കോട്ടയം: സി.എം.എസ് കോളേജ് പ്രിന്‍സിപ്പലും സാമ്പത്തിക വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. പി. റ്റി. എബ്രഹാം (88) നിര്യാതനായി. കോളേജിന്റെ ആധുനിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച് നാലു പതിറ്റാണ്ട് കോളേജില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1983-90 വര്‍ഷങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. പരേതന് കാനം പയ്യംപള്ളില്‍ കുടുംബാംഗവും ഭാര്യ ലീലാമ്മ കോട്ടയം മുണ്ടുചിറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ പരേതനായ എബ്രഹാം തോമസ്, എബ്രഹാം പി. മാത്യു (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍), പ്രേമോള്‍ ജോസഫ്. മരുമക്കള്‍: സാലി, ഡോ. അനുജ തോമസ് (സി.എം.എസ് കോളേജ്), ജോസഫ് റെജി (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്).
മൃതദേഹം അണ്ണാന് കുന്നിലുള്ള പയ്യംപള്ളി വസതിയില്‍. വെള്ളിയാഴ്ച രാവിലെ 11.00 ന് ഭവനത്തിലെ മരണാനന്തര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 11.30 മുതല്‍ 1.00 മണി വരെ സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.00 ന് കാനം സെന്റ് ജയിംസ് സി.എസ്.ഐ പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സി.എസ്.ഐ മോഡറേറ്റര്‍ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കുടുംബകല്ലറയില്‍ സംസ്ക്കരിക്കും.
യു.ജി.സി പതിനൊന്നാം പദ്ധതി നിര്‍വ്വഹണത്തിനുള്ള എക്സ്പേര്‍ട്ട് സമിതി അംഗമായി 2006 മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചു. കോളേജുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിനും, ഓട്ടോണമി നല്കുന്നതിനുമുള്ള യു.ജി.സി സമിതികളില്‍ അംഗമായിരുന്നു. നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്സ്പെക്ഷന് ടീമംഗവുമായിരുന്നു. ഡിന്‍ഡിഗല്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീംഡ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സിലില്‍ ചാന്‍സലറായ ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ നോമിനിയായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളേജ് തുടങ്ങി നിരവധി കേളേജുകളിലെ ഗവേണിംഗ് കൗണ്‍സില്‍ അംഗമായിരുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷനില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
റിട്ടയര്‍മെന്റിനു ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡവലപ്മെന്റ് എന്ന സ്ഥാപനത്തിന് നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും ഇന്റര്‍വ്യൂകളില്‍ മികവ് പുലര്‍ത്തുവാനുള്ള പരിശീലനം നല്കി. സി.എസ്.ഐ ഡയോസിസ് കൗണ്‍സിലംഗം, എക്സിക്യൂട്ടീവ് സമിതിയംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. അന്തരിച്ച മുന്‍ പ്രസിഡന്റ് കെ. ആര്. നാരായണന്, പ്രൊഫ. ഇ. സി. ജി. സുദര്ശന് തുടങ്ങി വ്യത്യസ്ത മേഖലകളിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.