട്ടീസിന്റെ ഉപയോഗം പരമാവധി കുറച്ചാണ് റുവാന്തി ഡിയര്‍ ചില്‍ഡ്രണ്‍ എന്ന നാടകം അരങ്ങിലെത്തിച്ചിരിക്കുന്നത്.

മുപ്പതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ അവസാനിക്കുന്ന രീതിയില്‍ രണ്ട് ഭാഗങ്ങിലായി പറയുന്ന കഥ മൂന്നാമതൊരങ്കത്തോടെയാണ് അവസാനിക്കുന്നത്. തലകീഴായിപ്പോയ ഒരു ലോകത്തിലിരുന്ന് പുതിയ തലമുറയോട് ചരിത്രത്തിലെ പൊറുക്കാനാകാത്ത തെറ്റുകളില്‍ നിന്നും നിങ്ങളെന്താണ് പഠിക്കേണ്ടതെന്ന് പറയുന്ന നാടകമാണ് ഡിയര്‍ ചില്‍ഡ്രണ്‍ സിന്‍സിയര്‍ലി.

ശ്രീലങ്കയിലെ സ്റ്റേജ് തീയേറ്റര്‍ ഗ്രൂപ്പും റുവാണ്ടയിലെ മഷീരിക നാടകസംഘവും ചേര്‍ന്നാണ് ഡിയര്‍ ചില്‍ഡ്രണ്‍ അരങ്ങിലെത്തിച്ചത്. ചരിത്രത്തിന്റെ അടയാളപ്പെടുത്തലല്ല മറിച്ച് പുതുതലമുറയ്ക്കുവേണ്ടിയുള്ള പുനരാവിഷ്‌കാരമാണ് തന്റെ നാടകമെന്ന് റുവാന്തി നാടകശേഷം പ്രേക്ഷകരോടായി പറഞ്ഞു.

Read more topics: Bharath Ranmahotsavu
English summary
Bharath Ranmahotsavu
topbanner

More News from this section

Subscribe by Email