Wednesday September 26th, 2018 - 6:32:am
topbanner

27.26 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി

NewsDesk
27.26 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം, പെരുമാതുറ ബീച്ച് എന്നിവ ഉള്‍പ്പെടെ 27.26 കോടിയുടെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി പട്ടികജാതി-പിന്നാക്കക്ഷേമ-ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. നെയ്യാര്‍ഡാം ടൂറിസ്റ്റ് കേന്ദ്ര വികസനത്തിന് 4.65 കോടിയുടെയും പെരുമാതുറ ബീച്ചിന് മൂന്ന് കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് അനുമതി നല്കിയത്.

തലസ്ഥാന നഗരിയിലെ മതിലുകള്‍ ചിത്രകലയിലൂടെ അലങ്കരിക്കുന്ന ആര്‍ട്ടേറിയ പദ്ധതിക്ക് 37 ലക്ഷം രൂപയും കോവളം ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് 57.35 ലക്ഷം രൂപയുടെ പദ്ധതിക്കും അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. അനുമതി നല്‍കിയ മറ്റ് പ്രധാന ടൂറിസം പദ്ധതികള്‍ ഇവയാണ്.

കോഴിക്കോട് സരോവരം ബയോപാര്‍ക്ക് പുനരുദ്ധാരണം (57.35 ലക്ഷം), ബാലുശേരി ടൂറിസം കോറിഡോര്‍ നവീകരണം (50 ലക്ഷം), ബേപ്പൂര്‍ ടൂറിസ്റ്റ് കേന്ദ്ര വികസനം (47 ലക്ഷം), കാപ്പാട് തൂവപ്പാറ ബീച്ച് വികസനം (36.25 ലക്ഷം), തൃശൂര്‍ ജില്ലയിലെ വിലങ്ങംകുന്ന് ടൂറിസ്റ്റ് കേന്ദ്ര വികസനം (രണ്ട് കോടി), അതിരപ്പള്ളിയില്‍ യാത്രി നിവാസ് നിര്‍മ്മാണം (അഞ്ച് കോടി), വഞ്ചിവീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ട്രാക്കിംഗ് സംവിധാനമൊരുക്കല്‍ (1.60 കോടി), കൊല്ലത്തെ തങ്കശേരി ബേക്ക് വാട്ടര്‍ ടൂറിസം വികസം (2.50 കോടി), ആലുവായ്ക്കു സമീപത്തെ പരുന്തുറാഞ്ചി ദ്വീപിലെ പരിസ്ഥിതി ടൂറിസം വികസനം (66.50 ലക്ഷം), മലപ്പുറം ജില്ലയിലെ തിരൂര്‍ ടൂറിസം പദ്ധതി വികസനം (ഒരു കോടി), ചേറുമ്പ് പരിസ്ഥിതി ടൂറിസം ഗ്രാമത്തിന്റേയും കേരളാംകുണ്ട് വെള്ളച്ചാട്ട ടൂറിസം പദ്ധതിയുടേയും വികസനം (ഒരു കോടി), വിസിറ്റ് കേരള കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ട് വ്യത്യസ്ത ഓണ്‍ലൈന്‍ ഗയിം പരിപാടികള്‍ക്കായി (90 ലക്ഷം), എന്നിവയ്ക്കു പുറമെ വിവിധ ടൂറിസം പ്രചാരണ പരിപാടികള്‍ക്കായി 1.10 കോടി രൂപയുടെ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി.

കേരളത്തിലെ ക്ഷേത്രങ്ങളെയും വന്യമൃഗങ്ങളേയും സംബന്ധിച്ചുള്ള ഡോക്കുമെന്ററി ഫിലിമുകളുടെ നിര്‍മ്മാണവും ഇതിലുള്‍പ്പെടുന്നു. നെയ്യാര്‍ ഡാം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Read more topics: kerala tourism
English summary
27.6 crores kerala tourism project sanctioned
topbanner

More News from this section

Subscribe by Email