തൃശൂര്‍: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിഅമ്മ (92) നിര്യാതയായി. മണ്ണുത്തിയിലുള്ള വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്.
1956ല്‍ ആയിരുന്നു വൈലോപ്പിള്ളിയുമായുള്ള വിവാഹം. തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഭാനുമതി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി കോഴിക്കോട് നിന്നാണ് വിരമിച്ചത്..
മക്കള്‍: വൈദ്യരത്നം ആയുര്‍വേദ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീകുമാര്‍, ഡോ. വിജയകുമാര്‍ (ഹരിശ്രീ ഹോമിയോ ആശുപത്രി മണ്ണുത്തി). മരുമക്കള്‍: ഡോ. ശ്രീകല (ഗവ.ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, വടക്കുഞ്ചേരി താലൂക്ക് ആശുപത്രി), ഡോ.ബിന്ദു (മാറ്റാമ്പുറം ഗവ: ഹോമിയോ ഡിസ്പെന്‍സറി). സാഹിത്യ അക്കാഡമിക്ക് വേണ്ടി പ്രസിഡന്റ് വൈശാഖന് പുഷ്പചക്രം സമര്‍പ്പിച്ചു. സാഹിത്യരാഷ്ര്ടീയസാമൂഹ്യരംഗത്തെ നിരവധി പേര് അന്ത്യാഞ്ജലികളര്‍പ്പിച്ചു. മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിച്ചു.