Sunday November 18th, 2018 - 1:00:am
topbanner

ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപക ടിപി രാധാമണി അന്തരിച്ചു

NewsDesk
ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപക ടിപി രാധാമണി അന്തരിച്ചു

തിരുവനന്തപുരം: റേഡിയോ നാടകങ്ങളിലൂടെ പ്രേക്ഷക ലോകത്തിന് ചിര പരിചിതയായ ടിപി രാധാമണി അന്തരിച്ചു. ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ടിപി രാധാമണിയെ അറിയാത്ത റേഡിയോ പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല.

ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല കലാകാരിയായിരുന്നു അവര്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയില്‍  വച്ചാണ് മരണം സംഭവിച്ചത്. 84 വയസ്സായിരുന്നു.

ശബ്ദവിന്യാസ വൈവിധ്യമാണ് റേഡിയോ നാടകങ്ങളിലും ശബ്ദ പ്രക്ഷേപണകലയിലും അവരെ പതിറ്റാണ്ടുകളോളം ജനപ്രിയയായി നിര്‍ത്തിയത്. ആകാശവാണിയിലെ പ്രക്ഷേപണ കലാകാരനും നടനും കവിയുമായ പരേതനായ പി.ഗംഗാധരന്‍നായരുടെ ഭാര്യയാണ്.

1950-ല്‍ ആകാശവാണിയില്‍ ചേര്‍ന്ന രാധാമണി 43 വര്‍ഷത്തെ സേവനത്തിനു ശേഷം 1993-ലാണ് വിരമിച്ചത്. ദേവികന്യാകുമാരി, ഏണിപ്പടികള്‍, ലൈലാ മജ്നു, ശ്രീഗുരുവായൂരപ്പന്‍, പ്രിയമുള്ള സോഫിയ, ശാലിനി എന്റെ കൂട്ടുകാരി, കള്ളന്‍ പവിത്രന്‍, കേള്‍ക്കാത്ത ശബ്ദം, നവംബറിന്റെ നഷ്ടം, പോക്കുവെയില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശബ്ദം നല്കിയിട്ടുണ്ട്.

ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. കണ്ണകി എന്ന റേഡിയോ നാടകമാണ് അവരെ ആ രംഗത്ത് ഏറെ പ്രശസ്തയാക്കിയത്.

സിനിമാ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്കുന്ന ഡബ്ബിങ്ങിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാലത്താണ് രാധാമണി തനിമയാര്‍ന്ന ശബ്ദത്തിലൂടെ ഈ മേഖലയില്‍ സ്ഥാനമുറപ്പിച്ചത്.

അഭിനയത്തിന്റെയും ഡബ്ബിങ്ങിന്റെയും മേഖലയില്‍ പേരെടുത്ത കുടുംബമാണ് രാധാമണിയുടേത്. ആകാശവാണിയില്‍ ബാലലോകം അമ്മാവനായി അറിയപ്പെട്ട ഭര്‍ത്താവ് പി.ഗംഗാധരന്‍നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. പല പല നാളുകള്‍ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങി... എന്ന ബാലകവിത അദ്ദേഹത്തിന്റേതാണ്.

മക്കളായ ആര്‍.ചന്ദ്രമോഹന്‍, എസ്.ബി.ഐ. ജീവനക്കാരനായ ജി.ആര്‍.നന്ദകുമാര്‍, മരുമകള്‍ അമ്പിളി എന്നിവരും ഡബ്ബിങ് മേഖലയില്‍ പ്രശസ്തരാണ്. ജി.ആര്‍.ശ്രീകല (റിട്ട. ചീഫ് മാനേജര്‍ എസ്.ബി.ടി.), ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകനും പ്രോഗ്രാം എക്സിക്യുട്ടീവുമായ ജി.ആര്‍.കണ്ണന്‍ എന്നിവരാണ് മറ്റു മക്കള്‍.

ദൂരദര്‍ശന്‍ വാര്‍ത്താവതാരക ഹേമലത, പരേതനായ പ്രദീപ് കുമാര്‍, ലൗലിക്കുട്ടി പോള്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്) എന്നിവര്‍ മരുമക്കളാണ്. ശവസംസ്‌കാരം വെള്ളിയാഴ്ച ശാന്തികവാടത്തില്‍.

Read more topics: Radio, T P Radhamani
English summary
Radio voice veteran T P Radhamani dies
topbanner

More News from this section

Subscribe by Email