Tuesday May 22nd, 2018 - 10:55:pm
topbanner

യാക്കോബായ ഓര്‍ത്തഡോക്സ്‌ സഭാ തര്‍ക്കങ്ങളില്‍ സമാധാന നിര്‍ദ്ദേശങ്ങളുമായി യാക്കോബായ അല്‍മായ ഫോറം

suvitha
യാക്കോബായ ഓര്‍ത്തഡോക്സ്‌ സഭാ തര്‍ക്കങ്ങളില്‍ സമാധാന നിര്‍ദ്ദേശങ്ങളുമായി യാക്കോബായ അല്‍മായ ഫോറം

കോട്ടയം: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ, പരിശുദ്ധ കാതോലിക്ക ബാവ, ശ്രേഷ്ഠ കാതോലിക്ക ബാവ എന്നിവര്‍ക്ക് യാക്കോബായ അല്‍മായ ഫോറം പ്രസിഡന്‍റും, സുവിശേഷ വക്താവുമായ പോള്‍ വര്‍ഗീസ് സമാധാന ശ്രമങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തയച്ചു. വരും ദിവസങ്ങളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയും,പരിശുദ്ധ കാതോലിക്ക ബാവയും നേരിട്ട് ചര്‍ച്ചകള്‍ നടത്തണമെന്നാണ് സഭയിലെ ഭൂരിഭാഗം വിശ്വാസികളുടെ ആഗ്രഹം. ഇരു വിഭാഗത്തിലെയും നിരവധി വ്യക്തികളുടെയും, മെത്രാപ്പോലീത്തമാരുടെയും, വൈദീകരുടെയും, വിശ്വാസികളുടെയും ആഗ്രഹമാണ് അല്‍മായ ഫോറം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്...

യാക്കോബായ-ഒാർത്തഡോക്സ് സഭാ തർക്കം ഒരു നൂറ്റാണ്ടിലധികം പഴക്കമുളളതാണ്. ഇതിനിടയിൽ നൂറ് കണക്കിന് കോടതി വിധികളും നിരവധി പളളികളിലെ സംഘർഷങ്ങളും എല്ലാം നിറഞ്ഞ സങ്കീർണമായ അവസ്ഥയിൽ അവസാനം സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നു. വിധിയെ ഒാർത്തഡോക്സ് സഭ സ്വാഗതം ചെയ്യുമ്പോൾ യാക്കോബായ സഭ തളളിപറയുന്നു. ഇവിടെയാണ് ഒരു സമാധാനശ്രമത്തിന്റെ ആവശ്യമുളളത്. ലക്ഷകണക്കിന് ജനം സുപ്രീം കോടതി വിധിയിൽ ആശങ്കാകുലരായി വെളിയിൽ നിൽക്കുന്നു. ഇവിടെ പ്രസക്തമായ കാര്യം മലങ്കരയിലെ നാനൂറോളം പളളികളിൽ ഒരൊറ്റ ഒാർത്തഡോക്സ് വിശ്വാസി പോലുമില്ലെന്നതാണ്. അപ്പോൾ പിന്നെ ഇൗ പളളികളിൽ എങ്ങനെയാണ് ഇൗ കോടതി വിധി നടപ്പാക്കുക എന്നതാണ് സമാധാന നീക്കങ്ങൾക്ക് പ്രസക്തി വർധിപ്പിക്കുന്നത്.

ഇരുവിഭാഗത്തേയും തീവ്ര നിലപാടുകാർ ഏത് വിധേയനയും തങ്ങളുടെ നിലപാടുകൾ വിജയിപ്പിച്ചെടുക്കുമെന്ന വാശിയിലാണ്.ഇൗ നിലപാടുകാർക്ക് പിന്തുണയും ഉത്തേചനവുമായി ഇരു ഭാഗത്തും മെത്രാന്മാരും നേതാക്കളുമുണ്ട്. ഇവർക്കെല്ലാം സ്വാർഥ താത്പര്യങ്ങളുമുണ്ട്. വിശ്വാസികൾ തമ്മിൽ തല്ലി മരിക്കുന്നതിനും രക്ത സാക്ഷികളെ സൃഷ്ടിക്കുന്നതിനുമുളള ഇൗ നീക്കത്തിന് പിന്നിൽ സാമ്പത്തീക രാഷ്ട്രീയ മുതലെടുപ്പുകളുണ്ട്. ഒരു നൂറ്റാണ്ടിലധികം പഴക്കമുളള ഇൗ തർക്കം അവസാനിപ്പിക്കേണ്ടത് ഇരു സഭകളുടേയും ആവശ്യം മാത്രമല്ല കൈ്രസ്തവ സമൂഹത്തിന്റെ താത്പര്യം കൂടിയാണ്. ഒറ്റ ദിവസം കൊണ്ട് ഇൗ തർക്കം അവസാനിപ്പിക്കാനും ആലിംഗനം ചെയ്യാനും കഴിയില്ലെന്ന് വ്യക്തമാണ്. എന്നാലും ദൈവകൃപയിൽ ആശ്രയിച്ച് ചർച്ച ചെയ്താൽ പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങളില്ല.

അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബ് വർഷിച്ചപ്പോൾ പിടഞ്ഞുവീണ് മരിച്ചത് ലക്ഷങ്ങളാണ്. ഇൗ രാജ്യങ്ങൾ തമ്മിലും ഇപ്പോൾ നയതന്ത്ര ബന്ധങ്ങളും വ്യാപാര ബന്ധങ്ങളും ഉണ്ട്.യേശുക്രിസ്തുവിന്റെ സഭയിൽ മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് വിശ്വസിക്കുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവയും മെത്രാന്മാരും ഒാർത്തഡോക്സ് സഭയിലെ പരിശുദ്ധ കാതോലിക്ക ബാവയും മെത്രാന്മാരും ഭരണ സമിതിയുമുണ്ട്. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളും കുറ്റങ്ങളും പോസ്റ്റ്മാർട്ടം ചെയ്യുന്നതാകരുത് ഇത്തരം ചർച്ചകൾ. മലങ്കരയിൽ ഒരു സഭയും ഒരു പാത്രിയർക്കീസും ഒരു കാതോലിക്കയും എന്നതാകണം ചർച്ചയുടെ പരമ ലക്ഷ്യം. ഇരു വിഭാഗമായി പിരിയാൻ സുപ്രീം കോടതി വിധി അനുവദിക്കുന്നില്ല. അങ്ങനെ പിരിയാമെന്ന് ഇരു സഭകൾക്കും ഇനി തീരുമാനിക്കാനും കഴിയില്ല.

മലങ്കര സഭയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ സഭയുടെ ആത്മീയ മേലധ്യക്ഷനായിരിക്കണമെന്ന് യാക്കോബായക്കാരും ഒാർത്തഡോക്സുകാരിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയല്ലായിരുന്നുവെങ്കിൽ എത്രയോ കൊല്ലങ്ങൾക്ക് മുമ്പ് പരിശുദ്ധ പാത്രിയർ്ക്കീസ് ബാവയുടെ നാമം 1934 ഭരണഘടനയിൽ നിന്നും നീക്കം ചെയ്യുമായിരുന്നു. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ തീരുമാനങ്ങളാണ് യാക്കോബായ സഭയിൽ ജനം പ്രതീക്ഷിക്കുന്നതെന്ന് ഇൗ കോടതി വിധിയോടെ പൊതു സമൂഹത്തിന് ബോധ്യപ്പെട്ടു. ലക്ഷകണക്കിന് ജനം ഇൗ വിധിക്കെതിരെ പ്രതിഷേധം ഉയർത്തേണ്ടതാണ്. എന്നാൽ 2014 ലെ ശൈ്ലഹിക സന്ദർശന സമയത്ത് പരിശുദ്ധ പാത്രിയർക്കീ്സ് ബാവ ഒാർത്തഡോക്സ് സഭയെ "സഹോദരങ്ങൾ" എന്ന് വിശേഷിപ്പിച്ചത് ജനം മറന്നിട്ടില്ല.

കോടതി വിധിക്ക് ശേഷം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മൗനം യോജിപ്പിനുളള ആഹ്വാനമായി ജനം അംഗീകരിച്ചു. എന്നാൽ യാക്കോബായ സഭയിൽ ചെറിയ വിഭാഗം ഇതിനെതിരായിട്ടുണ്ട്. യോജിക്കുന്ന സഭയിൽ തങ്ങളുടെ സ്ഥാനമെന്തായിരിക്കുമെന്നുമുളള പുതുതായി വാഴിക്കപ്പെട്ട മെത്രാപ്പോലീത്തമാരുടെ ആശങ്കകളാണ് ഇൗ എതിർപ്പിന് കാരണം. സാധാരണ വിശ്വാസികളെ കോടതി വിധി ഒരു നിലക്കും ബാധിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പൂർവ പിതാക്കന്മാരുടെ ഒാർമകളും വിശ്വാസ ആചാരങ്ങളും നിലനിർത്തേണ്ടതിന് പരിശുദ്ധ പാത്രിയർക്കീസ് ബാവയെ വേണം. തങ്ങളുടെ മാതാപിതാക്കന്മാരും പൂർവീകരും കബറടങ്ങിയ പളളി സെമിത്തേരികളിൽ അന്തിയുറങ്ങണം. ഇങ്ങനെയുളള ചില ആശങ്കകൾ മാത്രമാണ് അവർക്കുളളത്. ഇൗ സാഹചര്യത്തിൽ സഭയിൽ ശാശ്വത സമാധാനത്തിനായി ഇരു സഭാ നേതൃത്വങ്ങളും ഗൗരവപൂർവമായി ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

1) പരിശുദ്ധ പാത്രിയർക്കീ്സ് ബാവക്ക് 1934 ഭരണഘടനയിലെ അധികാരങ്ങൾ നിലനിർത്തുക. വിശുദ്ധ മൂറോൻ കൂദാശയിലും പരിശുദ്ധ കാതോലിക്ക ബാവയുടെ വാഴ്ചയിലും പരി.പാത്രിയർക്കീസ് ബാവയുടെ സാന്നിധ്യം ഉറപ്പ് വരുത്തുക.
2) ഒരു പാത്രിയർക്കീസും ഒരു കാതോലിക്കയും ഒരു കാതോലിക്കേറ്റും മാത്രമായി മലങ്കര സഭ അറിയപ്പെടുക.
3) 90 വയസായ ശ്രേഷ്ഠ കാതോലിക്ക ബാവയെ രാജോചിതമായ രീതിയിൽ വിരമിക്കാൻ അനുവദിക്കുക
4) യാക്കോബായ സഭയിലെ സീനിയർ മെത്രാപ്പോലീത്തമാരെ(2000 ന് മുമ്പ് വാഴിക്കപ്പെട്ടവർ) അർഹിക്കുന്ന പരിഗണനയോടെ അതാത് ഭദ്രാസനങ്ങളിൽ നിലനിർത്തുക

5) സുസ്താത്തിക്കോൻ(അധികാര പത്രം) ഉളള മെത്രാപ്പോലീത്തമാരെ സഹായ മെത്രാപ്പോലീത്തമാരാക്കുക
6) അധികാര പത്രം ഇല്ലാത്ത മെത്രാപ്പോലീത്തമാരെ എപ്പിസ്കോപ്പമാരായി മലങ്കര സഭയിലെ പ്രസ്ഥാനങ്ങളിലും ദയറാകളിലും മറ്റും ഉചിതമായ സ്ഥാനത്ത് നിയമിക്കുക
7) മുഴുവൻ വൈദീകരേയും ഉൾകൊളളുക. കൂട്ടത്തിൽ സെമിനാരി പരിശീലനമില്ലാത്ത ജൂണിയർ വൈദീകരെ സെമിനാരി പരിശീലനം നൽകി സഹ വികാരിമാരാക്കുക
8) ആദ്യ അഞ്ച് വർഷം കഴിയുന്നിടത്തോളം യാക്കോബായ പളളികളിൽ യാക്കോബായ വൈദീകരെ നിയമിക്കുക
9) പ്രശ്നബാധിതമായ പളളികളിൽ ഒരു വിഭാഗം പുതിയ ചാപ്പൽ വക്കുകയോ മറ്റോ ചെയ്താൽ അത് സ്വതന്ത്ര ട്രസ്റ്റുകളായി നിലനിർത്താൻ പാടില്ല. ഒന്നുകിൽ സിംഹാസന പളളികളായോ പൗരസ്ത്യ സുവിശേഷ സമാജം പളളികളായോ മാത്രം നിലനിർത്താൻ അനുവദിക്കുക

10) വിദേശ ഭദ്രാസനങ്ങളിൽ സിറിയൻ ഒാർത്തഡോക്സ് സഭയുടെ കീഴിലോ മലങ്കര സഭയുടെ കീഴിലോ നിൽക്കാൻ വിശ്വാസികളെ അവരുടെ താത്പര്യം പോലെ അനുവദിക്കുക
11) മലങ്കര സഭയിൽ നിൽക്കാൻ താത്പര്യമില്ലാത്ത മെത്രാപ്പോലീത്തമാർക്ക് സിംഹാസന പളളികളിലേക്ക് മാറാൻ അവസരം കൊടുക്കുക
12) 1064 പളളികളിൽ പെടാത്ത പളളികൾ സിംഹാസന പളളികളായോ പൗരസ്ത്യ സുവിശേഷ സമാജം പളളികളായോ മലങ്കര സഭയിലോ ചേരാൻ അവരുടെ താത്പര്യമനുസരിച്ച് അനുവദിക്കുക

13) സിംഹാസന പളളികളുടെയും പൗരസ്ത്യ സുവിശേഷ സമാജത്തിന്റെയും മെത്രാപ്പോലീത്തമാർ മലങ്കര മെത്രാപ്പോലീത്തയുടെ അനുമതിയോടെ മാത്രമേ മലങ്കര സഭയുടെ പളളികളിൽ പ്രവേശിക്കുവാൻ പാടുളളൂ.ഇതിന്റെ പേരിൽ ഭാവിയിൽ വിഭാഗീയത വളരാൻ ഇടം കൊടുക്കരുത്.
14) ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഭാവിയിൽ ഒഴിവ് വരുമ്പോൾ യോഗ്യരായ യാക്കോബായ മെത്രാപ്പോലീത്തമാരെ പരിഗണിക്കുക

ഇരു സഭകളും യോജിക്കുമ്പോൾ അത് വലിയൊരു ശക്തിയാണെന്ന ബോധ്യം ഇരു നേതൃത്വങ്ങൾക്കുമുണ്ടായാൽ കാര്യങ്ങൾ എളുപ്പമാകും. വൈകാരികതക്ക് അടിമപ്പെടാതെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനറിയുന്നവർ ഇതിന് മുന്നിട്ടിറങ്ങിയാൽ കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കഴിയും. യാക്കോബായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കെട്ടുറപ്പുളള ഏകീകൃത സംഭയുടെ ഭാഗമാകുന്നതാണ് ഗുണകരം. 2002 ൽ സഭ രൂപീകൃതമായതു മുതൽ കണക്കോ ബഡ്ജറ്റോ തെരഞ്ഞെടുപ്പോ ഇല്ലാതെ ഇനിയും എത്ര നാൾ മുന്നോട്ട് പോകാൻ കഴിയും..? അതിനുളള തിരിച്ചറിവാകണം ഇൗ കോടതി വിധി.. കോടതി വിധിയിൽ അഹങ്കരിക്കാതെ തോറ്റവർക്ക് ഹസ്തദാനം ചെയ്യാനുളള മനസ് ഒാർത്തഡോക്സ് വിഭാഗം കാണിക്കുമങ്കിൽ അവിടെ തീരും തർക്കങ്ങൾ.

Read more topics: kottayam, yakobaya, orthodox, sabha,
English summary
yakobaya orthodox sabha: yakobaya almaya forum

More News from this section

Subscribe by Email